ഹെെദരാബാദ്:ചെന്നെെ സൂപ്പര്‍ കിങ്സിന്‍റെ ഫാസ്റ്റ് ബൗളർ ജോഷ് ഹെയ്‌സൽവുഡ് ഐപിഎല്ലില്‍ നിന്നും പിന്മാറിയെന്ന വാര്‍ത്ത വ്യാഴാഴ്‌ചയാണ് പുറത്ത് വന്നത്. ഏറെ നാളായി ബയോ ബബിളിൽ തുടരുന്നതിന്‍റെ പ്രശ്നങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയായിയുന്നു താരത്തിന്‍റെ പിന്മാറ്റം. എന്നാല്‍ വുഡിന്‍റെ പിന്മാറ്റത്തിന് മറ്റൊരു കാരണമാണെന്നാണ് ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലെ കണ്ടെത്തല്‍. അവര്‍ പറയുന്നത് പ്രകാരം വുഡിന്‍റെ പിന്മാറ്റത്തിന് പിന്നില്‍ മറ്റൊരു ചെന്നൈ താരമായ ഇന്ത്യൻ ബാറ്റ്സ്മാൻ ചേതേശ്വർ പുജാരയാണ്.
വുഡിന്‍റെ പിന്മാറ്റത്തിന് പിന്നില്‍ പുജാര?; 'ഗിയര്‍' മാറ്റം ആഘോഷിച്ച് സോഷ്യല്‍ മീഡിയ - ജോഷ് ഹെയ്‌സൽവുഡ്
പുജാരയ്‌ക്കെതിരെ പന്തെറിയുന്നത് നിരാശാജനകമാണെന്ന് ബോര്‍ഡര്‍- ഗവാസ്ക്കര്‍ ട്രോഫിക്കിടെ ഹെയ്‌സൽവുഡ് പറഞ്ഞിരുന്നു.
ഇതിന് പിന്നില്‍ വളരെ രസകരമായ കാരണമാണ് ഇവര്‍ക്ക് പറയാനുള്ളത്. പുജാരയ്‌ക്കെതിരെ പന്തെറിയുന്നത് നിരാശാജനകമാണെന്ന് ബോര്‍ഡര്‍- ഗവാസ്ക്കര്‍ ട്രോഫിക്കിടെ ഹെയ്‌സൽവുഡ് പറഞ്ഞിരുന്നു. എത്ര വേഗത്തില്‍ പന്തെറിഞ്ഞാലും അനായാസം പ്രതിരോധിക്കുന്ന താരത്തിന്‍റെ മികവാണ് ഓസീസ് ബൗളറെ നിരാശനാക്കിയതിന് പിന്നില്‍. എന്നാല്‍ ടെസ്റ്റിൽ പ്രതിരോധത്തിലൂന്നി പതിഞ്ഞ താളത്തില്‍ കളിക്കുന്ന പുജാര നെറ്റ്സിൽ 'ഗിയര്‍' മാറ്റി ബൗളർമാരെ തലങ്ങും വിലങ്ങും പറത്തുന്ന വീഡിയോ കഴിഞ്ഞ ദിവസം വെെറലായിരുന്നു.
ഇതോടെ പുജാരയ്‌ക്കെതിരെ നെറ്റ്സില്‍ പന്തെറിയാന്‍ ഭയപ്പെട്ടാണ് വുഡിന്‍റെ പിന്മാറ്റമെന്നാണ് സാമൂഹിക മാധ്യമങ്ങള്‍ പറയുന്നത്. ഇതുസംബന്ധിച്ച് നിരവധി ട്രോളുകളും മീമുകളുമാണ് ട്വിറ്ററില്‍ ഉള്‍പ്പെടെ പ്രചരിക്കുന്നത്. അതേസമയം 50 ലക്ഷം രൂപയ്ക്കാണ് പുജാരയെ ചെന്നെെ ടീമിലെത്തിച്ചത്. എന്നാല്‍ ഐപിഎല്ലിന്‍റെ ഈ സീസണില്‍ നിന്നും പിന്മാറുന്ന മൂന്നാമത്തെ ഓസീസ് താരമാണ് ഹെയ്‌സൽവുഡ്. നേരത്തെ ബാംഗ്ലൂരിന്‍റെ ജോഷ് ഫിലിപ്പ്, ഹൈദരാബാദിന്‍റെ മിച്ചൽ മാർഷ് എന്നിവർ പിന്മാറിയിരുന്നു.