കേരളം

kerala

ETV Bharat / sports

IPL 2023 | 'കളിക്കുമെന്ന് അറിഞ്ഞത് ടോസിന് തൊട്ടുമുന്‍പ്' ; മുംബൈക്കെതിരായ പോരാട്ടത്തില്‍ അവസരം ലഭിച്ചതിനെക്കുറിച്ച് അജിങ്ക്യ രഹാനെ - അജിങ്ക്യ രഹാനെ ഐപിഎല്‍ 2023

ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് കളിച്ച ആദ്യ രണ്ട് മത്സരങ്ങളിലും അജിങ്ക്യ രഹാനെയ്‌ക്ക് അവസരം ലഭിച്ചിരുന്നില്ല. മുംബൈ ഇന്ത്യന്‍സിന് എതിരായ മത്സരത്തില്‍ ചെന്നൈക്ക് വേണ്ടി അരങ്ങേറ്റം നടത്തിയ രഹാനെ 27 പന്തില്‍ 61 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു

ajinkya rahane  ajinkya rahane about his csk selection  ajinkya rahane csk  ajinkya rahane ipl 2023  IPL 2023  IPL  അജിങ്ക്യ രഹാനെ  ചെന്നൈ സൂപ്പര്‍ കിങ്‌സ്  അജിങ്ക്യ രഹാനെ ഐപിഎല്‍ 2023  മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സ്
Ajinkya Rahane

By

Published : Apr 9, 2023, 12:03 PM IST

മുംബൈ :ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സ് പോരാട്ടത്തില്‍ ആരാധകര്‍ക്ക് വെടിക്കെട്ട് ബാറ്റിങ് വിരുന്നായിരുന്നു വെറ്ററന്‍ ബാറ്റര്‍ അജിങ്ക്യ രഹാനെ സമ്മാനിച്ചത്. ആദ്യ ഓവറില്‍ ഡെവോണ്‍ കോണ്‍വെ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ രഹാനെ തുടക്കം മുതല്‍ തന്നെ തകര്‍പ്പന്‍ അടികളുമായി കളം നിറഞ്ഞു. മുംബൈ ബോളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചകറ്റിയ രഹാനെ 19-ാം പന്തില്‍ അര്‍ധ സെഞ്ച്വറിയും നേടിയിരുന്നു.

ഈ സീസണിലെ അതിവേഗ അര്‍ധ സെഞ്ച്വറി സ്വന്തമാക്കിയ രഹാനെ 61 റണ്‍സ് നേടിയാണ് പുറത്തായത്. 27 പന്ത് നേരിട്ട രഹാനെ വാങ്കഡേയില്‍ ഏഴ് ഫോറും മൂന്ന് സിക്‌സറും പറത്തി. എട്ടാം ഓവര്‍ പന്തെറിഞ്ഞ മുംബൈയുടെ പിയുഷ് ചൗളയാണ് മത്സരത്തില്‍ രഹാനെയുടെ വിക്കറ്റ് നേടിയത്.

എന്നാല്‍, മുംബൈ ഇന്ത്യന്‍സിനെതിരായ പോരാട്ടത്തിന് മുന്‍പ് തയ്യാറാക്കിയിരുന്ന ഒരു പദ്ധതിയില്‍പ്പോലും രഹാനെയ്‌ക്ക് സ്ഥാനമുണ്ടായിരുന്നില്ല. മൊയീന്‍ അലിക്ക് പകരം യാദൃശ്ചികമായാണ് താരം പ്ലെയിങ് ഇലവനിലേക്ക് എത്തിയതും തുടര്‍ന്ന് വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയതും. ഇക്കാര്യം മത്സരശേഷം അജിങ്ക്യ രഹാനെ വ്യക്തമാക്കിയിരുന്നു.

'ടോസിന് തൊട്ടുമുന്‍പായിരുന്നു ഇറങ്ങണമെന്ന വിവരം കോച്ച് ഫ്ലെമിങ് എന്നോട് പറഞ്ഞത്. മൊയീന്‍ അലിക്ക് സുഖമില്ലാത്തിനാലായിരുന്നു ആ തീരുമാനം. എന്നാല്‍ ഇന്ന് ലഭിച്ച അവസരം ആസ്വദിച്ച് മുതലാക്കാന്‍ എനിക്ക് സാധിച്ചു.

കഴിഞ്ഞ ആഭ്യന്തര സീസണിലും എനിക്ക് നല്ലതുപോലെ കളിക്കാന്‍ കഴിഞ്ഞിരുന്നു. ടൈമിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കളിക്കാനായിരുന്നു ഞാന്‍ ശ്രമിച്ചത്' - രഹാനെ പറഞ്ഞു.

ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണിയും പരിശീലകന്‍ സ്റ്റീവ് ഫ്ലെമിങ്ങും നല്‍കിയ പിന്തുണയ്‌ക്കും രഹാനെ നന്ദി അറിയിച്ചു. 'ഐപിഎല്‍ ഒരു വലിയ ടൂര്‍ണമെന്‍റാണ്. എപ്പോഴായിരിക്കും നിങ്ങള്‍ക്ക് അവസരം ലഭിക്കാന്‍ പോകുന്നതെന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ല.

താരങ്ങള്‍ക്ക് എല്ലാവിധ സ്വാതന്ത്ര്യവും നല്‍കുന്ന രണ്ട് പേരാണ് മാഹി ഭായും ഫ്ലെമിങ്ങും. സൂപ്പര്‍ കിങ്‌സില്‍ ജോയിന്‍ ചെയ്‌തതിന് പിന്നാലെ സീസണിന് മുന്നോടിയായി നല്ല രീതിയില്‍ തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് മാഹി ഭായി എന്നോട് പറഞ്ഞിരുന്നു' - അജിങ്ക്യ രഹാനെ കൂട്ടിച്ചേര്‍ത്തു.

താന്‍ എപ്പോഴും കളിക്കാന്‍ ഇഷ്‌ടപ്പെടുന്ന ഗ്രൗണ്ടാണ് വാങ്കഡെയെന്നും രഹാന പറഞ്ഞു. 'വാങ്കഡെയില്‍ കളിക്കുന്നത് എപ്പോഴും ഞാന്‍ ആസ്വദിക്കാറുണ്ട്. ഇവിടെ ഞാന്‍ ഒരു ടെസ്റ്റ് മത്സരം കളിച്ചിട്ടില്ല. ഇവിടെയൊരു ടെസ്റ്റ് മത്സരം കളിക്കാന്‍ എനിക്ക് ആഗ്രഹമുണ്ട്' - താരം വ്യക്തമാക്കി.

More Read:IPL 2023 | മിന്നല്‍ അര്‍ധ സെഞ്ചുറിയുമായി രഹാനെ ; മുംബൈയെ തകര്‍ത്ത് ചെന്നൈ

കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായിരുന്ന രഹാനയെ ഇക്കുറി താരലേലത്തിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയത്. അടിസ്ഥാന വിലയായ 50 ലക്ഷം രൂപയ്‌ക്കായിരുന്നു രഹാനയെ ചെന്നൈ തങ്ങളുടെ കൂടാരത്തിലെത്തിച്ചത്.

അതേസമയം, രഹാനെയുടെ മിന്നല്‍ അര്‍ധസെഞ്ച്വറി പിറന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 7 വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയത്. രഹാനെയ്‌ക്ക് പുറമെ റിതുരാജ് ഗെയ്‌ക്‌വാദ് ബാറ്റ് കൊണ്ടും രവീന്ദ്ര ജഡേജ പന്ത് കൊണ്ടും മത്സരത്തില്‍ തിളങ്ങി.

ABOUT THE AUTHOR

...view details