ഹൈദരാബാദ്: പുതിയ നായകന് കീഴില്‍ പുതിയ വെല്ലുവിളികള്‍ നേരിടാനുള്ള ഒരുക്കങ്ങളിലാണ് ഐപിഎല്‍ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് (Gujarat Titans). ഐപിഎല്ലില്‍ അരങ്ങേറ്റം നടത്തി രണ്ട് സീസണ്‍ കൊണ്ട് തന്നെ ടൂര്‍ണമെന്‍റ് ചരിത്രത്തില്‍ തങ്ങളുടേതായ സ്ഥാനം സ്വന്തമാക്കാന്‍ ടൈറ്റന്‍സിനായി. 2022ലെ ആദ്യ സീസണില്‍ കിരീടം നേടി മടങ്ങിയ അവര്‍ കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളാണ്.
ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് (Hardik Pandya) കീഴിലായിരുന്നു കഴിഞ്ഞ രണ്ട് സീസണിലും ഗുജറാത്ത് കളിച്ചത്. എന്നാല്‍, ഐപിഎല്‍ ട്രേഡിങ്ങിലൂടെ പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലേക്ക് (Mumbai Indians) ചേക്കേറിയതോടെയാണ് അവര്‍ക്ക് പുതിയ നായകനായി ശുഭ്‌മാന്‍ ഗില്ലിനെ (Shubman Gill) ചുമതലപ്പെടുത്തേണ്ടി വന്നത്. ഗില്ലിന് കീഴില്‍ കഴിഞ്ഞ സീസണുകളിലെ സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ ഗുജറാത്തിന് ആവര്‍ത്തിക്കാന്‍ സാധിക്കുമോ എന്നാണ് ആരാധകരും ഉറ്റുനോക്കുന്നത്.
മുന്‍ സീസണുകളിലേത് പോലെ തന്നെ ഏറെക്കുറെ സ്ഥിരതയാര്‍ന്ന സ്ക്വാഡ് ഇപ്പോഴും ഗുജറാത്ത് ടൈറ്റന്‍സിനുണ്ട്. കഴിഞ്ഞ വര്‍ഷം ടീമിന്‍റെ പ്ലെയിങ് ഇലവനില്‍ സ്ഥിരസാന്നിധ്യമായ പലരെയും ഇക്കുറിയും നിലനിര്‍ത്താന്‍ അവര്‍ക്കായി. ഇനി രണ്ട് വിദേശ താരങ്ങള്‍ ഉള്‍പ്പടെ എട്ട് പേരെയാണ് വരുന്ന താരലേലത്തില്‍ നിന്നും ടൈറ്റന്‍സിന് കണ്ടെത്തേണ്ടത്.
ഹാര്‍ദിക് പാണ്ഡ്യയുടെ വിടവ് എങ്ങനെ നികത്തും...? (Gujarat Titans IPL Auction Strategy): ടീം ഏറെക്കുറെ സന്തുലിതമാണെങ്കിലും മുന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയെ നഷ്‌ടപ്പെട്ടത് വരാനിരിക്കുന്ന ഐപിഎല്‍ സീസണിന് മുന്‍പ് ഗുജറാത്ത് ടൈറ്റന്‍സിന് വലിയ തിരിച്ചടിയാണ്. ഡിസംബര്‍ 19ന് നടക്കുന്ന താരലേലത്തില്‍ അവരുടെ പ്രധാന ലക്ഷ്യം തന്നെ ഹാര്‍ദിക് പാണ്ഡ്യയുടെ പകരക്കാരനെ കണ്ടെത്തുക എന്നതായിരിക്കും. ഇന്ത്യന്‍ ഓള്‍റൗണ്ടറായ ശര്‍ദുല്‍ താക്കൂറിന് തന്നെയാകും ഈ സ്ഥാനത്തേക്ക് ഗുജറാത്ത് ഒരുപക്ഷെ ആദ്യ പരിഗണന നല്‍കുന്നത്.
ചേതന്‍ സക്കറിയ, കാര്‍ത്തിക് ത്യാഗി നിലവില്‍ മോശം ഫോമിലാണെങ്കിലും ആവശ്യഘട്ടങ്ങളില്‍ പന്തുകൊണ്ടും ബാറ്റുകൊണ്ടും തിളങ്ങാന്‍ കഴിവുള്ള താരമാണ് ശര്‍ദുല്‍. ശര്‍ദുലിനെ കൂടാതെ ഇന്ത്യന്‍ യുവ പേസര്‍മാരായ ചേതന്‍ സക്കറിയ, കാര്‍ത്തിക് ത്യാഗി എന്നിവരെയും സ്വന്തമാക്കാന്‍ ഗുജറാത്ത് ശ്രമിച്ചേക്കാം. നിലവില്‍ 38.15 കോടി പഴ്‌സ് തുകയായുള്ള അവര്‍ക്ക് കെയ്‌ന്‍ വില്യംസണെയും വൃദ്ധിമാന്‍ സാഹയേയും ബാക്ക് അപ്പ് ചെയ്യാനുള്ള താരങ്ങളെയും കണ്ടെത്തേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ ലേലത്തിലെ വലിയ മീനുകളായ ഡാരില്‍ മിച്ചല്‍, രചിന്‍ രവീന്ദ്ര എന്നിവര്‍ക്ക് പിന്നാലെയും ഗുജറാത്ത് പോകാന്‍ സാധ്യതകള്‍ ഏറെയാണ്. വിക്കറ്റ് കീപ്പറായ വൃദ്ധിമാന്‍ സാഹയുടെ ബാക്ക് അപ്പായി കെഎസ് ഭരതിനെയാകും ഗുജറാത്ത് നോട്ടമിടുന്നത്.
ഗുജറാത്ത് ടൈറ്റന്‍സ് നിലനിര്‍ത്തിയ താരങ്ങള്‍:ശുഭ്‌മാന്‍ ഗില്‍, ഡേവിഡ് മില്ലര്‍, മാത്യു വെയ്‌ഡ്, വൃദ്ധിമാന്‍ സാഹ, കെയ്‌ന്‍ വില്യംസണ്‍, അഭിനവ് മനോഹര്‍, സായ് സുദര്‍ശന്‍, ദര്‍ശന്‍ നല്‍കണ്ഡെ, വിജയ് ശങ്കര്‍, ജയന്ത് യാദവ്, രാഹുല്‍ തെവാത്തിയ, മുഹമ്മദ് ഷമി, നൂര്‍ അഹമ്മദ്, സായ് കിഷോര്‍, റാഷിദ് ഖാന്‍, ജോഷുവ ലിറ്റില്‍, മോഹിത് ശര്‍മ.