ഹൈദരാബാദ് : 2023ലെ ഐപിഎല്ലിലേക്ക് എത്തിയതില്‍ ഏറ്റവും സന്തുലിതമായ ടീമുകളില്‍ ഒന്നായിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. എന്നാല്‍, പേപ്പറിലെ മികവ് എസ്ആര്‍എച്ച് താരങ്ങള്‍ക്ക് കളിക്കളത്തില്‍ പ്രകടിപ്പിക്കാന്‍ കഴിഞ്ഞില്ല. ഇതോടെ, 14 കളികളില്‍ നിന്നും നാല് ജയം മാത്രം നേടിയ അവര്‍ക്ക് പോയിന്‍റ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനക്കാരായാണ് മടങ്ങേണ്ടി വന്നത്.
കഴിഞ്ഞ താരലേലത്തില്‍ പൊന്നുംവില കൊടുത്ത് വാങ്ങിയ പലതാരങ്ങളും നിറം മങ്ങിയതായിരുന്നു ഹൈദരാബാദിന് തിരിച്ചടിയായത്. ഹാരി ബ്രൂക്ക്, ഉമ്രാന്‍ മാലിക്ക് ഉള്‍പ്പടെയുള്ള താരങ്ങള്‍ ഫോമിന്‍റെ നിഴലില്‍ മാത്രമായിരുന്നു ഉണ്ടായത്. പകരക്കാരെ ഇറക്കി കളിപ്പിച്ചിട്ടും അനുകൂല ഫലം കണ്ടെത്താന്‍ അവര്‍ക്കായിരുന്നില്ല.
ഈ സാഹചര്യത്തില്‍ ടീമില്‍ അഴിച്ചുപണികള്‍ നേരത്തെ തന്നെ എസ്ആര്‍എച്ച് ആരംഭിച്ചിരുന്നു. പ്ലെയര്‍ ട്രേഡിങ്ങിലൂടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ നിന്നും ഷഹബാസ് അഹമ്മദിനെ ഓറഞ്ച് ആര്‍മി തങ്ങളുടെ കൂടാരത്തിലേക്ക് എത്തിച്ചു. പിന്നാലെ, ഹാരി ബ്രൂക്ക് ഉള്‍പ്പടെ ആറ് പേരെ സ്ക്വാഡില്‍ നിന്നും റിലീസ് ചെയ്‌തു.
പ്ലേയിങ് ഇലവനില്‍ പ്രധാനികളായ പലരെയും നിലനിര്‍ത്തിക്കൊണ്ടായിരുന്നു ടീം മാനേജ്‌മെന്‍റ് അഴിച്ചുപണി തുടങ്ങിയത്. നിലവില്‍ 34 കോടി സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ കൈവശമുണ്ട്. ഈ തുകയ്‌ക്ക് മൂന്ന് വിദേശികള്‍ ഉള്‍പ്പടെ ആറ് പേരെയാണ് ഹൈദരാബാദിന് സ്വന്തമാക്കേണ്ടത്.
വമ്പന്‍മാര്‍ക്കായി ഹൈദരാബാദ് (SRH IPL AUCTION STRATEGY):താരലേലത്തിന് എത്തുന്നവരില്‍ ഏറ്റവും കൂടുതല്‍ തുക കൈവശമുള്ള ടീമുകളില്‍ ഒന്നാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഈ തുക ഉപയോഗിച്ച് ലേലത്തില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള വമ്പന്‍ താരങ്ങളെ സ്വന്തമാക്കാന്‍ ഹൈദരാബാദ് ശ്രമം നടത്തുമെന്നത് ഉറപ്പാണ്. ഒരു വിദേശ ഓള്‍റൗണ്ടറെയും ഇന്ത്യന്‍ ബാറ്ററെയും വ്രിസ്റ്റ് സ്‌പിന്നറെയും കൂടാരത്തിലെത്തിക്കാനുള്ള ശ്രമങ്ങളായിരിക്കും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നടത്തുന്നത്.
ഓള്‍ റൗണ്ടര്‍മാരായ രചിന്‍ രവീന്ദ്ര, ട്രാവിസ് ഹെഡ് എന്നിവര്‍ക്ക് വേണ്ടി എസ്ആര്‍എച്ച് രംഗത്തെത്താനുള്ള സാധ്യതകള്‍ ഏറെയാണ്. ഇവരെ കൂടാതെ ദക്ഷിണാഫ്രിക്കയുടെ ജെറാള്‍ കോട്‌സീയെ സ്വന്തമാക്കാനും എസ്ആര്‍എച്ച് ശ്രമിച്ചേക്കാം. സ്‌പിന്നറായി വാനിന്ദു ഹസരംഗ തന്നെയാകും ഹൈദരാബാദിന്‍റെയും ആദ്യ പരിഗണനയില്‍ ഉണ്ടായിരിക്കുക.
ഇന്ത്യന്‍ ബാറ്ററുടെ സ്ലോട്ടിലേക്ക് സര്‍ഫറാസ് ഖാന്‍ ഉള്‍പ്പടെയുള്ള ആഭ്യന്തര താരങ്ങളെ സ്വന്തമാക്കാന്‍ ആയിരിക്കും ഹൈദരാബാദിന്‍റ ശ്രമം. കൂടാതെ ഷാരൂഖ് ഖാന്‍, ഇന്ത്യന്‍ പേസറായ സിദ്ധാര്‍ഥ് കൗള്‍, വിന്‍ഡീസ് വെടിക്കെട്ട് ബാറ്റര്‍ ജോണ്‍സണ്‍ ചാള്‍സ് എന്നിവരെ സ്വന്തമാക്കാനും എസ്ആര്‍എച്ച് നീക്കം നടത്തിയേക്കാം.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിലവിലെ സ്ക്വാഡ്:അബ്‌ദുള്‍ സമദ്, എയ്‌ഡന്‍ മാര്‍ക്രം, രാഹുല്‍ തൃപാഠി, ഗ്ലെന്‍ ഫിലിപ്‌സ്, മായങ്ക് അഗര്‍വാള്‍, ഹെൻറിച്ച് ക്ലാസന്‍, അന്‍മോല്‍പ്രീത് സിങ്, ഉപേന്ദ്ര സിങ് യാദവ്, നതീഷ് കുമാര്‍ റെഡ്ഡി, അഭിഷേക് ശര്‍മ, മാര്‍കോ യാന്‍സന്‍, വാഷിങ്ടണ്‍ സുന്ദര്‍, സന്‍വിര്‍ സിങ്, ഷഹ്ബാസ് അഹമ്മദ്, ഭുവനേശ്വര്‍ കുമാര്‍, ഫസല്‍ഹഖ് ഫറൂഖി, ടി നടരാജന്‍, ഉമ്രാന്‍ മാലിക്, മായങ്ക് മാര്‍ക്കണ്ഡെ.
Also Read :പതിവ് തെറ്റിക്കാതെ കൈ നിറയെ പണവുമായി പഞ്ചാബ് കിങ്‌സും, ടീം സെറ്റാക്കാന്‍ ഇനി വേണ്ടത് ഇവരെയെല്ലാം