ഹൈദരാബാദ് :മുംബൈ ഇന്ത്യന്‍സിനും (Mumbai Indians) ചെന്നൈ സൂപ്പര്‍ കിങ്‌സിനും (Chennai Super Kings) ശേഷം ഏറ്റവും കൂടുതല്‍ ഐപിഎല്‍ (IPL) കിരീടം സ്വന്തമാക്കിയ ടീമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (Kolkata Knight Riders). 2012, 2014 വര്‍ഷങ്ങളില്‍ കപ്പടിച്ച അവര്‍ക്ക് പിന്നീട് ഐപിഎല്‍ കിരീടം കിട്ടാക്കനിയാണ്. 2021ലെ ഫൈനലില്‍ സിഎസ്കെയോട് തോല്‍വി വഴങ്ങിയ കെകെആര്‍ കഴിഞ്ഞ രണ്ട് സീസണിലും പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനക്കാരായാണ് മടങ്ങിയത്.
വരാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ മുന്‍ വര്‍ഷങ്ങളിലെ തകര്‍ച്ചയില്‍ നിന്നുള്ള ഒരു വമ്പന്‍ തിരിച്ചുവരവാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ലക്ഷ്യമിടുന്നത്. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളും അവര്‍ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. രണ്ട് പ്രാവശ്യം തങ്ങളെ കിരീടത്തിലേക്ക് എത്തിച്ച നായകന്‍ ഗൗതം ഗംഭീറിനെ ലഖ്‌നൗ പാളയത്തില്‍ നിന്നും റാഞ്ചി കൊല്‍ക്കത്തയുടെ മെന്‍ററായി ചുമതലപ്പെടുത്തി.
പിന്നാലെ, താരലേലത്തിന് മുന്നോടിയായി ടീമില്‍ വമ്പന്‍ അഴിച്ചുപണിയും. ശര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, ഷാക്കിബ് അല്‍ ഹസന്‍, ലോക്കി ഫെര്‍ഗുസണ്‍, ടിം സൗത്തി ഉള്‍പ്പടെയുള്ള വമ്പന്‍ താരങ്ങളെയാണ് കെകെആര്‍ താരലേലത്തിന് മുന്‍പായി റിലീസ് ചെയ്‌തത്. ഇതോടെ, 32.70 കോടിയുമായി പുതിയ ശക്തമായ ടീമിനെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാകും കൊല്‍ക്കത്ത മിനി താരലേലത്തിനായ് എത്തുന്നത് (KKR Remaining Purse).
കൊല്‍ക്കത്തയ്‌ക്ക് വേണ്ടത് ഇവരെ: ശ്രേയസ് അയ്യര്‍, റിങ്കു സിങ്, റഹ്മാനുള്ള ഗുര്‍ബാസ്, നിതീഷ് റാണ എന്നിവര്‍ ഉള്‍പ്പടെ 13 പേരാണ് നിലവില്‍ കൊല്‍ക്കത്തയുടെ സ്ക്വാഡില്‍ ഉള്ളത്. നാല് വിദേശികള്‍ അടക്കം 12 പേരെ അവര്‍ക്ക് മിനി താരലേത്തില്‍ നിന്നും കണ്ടെത്തേണ്ടതുണ്ട്. മികച്ച പ്ലെയിങ് ഇലവന്‍ സെറ്റാക്കാന്‍ ഒരു വിദേശ ഫാസ്റ്റ് ബൗളറേയും ഒരു ഓള്‍ റൗണ്ടറെയും ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററെയും സ്വന്തമാക്കാനാകും കെകെആര്‍ ശ്രദ്ധിക്കുന്നത്.