കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബലാബലര്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 81 റൺസിൻ്റെ കൂറ്റൻ ജയം. കൊല്‍ക്കത്ത ഉയര്‍ത്തിയ 205 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബാംഗ്ലൂര്‍ 17.3 ഓവറിൽ 123 റൺസിന് ഓൾഔട്ട് ആവുകയായിരുന്നു. നാല് വിക്കറ്റ് വീഴത്തിയ വരുണ്‍ ചക്രവര്‍ത്തിയാണ് ബാംഗ്ലൂരിന്‍റെ നടുവൊടിച്ചത്.
കൊല്‍ക്കത്ത പടുത്തുയർത്തിയ വലിയ മാര്‍ജിനില്‍ കണ്ണുവച്ച് മറുപടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന്‍റെ തുടക്കം മികച്ചത് തന്നെയായിരുന്നു. ഓപ്പണര്‍മാരായിറങ്ങിയ ക്യാപ്‌റ്റന്‍ ഫാഫ് ഡുപ്ലസിസും വിരാട് കോഹ്ലിയും പതിവുപോലെ പവര്‍ പ്ലേയുടെ ആദ്യഭാഗം ഗംഭീരമാക്കി.
എന്നാല്‍ നാലാമത്തെ ഓവറിലെ അഞ്ചാമത്തെ പന്തില്‍ വിരാടിനെ ബൗള്‍ഡാക്കി സുനില്‍ നരേന്‍ കൊല്‍ക്കത്തയുടെ വിക്കറ്റ് വേട്ടയ്‌ക്ക് തുടക്കമിട്ടു. 18 പന്തില്‍ മൂന്ന് ബൗണ്ടറികളുമായി 21 റണ്‍സായിരുന്നു വിരാടിന്‍റെ സമ്പാദ്യം. പിന്നാലെ എത്തിയ മൈക്കിള്‍ ബ്രേസ്‌വെലുമൊന്നിച്ച് ഡുപ്ലസിസ് മികച്ച പാര്‍ട്‌ണര്‍ഷിപ്പ് കണ്ടെത്തുമെന്ന് കരുതിയവര്‍ക്കും തെറ്റി.
ബ്രേസ്‌വെല്‍ ക്രീസില്‍ നിലയുറപ്പിക്കും മുമ്പേ ഡുപ്ലസിസിനെ വരുണ്‍ ചക്രവര്‍ത്തി മടക്കിയയക്കുകയായിരുന്നു. പിന്നീടെത്തിയ ഗ്ലെന്‍ മാകസ്‌വല്ലിനെയും ഹര്‍ഷല്‍ പട്ടേലിനെയും ഒരേ ഓവറിലെ രണ്ട് പന്ത് വ്യത്യാസത്തില്‍ മടക്കിയയച്ച് വരുണ്‍ ചക്രവര്‍ത്തി കൊല്‍ക്കത്തയ്‌ക്ക് അനായാസ വിജയത്തിന് കളമൊരുക്കുകയായിരുന്നു.
പിന്നാലെ എത്തിയ ഷഹ്‌ബാസ് അഹ്‌മദ് (1), ദിനേശ് കാര്‍ത്തിക് (9), അനൂജ് റാവത്ത് (1),കരണ്‍ ശര്‍മ (1) എന്നിവരെ നിലയുറപ്പിക്കുന്നതിന് മുമ്പ് തിരികെ കയറ്റി കൊല്‍ക്കത്തന്‍ ബൗളര്‍മാര്‍ ഈഡന്‍ ഗാര്‍ഡന്‍ തങ്ങളുടെ സ്വന്തം തട്ടകമാണെന്ന് തെളിയിക്കുകയായിരുന്നു.