ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയല്‍ ലീഗ് ക്രിക്കറ്റിന്‍റെ പുതിയ സീസണിനായുള്ള ഒരുക്കത്തിലാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. കഴിഞ്ഞ സീസണില്‍ പ്ലേ ഓഫില്‍ എത്താന്‍ കഴിയാതിരുന്ന ഡല്‍ഹി ക്യാപിറ്റല്‍സ് പോയിന്‍റ് ടേബിളില്‍ അഞ്ചാം സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്‌തത്. 14 മത്സരങ്ങളില്‍ നിന്നും ഏഴ് വിജയവും ഏഴ് തോല്‍വിയുമായിരുന്നു സംഘത്തിന്‍റെ പട്ടികയില്‍ ഉണ്ടായിരുന്നത്.
ഇതോടെ പുതിയ സീസണില്‍ വമ്പന്‍ കുതിപ്പോടെ ഐപിഎല്ലിലെ തങ്ങളുടെ കന്നി കിരീടം ലക്ഷ്യം വച്ചാകും ഡല്‍ഹി ഇത്തവണ ഇറങ്ങുകയെന്നുറപ്പ്. കാര്‍ അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് സീസണ്‍ നഷ്‌ടമായ റിഷഭ് പന്തിന്‍റെ പകരം ഡേവിഡ് വാര്‍ണര്‍ക്ക് കീഴിലാണ് ഡല്‍ഹി കളിക്കുന്നത്. ഫ്രാഞ്ചൈസിയെ സംബന്ധിച്ചിടത്തോളം പന്തിന്‍റെ അഭാവം വമ്പന്‍ തിരിച്ചടിയാണ്.
ഒറ്റയ്ക്ക് മത്സരങ്ങൾ ജയിക്കാൻ കഴിവുള്ള മിച്ചൽ മാർഷ്, ഡേവിഡ് വാർണർ, ആൻറിച്ച് നോർട്ട്ജെ എന്നിവരുടെ സാന്നിധ്യമാണ് ഡല്‍ഹിയുടെ ഏറ്റവും വലിയ കരുത്ത്. ഫോമിലേക്ക് ഉയര്‍ന്നാല്‍ വിനാശകാരിയായ ഡേവിഡ് വാർണറെ പിടിച്ച് കെട്ടുക പ്രയാസം. ലോക ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും മികച്ച പേസര്‍മാരില്‍ ഒരാളാണ് ആൻറിച്ച് നോർട്ട്ജെ. താരത്തിന്‍റെ വേഗപ്പന്തുകള്‍ ബാറ്റര്‍മാരുടെ ചങ്കിടിപ്പ് കൂട്ടുന്നതാണ്.
എന്നിരുന്നാലും ചെറിയ ഗ്രൗണ്ടുകളിൽ ബാറ്റർമാർ താരത്തിന്‍റെ പേസിനെ ഫലപ്രദമായി ഉപയോഗിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ ആവില്ല. പവര്‍ പ്ലേ ഓവറുകളിലെ മിച്ചൽ മാർഷിന്‍റെ പവര്‍-ഹിറ്റിങ് ടീമിന് ഏറെ മുതല്‍ക്കൂട്ടാകും. ഇന്ത്യയ്‌ക്കെതിരെ അടുത്തിടെ അവസാനിച്ച ഏകദിന പരമ്പരയില്‍ ഓസീസിനായി വെടിക്കെട്ട് പ്രകടനമായിരുന്നു മാര്‍ഷ് നടത്തിയത്. ബോളുകൊണ്ടും നിര്‍ണായക പ്രകടനം നടത്താന്‍ കഴിയുന്ന താരമാണ് മാര്‍ഷ്. കൂടാതെ ഇന്ത്യന്‍ താരങ്ങളായ പൃഥ്വി ഷാ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരുടെ പ്രകനവും സംഘത്തിന് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.
നിലവാരമുള്ള ഇന്ത്യന്‍ പേസര്‍മാരുടെ അഭാവം ടീമിനെ പ്രതിരോധത്തിലാക്കുന്നതാണ്. ആവേശ് ഖാൻ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിലേക്കും ശാര്‍ദുല്‍ താക്കൂര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്കും പോയതോടെ പേസ് യൂണിറ്റില്‍ ആൻറിച്ച് നോർട്ട്ജെയേയും മുസ്‌തഫിസുറിനെയും സംഘത്തിന് കൂടുതല്‍ ആശ്രയിക്കേണ്ടിവരും. ശസ്ത്രക്രിയ കഴിഞ്ഞ് തിരിച്ചെത്തുന്ന ഖലീൽ അഹമ്മദ് താളം കണ്ടെത്തേണ്ടതുണ്ട്.
വെറ്ററന്‍ താരം ഇഷാന്ത് ശർമ സ്‌ക്വാഡിലുണ്ടെങ്കിലും താരത്തെ എത്രത്തോളം ഉപയോഗപ്പെടുത്താന്‍ കഴിയുമെന്ന് കാത്തിരുന്ന് കാണേണ്ടിവരും. പേസ് ഗണ്യമായി കുറഞ്ഞ ഇഷാന്ത് ഫിറ്റ്‌നസുമായും ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. താരം വേണ്ടത്ര ആഭ്യന്തര മത്സരങ്ങളില്‍ കളിക്കാതിരിക്കുന്നത് ഇതേ കാരണത്താലാണെന്നാണ് വിലയിരുത്തല്‍.
ഡൽഹി ക്യാപിറ്റൽസ് സ്ക്വാഡ്
റിഷഭ് പന്ത്, അക്‌സർ പട്ടേൽ, പൃഥ്വി ഷാ, ആൻറിച്ച് നോർട്ട്ജെ, ഡേവിഡ് വാർണർ (ക്യാപ്റ്റന്‍) , മിച്ചൽ മാർഷ്, സർഫറാസ് ഖാൻ, കമലേഷ് നാഗർകോട്ടി, മുസ്‌തഫിസുർ റഹ്മാൻ, കുൽദീപ് യാദവ്, ഖലീൽ അഹമ്മദ്, ചേതൻ സക്കറിയ, ലളിത് യാദവ്, റിപാൽ പട്ടേൽ, യാഷ് ദുൽ, റോവ്മാൻ പവൽ, പ്രവീൺ ദുബെ, ലുങ്കി എൻഗിഡി, വിക്കി ഓസ്റ്റ്വാൾ, അമൻ ഖാൻ, ഫിൽ സാൾട്ട്, ഇഷാന്ത് ശർമ, മുകേഷ് കുമാർ, മനീഷ് പാണ്ഡെ, റിലീ റോസോ.
ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരക്രമം
ഏപ്രിൽ 1, ശനി: ലഖ്‌നൗ സൂപ്പർ ജയന്‍റ്സ് vs ഡൽഹി ക്യാപിറ്റൽസ് (7:30 PM)
ഏപ്രിൽ 4, ചൊവ്വ: ഡൽഹി ക്യാപിറ്റൽസ് vs ഗുജറാത്ത് ടൈറ്റൻസ് (7:30 PM)
ഏപ്രിൽ 8, ശനി: രാജസ്ഥാൻ റോയൽസ് vs ഡൽഹി ക്യാപിറ്റൽസ് (3:30 PM)