മുംബൈ: അമ്പരപ്പിക്കുന്ന വേഗതയില്‍ പന്തെറിഞ്ഞ് വാര്‍ത്തകളില്‍ ഇടം പിടിച്ച താരമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പേസര്‍ ഉമ്രാന്‍ മാലിക്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ഐപിഎല്ലിലെ തന്‍റെ ആദ്യ അഞ്ച് വിക്കറ്റ് പ്രകടനവുമായും മാലിക് തിളങ്ങി. ഗുജറാത്തിന്‍റെ മുന്‍ നിര താരങ്ങളായ ശുഭ്‌മാന്‍ ഗില്‍, ഹര്‍ദിക് പാണ്ഡ്യ, ഡേവിഡ് മില്ലര്‍, വൃദ്ധിമാന്‍ സാഹ, അഭിനവ് മനോഹര്‍ എന്നിവരെയാണ് ഉമ്രാന്‍ തിരിച്ച് കയറ്റിയത്.
പാണ്ഡ്യ ഒഴികെയുള്ള താരങ്ങളുടെ കുറ്റി പിഴുതായിരുന്നു ഉമ്രാന്‍റെ വിക്കറ്റ് നേട്ടം. ഇതില്‍ സാഹയുടെ കുറ്റി തെറിപ്പിച്ച യോര്‍ക്കര്‍ പറന്നെത്തിയത് 153 കിലോമീറ്റര്‍ വേഗതയിലാണ്. മികച്ച ഫോമില്‍ കളിച്ചിരുന്ന സാഹയ്‌ക്ക് ഉമ്രാന്‍റെ തീയുണ്ടയ്‌ക്ക് മുന്നില്‍ കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.