അഹമ്മദാബാദ്: രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്‌ജു സാംസണെതിരെ വിമര്‍ശനവുമായി ഇതിഹാസ ക്രിക്കറ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലെ സഞ്‌ജുവിന്‍റെ പുറത്താവലാണ് സച്ചിനെ നിരാശനാക്കിയത്.
അനാവശ്യ ഷോട്ടിന് ശ്രമിച്ച് സഞ്ജു വിക്കറ്റ് കളഞ്ഞുകുളിക്കുകയായിരുന്നുവെന്നാണ് സച്ചിന്‍ പറയുന്നത്. തന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. ‘ശരിക്കും മികച്ച ചില ഷോട്ടുകള്‍ കളിക്കുമ്പോഴാണ് സഞ്‌ജു ഔട്ടാവുന്നത്.
ഹസരങ്കയുടെ പന്തില്‍ അനാവശ്യ ഷോട്ട് കളിച്ചാണ് അവന്‍ പുറത്തായത്. എനിക്ക് തെറ്റ് പറ്റിയിട്ടില്ലെങ്കില്‍ ഇത് ആറാം തവണയാണ് ഹസരങ്ക സഞ്‌ജുവിനെ പുറത്താക്കുന്നത്. ആ ഷോട്ട് അവന് ഒഴിവാക്കാമായിരുന്നു. സഞ്ജു പുറത്തായിരുന്നില്ലെങ്കില്‍ മത്സരം നേരത്തെ തീരുമായിരുന്നു' സച്ചിന്‍ പറഞ്ഞു.
മത്സരത്തില്‍ ഒരു ഫോറും രണ്ട് സിക്‌സുമുള്‍പ്പെടെ 21 പന്തില്‍ 23 റണ്‍സെടുത്താണ് സഞ്‌ജു തിരിച്ചു കയറിയത്. ഹസരങ്കയുടെ പന്ത് ക്രീസിന് പുറത്തിറങ്ങി അടിക്കാനുള്ള ശ്രമത്തിനിടെ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് സഞ്ജുവിനെ സ്റ്റംപ് ചെയ്യുകയായിരുന്നു. സീസണില്‍ ഇത് മൂന്നാം തവണയാണ് സഞ്ജു ഹസരങ്കയ്‌ക്ക് മുന്നില്‍ വീഴുന്നത്.
അതേസമയം ബാംഗ്ലൂരിനെതിരെ ഏഴ് വിക്കറ്റിന്‍റെ തകർപ്പൻ ജയമാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. ബാംഗ്ലൂരിന്‍റെ 159 റണ്‍സ് പിന്തുടർന്ന സഞ്ജുവും സംഘവും 11 പന്തുകൾ ബാക്കി നിർത്തി വെറും മൂന്ന് വിക്കറ്റ് നഷ്‌ടത്തിലാണ് വിജയത്തിലെത്തിയത്. സെഞ്ചുറി നേടിയ ജോസ് ബട്‌ലറാണ് രാജസ്ഥാന് അനായാസ വിജയം സമ്മാനിച്ചത്.
also read: IPL 2022 | 'വോണ്‍ നിങ്ങളെ നോക്കി പുഞ്ചിരിക്കുന്നു'; ആരാധകരുടെ ഹൃദയം തൊട്ട് ബാംഗ്ലൂരിന്‍റെ ട്വീറ്റ്
ടൂര്‍ണമെന്‍റിലുടനീളം മാരക ഫോമില്‍ കളിക്കുന്ന ബട്‌ലര്‍ 60 പന്തുകളില്‍ നിന്ന് 106 റണ്‍സെടുത്ത് അപരാജിതനായി നിന്നു. മെയ് 29ന് നടക്കുന്ന ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും.