മുംബൈ: ഐപിഎല്ലില്‍ ഇന്ന് (ഏപ്രിൽ 30) മുംബൈ ഇന്ത്യൻസിനെതിരെ നടക്കുന്ന മത്സരം മുൻ ക്യാപ്റ്റൻ ഷെയ്‌ൻ വോണിന് സമര്‍പ്പിച്ച് രാജസ്ഥാന്‍ റോയല്‍സ്. ഇതിഹാസ താരത്തിനോടുള്ള ആദരസൂചകമായി പ്രത്യേക ജേഴ്‌സി അണിഞ്ഞാണ് രാജസ്ഥാന്‍ താരങ്ങള്‍ കളിക്കാനിറങ്ങുക. കോളറിൽ ‘എസ്‌ഡബ്ല്യു23’ എന്നെഴുതിയ പ്രത്യേക ജേഴ്‌സിയാണ് രാജസ്ഥാന്‍ താരങ്ങള്‍ ധരിക്കുക.
വോണിന്‍റെ ജേഴ്‌സി നമ്പറായിരുന്നു 23. രാത്രി 7.30ന് മുംബൈ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് മുംബൈ-രാജസ്ഥാന്‍ പോരാട്ടം നടക്കുന്നത്. സ്റ്റേഡിയത്തിലെ ഒരു പ്രത്യേക ഏരിയ വോൺ ട്രിബ്യൂട്ട് ഗാലറിയായി മാറ്റുകയും ചെയ്‌തിട്ടുണ്ട്. ഷെയ്‌ൻ വോണിന്‍റെ സഹോദരൻ ജേസണും പ്രത്യേക ക്ഷണ പ്രകാരം ഇന്ന് കളി കാണാൻ സ്റ്റേഡിയത്തിലെത്തും.
2008ല്‍ നടന്ന പ്രഥമ ഐപിഎല്ലില്‍ രാജസ്ഥാൻ റോയൽസിനെ ഷെയ്‌ന്‍ വോണ്‍ കിരീടത്തിലേക്ക് നയിച്ചിരുന്നു. ഇതേവേദിയില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ചായിരുന്നു രാജസ്ഥാന്‍റെ കിരീട നേട്ടം. ഈ വിജയത്തിന്‍റെ 14ാം വാര്‍ഷികം അടുത്തിരിക്കെ കൂടിയാണ് വേണിന് ടീം ആദരവര്‍പ്പിക്കുന്നത്. മാര്‍ച്ച് നാലിന് തായ്‌ലാൻഡിലെ കോ സാമുയിയിൽ വെച്ചാണ് 52കാരനായ ഷെയ്‌ന്‍ വോണ്‍ മരണത്തിന് കീഴടങ്ങിയത്.
also read: IPL 2022: വിജയം തുടരാൻ രാജസ്ഥാൻ, ആശ്വാസം ജയം തേടി മുംബൈ
ക്രിക്കറ്റിലെ ഏറ്റവും മികച്ച ലെഗ് സ്പിന്നറായാണ് വോണ്‍ അറിയപ്പെടുന്നത്. ശ്രീലങ്കൻ സ്‌പിൻ ഇതിഹാസം മുത്തയ്യ മുരളീധരന് ശേഷം ക്രിക്കറ്റിൽ 1000 വിക്കറ്റ് എന്ന നാഴികക്കല്ല് പിന്നിടുന്ന ഏക ക്രിക്കറ്റർ കൂടിയാണ് വോണ്‍. ടെസ്റ്റിൽ 145 മത്സരങ്ങളിൽ നിന്ന് 708 വിക്കറ്റും ഏകദിനത്തിൽ 194 മത്സരങ്ങളിൽ നിന്ന് 293 വിക്കറ്റുകളും വോണ്‍ സ്വന്തമാക്കിയിട്ടുണ്ട്.