മുംബൈ:ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ഏഴ് റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന്‍ ഉയര്‍ത്തിയ 218 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയുടെ പോരാട്ടം 19.4 ഓവറില്‍ 210 റണ്‍സില്‍ അവസാനിച്ചു. സീസണിലെ രണ്ടാം സെഞ്ച്വറി കണ്ടെത്തിയ ജോസ് ബട്‌ലറും ഹാട്രിക് അടക്കം അഞ്ച് വിക്കറ്റ് വീഴ്ത്തിയ യുസ്വേന്ദ്ര ചാഹലും ചേര്‍ന്നാണ് രാജസ്ഥാന് ജയം സമ്മാനിച്ചത്.
218 റൺസ് പിന്തുടർന്ന കൊല്‍ക്കത്തയ്‌ക്ക് ആദ്യ പന്തിൽ തന്നെ റൺ ഔട്ടായ സുനിൽ നരേൻ നഷ്‌ടമായി. പീന്നീട് ആരോണ്‍ ഫിഞ്ചിനൊപ്പെം ഒത്തുചേർന്ന നായകൻ ശ്രേയസ് അയ്യരും ചേർന്ന് മികച്ച തുടക്കമാണ് കൊല്‍ക്കത്തയ്‌ക്ക് നൽകിയത്. ഒൻപതാം ഓവറിന്‍റെ അവസാന പന്തിൽ പ്രസിദ്ധിന് വിക്കറ്റ് നൽകി ഫിഞ്ച് മടങ്ങുമ്പോഴേക്കും ഇരുവരും ചേർന്ന് സ്‌കോർബോർഡിൽ 107 റൺസ് ചേർത്തിരുന്നു.
28 പന്തില്‍ ഒമ്പത് ഫോറിന്‍റെയും രണ്ട് സിക്‌സറുകളുടെയും അകമ്പടിയോടെയാണ് ഫിഞ്ച് 58 റണ്‍സ് നേടിയത്. പിന്നീട് ക്രീസിലെത്തിയവർക്കൊന്നും ശ്രേയസിന് പിന്തുണ നൽകാനായില്ല. 51 പന്തിൽ 85 റൺസാണ് ശ്രേയസ് അടിച്ചെടുത്തത്. 18 റൺസ് നേടി നിതീഷ് റാണയും റണ്ണൊന്നും നേടാതെ വെങ്കടേഷ് അയ്യരും മടങ്ങി.
ചാഹൽ എറിഞ്ഞ 17–ാം ഓവറാണ് മത്സരത്തിൽ രാജസ്ഥാന് നിർണായക വഴിത്തിരിവ് സമ്മാനിച്ചത്. ഓവറിന്‍റെ അവസാന മൂന്നു പന്തുകളിൽ ശ്രേയസ് അയ്യരെ അടക്കം കൂടാരത്തിലെത്തിച്ച ചാഹലിന്‍റെ ഹാട്രിക് പ്രകടനമാണ് കൊൽക്കത്തയുടെ വിധി തീരുമാനിച്ചത്. അയ്യർക്കു പുറമെ, ശിവം മാവി, പാറ്റ് കമ്മിൻ എന്നിവരാണ് ചാഹലിന്‍റെ ഹാട്രിക് ഇരകൾ. നിതീഷ് റാണ, വെങ്കടേഷ് അയ്യർ എന്നിവരുടെ വിക്കറ്റ് എന്നിവരുടെ വിക്കറ്റുകൾ നേരത്തെ തന്നെ പോക്കറ്റിലാക്കിയിരുന്നതിനാൽ മത്സരത്തിലാകെ അഞ്ച് വിക്കറ്റ്.
ALSO READ:IPL 2022 | ടീം ഫിസിയോക്ക് പിന്നാലെ റാപ്പിഡ് ടെസ്‌റ്റിൽ താരത്തിന് കൊവിഡ്; ഡൽഹി ക്യാമ്പിൽ ആശങ്ക തുടരുന്നു
വാലറ്റത്ത് അപ്രതീക്ഷിത കൊടുങ്കാറ്റായി മാറിയ ഉമേഷ് യാദവ് ഉയർത്തിയ വെല്ലുവിളി ഉയർത്തി. ട്രെന്‍റ് ബോൾട്ട് എറിഞ്ഞ 18-ാം ഓവറിൽ 2 സിക്‌റുകളും ഒരു ഫോറും അടക്കം 20 റൺസാണ് ഉമേഷ് നേടിയത്. ഉമേഷ് യാദവ് 9 പന്തില്‍ 21 റണ്‍സ് നേടി പുറത്തായതോടെയാണ് മത്സരം രാജസ്ഥാന് അനുകൂലമായത്.
നേരത്തെ ടോസ് നഷ്‌ടമായി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 217 റണ്‍സാണ് അടിച്ചെടുത്തത്. ഓപ്പണര്‍ ജോസ് ബട്‌ലറുടെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് രാജസ്ഥാന് മികച്ച സ്‌കോർ സമ്മാനിച്ചത്. 61 പന്തില്‍ അഞ്ച് സിക്‌സും ഒമ്പത് ഫോറും സഹിതം 103 റണ്‍സാണ് ബട്‌ലര്‍ നേടിയത്. കൊല്‍ക്കത്തയ്ക്കായി സുനില്‍ നരെയ്ന്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.