മുംബൈ: ഐപിഎല്ലില്‍ ജയം തുടർന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ്. ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ 12 റൺസിന് പരാജയപ്പെടുത്തിയ ലക്‌നൗ സൂപ്പർ ജയന്‍റ്‌സിന്‍റെ രണ്ടാം ജയമാണിത്. ലഖ്‌നൗ ഉയര്‍ത്തിയ 170 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 157 റണ്‍സെടുക്കാനായുള്ളു.
സ്‌കോർ; ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ് 20 ഓവറിൽ 169/7 , സൺറൈസേഴ്‌സ് ഹൈദരാബാദ് 20 ഓവറിൽ 157/9
നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ലഖ്‌നൗ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 169 റണ്‍സ് നേടി. അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ (50 പന്തില്‍ 68 റണ്‍സ്), ദീപക് ഹൂഡ (33 പന്തില്‍ 51) എന്നിവരുടെ പ്രകടനമാണ് ലഖ്‌നൗവിന് നിര്‍ണായകമായത്. ഹൈദരാബാദിനായി വാഷിങ്ടണ്‍ സുന്ദര്‍, റൊമാരിയോ ഷെപ്പേര്‍ഡ്, ടി. നടരാജന്‍ എന്നിവര്‍ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.
ലഖ്‌നൗ ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന്‍റെ തുടക്കം തന്നെ നിരാശയായിരുന്നു. 16 റണ്‍സെടുത്ത ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസൺ നാലാം ഓവറില്‍ തന്നെ ആവേശ് ഖാന് മുന്നിൽ കീഴടങ്ങി. ആറാം ഓവറില്‍ 13 റൺസെടുത്ത അഭിഷേക് ശര്‍മയേയും പുറത്താക്കിയ ആവേശ് ഹൈദരാബാദിന് അടുത്ത പ്രഹരമേൽപ്പിച്ചു.
പിന്നീടെത്തിയ രാഹുല്‍ ത്രിപാഠി - ഏയ്‌ഡന്‍ മാര്‍ക്രം സഖ്യം മൂന്നാം വിക്കറ്റില്‍ സ്‌കോര്‍ 82 വരെയെത്തിച്ചു. 12 റൺസുമായി ഏയ്‌ഡന്‍ മാര്‍ക്രമും 44 റണ്‍സ് നേടിയ രാഹുല്‍ ത്രിപാഠിയും ക്രുണാലിന്‍റെ അടുത്തടുത്ത ഓവറുകളിൽ പുറത്തായതോടെ ഹൈദരാബാദ് നാലിന് 95 എന്ന നിലയിലായി. 30 പന്തുകള്‍ നേരിട്ട് ഒരു സിക്‌സും അഞ്ച് ഫോറുമടക്കം 44 റണ്‍സെടുത്താണ് ത്രിപാഠി മടങ്ങിയത്.
ALSO READ:'വേഗതയും വൈദഗ്ധ്യവുമുണ്ട്' ; മൂന്ന് ഫോര്‍മാറ്റിലും പ്രസിദ്ധ് കൃഷ്‌ണയ്‌ക്ക് തിളങ്ങാനാകുമെന്ന് ജോസ് ബട്‌ലര്‍
തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച നിക്കോളാസ് പുരാനും വാഷിങ്ടണ്‍ സുന്ദറും ചേർന്ന് ഹൈദരാബാദിന് പ്രതീക്ഷ നല്‍കി. എന്നാൽ 18-ാം ഓവറില്‍ അടുത്തടുത്ത പന്തുകളിലായി പുരാനെയും സമദിനെയും പുറത്താക്കിയ ആവേഷ് സൺറൈസേഴ്‌സിന്‍റെ ആ പ്രതീക്ഷയും കെടുത്തി. പുരാന്‍ - സുന്ദര്‍ സഖ്യം 48 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.
അവസാന ഓവറില്‍ സൺറൈസേഴ്‌സിന് ജയിക്കാന്‍ 16 റണ്‍സ് വേണമെന്നിരിക്കെ പന്തെറിയാനെത്തിയത് വിൻഡീസ് താരം ജേസൻ ഹോൾഡർ. 14 പന്തില്‍ നിന്ന് 18 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദര്‍ ആദ്യ പന്തില്‍ തന്നെ പുറത്തായി. ഭുവനേശ്വര്‍ കുമാറിനെയും റൊമാരിയോ ഷെപ്പേര്‍ഡിനെയും അതേ ഓവറിൽ മടക്കി.
നാല് ഓവറില്‍ വെറും 24 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത ആവേശ് ഖാനാണ് ലഖ്‌നൗവിന്‍റെ വിജയശില്‍പി. ജേസൻ ഹോള്‍ഡര്‍ മൂന്നും ക്രുണാല്‍ പാണ്ഡ്യ രണ്ടും വിക്കറ്റുകള്‍ നേടി.