മുംബൈ :ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് കൂറ്റന്‍ വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത ഡല്‍ഹി നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 215 റണ്‍സാണ് അടിച്ച് കൂട്ടിയത്. ഓപ്പണര്‍മാരായ പൃഥ്വി ഷാ, ഡേവിഡ് വാർണർ എന്നിവരുടെ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറി പ്രകടനമാണ് ഡല്‍ഹിക്ക് തുണയായത്.
പൃഥ്വി ഷാ 29 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും സഹിതം 51 റണ്‍സും വാര്‍ണര്‍ 45 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും സഹിതം 61 റണ്‍സുമെടുത്തു. ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ഡല്‍ഹിക്ക് മികച്ച തുടക്കമാണ് പൃഥ്വി ഷാ-വാര്‍ണര്‍ സഖ്യം നല്‍കിയത്. 8.4 ഓവറില്‍ 93 റണ്‍സാണ് ഇരുവരും അടിച്ചുകൂട്ടിയത്.
ഷായുടെ കുറ്റി പിഴുത് വരുണ്‍ ചക്രവര്‍ത്തിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. മൂന്നാമനായെത്തിയ ക്യാപ്റ്റന്‍ റിഷഭ് പന്തും ആക്രമിച്ച് കളിച്ചു. 14 പന്തില്‍ നിന്ന് രണ്ട് വീതം സിക്‌സും ഫോറുമടക്കം 27 റണ്‍സെടുത്താണ് താരം മടങ്ങിയത്. രണ്ടാം വിക്കറ്റില്‍ വാര്‍ണര്‍ക്കൊപ്പം 55 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് താരം ഉയര്‍ത്തിയത്.