മുംബൈ : ഐപിഎല്ലില്‍ ഇന്ന് കന്നിക്കാരായ ഗുജറാത്ത് ടൈറ്റൻസും ലഖ്‌നൗ സൂപ്പർ ജയന്‍റ്സും ഏറ്റുമുട്ടും. കെഎല്‍ രാഹുലിന് കീഴില്‍ ലഖ്‌നൗ ഇറങ്ങുമ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഗുജറാത്ത് ടൈറ്റന്‍സിനെ നയിക്കുന്നത്. രാത്രി 7.30 ന് വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം.
ഐപിഎല്ലിലെ ടീമുകളുടെ എണ്ണം പത്തായി ഉയര്‍ത്തിയതോടെയാണ് ഇരു ടീമുകള്‍ക്കും അവസരം ലഭിച്ചത്.
ലഖ്‌നൗ സൂപ്പർ ജയന്‍റ്സ് : എവിന്‍ ലൂയിസ്, മനീഷ് പാണ്ഡെ തുടങ്ങിയവരാണ് ലഖ്‌നൗവിന്‍റെ ബാറ്റിങ് നിരയിലെ കരുത്തര്‍. രവി ബിഷ്‌ണോയ്, ക്രുനാല്‍ പാണ്ഡ്യ, കൃഷ്‌ണപ്പ ഗൗതം എന്നിവര്‍ സ്‌പിന്‍ യൂണിറ്റ് കൈകാര്യം ചെയ്യുമ്പോള്‍ ആവേശ് ഖാന്‍, ദുഷ്‌മന്ത ചമീര, ആൻഡ്രു ടൈ എന്നിവരാവും പേസാക്രമണത്തിന് ചുക്കാന്‍ പിടിക്കുക.
ക്വാറന്‍റൈനിലുള്ള ക്വിന്‍റണ്‍ ഡി കോക്ക്, ദേശീയ ടീമിനൊപ്പമുള്ള ജേസണ്‍ ഹോള്‍ഡര്‍, മാര്‍കസ് സ്‌റ്റോയിനിസ് എന്നിവരുടെ സേവനം ടീമിന് ലഭ്യമാവില്ല.
ഗുജറാത്ത് ടൈറ്റൻസ് : ശുഭ്‌മാന്‍ ഗില്‍, റഹ്മാനുള്ള ഗുര്‍ബാസ്, ഡേവിഡ് മില്ലര്‍ തുടങ്ങിയ താരങ്ങളാണ് ഗുജറാത്തിന്‍റെ ബാറ്റിങ് നിരയുടെ കരുത്ത്. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, വിജയ് ശങ്കര്‍, രാഹുല്‍ തിവാത്തിയ, റാഷിദ് ഖാന്‍ എന്നീ ഓള്‍റൗണ്ടര്‍മാരോടൊപ്പം ലോക്കി ഫെര്‍ഗൂസണ്‍, മുഹമ്മദ് ഷമി എന്നിവരടങ്ങുന്ന ബൗളിങ് നിരയും ചേരുമ്പോള്‍ ടീം കരുത്തേറിയതാവും. ദേശീയ ടീമിനൊപ്പമുള്ള വിന്‍ഡീസ് താരം അൽസാരി ജോസഫിന്‍റെ സേവനം ടീമിന് നഷ്‌ടമാവും.
പിച്ച് റിപ്പോര്‍ട്ട് :ബാറ്റിങ്ങിനെ പിന്തുണയ്‌ക്കുന്ന പിച്ചാണ് വാങ്കഡെയിലേത്. ചെറിയ ബൗണ്ടറികൾ ബാറ്റർമാർക്ക് ജോലി കൂടുതൽ എളുപ്പമാക്കുന്നതാണ്. കനത്ത മഞ്ഞുവീഴ്ച പ്രവചിക്കപ്പെടുന്ന ഇവിടെ ടോസ് നേടിയ ടീം ബൗളിങ് തെരഞ്ഞെടുക്കാനാണ് സാധ്യത. 182 റണ്‍സാണ് പിച്ചിലെ ശരാശരി ഒന്നാം ഇന്നിങ്സ് സ്‌കോര്‍. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് 60 ശതമാനം വിജയ ശതമാനമുണ്ട്.