പൂനെ: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സിനെതിരെ ചെന്നൈ സൂപ്പര്‍കിംഗ്‌സിന് വൻ വിജയം. ചെന്നൈ ഉയര്‍ത്തിയ 203 റണ്‍സ് പിന്തുടര്‍ന്ന ഹൈദരാബാദിന്‍റെ പോരാട്ടം 13 റണ്‍സ് അകലെ അവസാനിക്കുകയായിരുന്നു. ധോണി നായകനായി തിരിച്ചെത്തിയ മത്സരത്തില്‍ തകര്‍ത്തടിച്ച റിതുരാജ് ഗെയ്‌ക്‌വാദ് ആണ് കളിയിലെ താരം.
മത്സരത്തില്‍ ടോസ് ലഭിച്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ചെന്നൈയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഗെയ്‌ക്‌വാദിന്‍റെയും ഡേവണ്‍ കോണ്‍വെയുടെയും ബാറ്റിംഗ് പ്രകടനമാണ് ചെന്നൈക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഹൈദരാബാദ് ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ച് പറത്തിയ റിതുരാജ് സെഞ്ച്വറിക്ക് ഒരു റണ്‍ അകലെ പുറത്താകുകയായിരുന്നു. കോണ്‍വെ 55 പന്തില്‍ 85 റണ്‍സുമായി പുറത്താകാതെ നിന്നു.
ഒന്നാം വിക്കറ്റില്‍ ചെന്നൈ ഓപ്പണര്‍മാര്‍ 182 റണ്‍സാണ് നേടിയത്. ചെന്നൈയുടെ രണ്ട് വിക്കറ്റുകളും ഇടംകൈയന്‍ പേസര്‍ നടരാജനാണ് സ്വന്തമാക്കിയത്. മികച്ച തുടക്കത്തോടെയാണ് മറുപടി ബാറ്റിംഗ് സണ്‍ റൈസേഴ്‌സ് ആരംഭിച്ചത്. പവര്‍പ്ലേയുടെ അവസാന രണ്ട് പന്തുകളില്‍ ഹൈദരാബാദിന് ഇരട്ടപ്രഹരം നല്‍കി മുകേഷ് ചൗധരി ചെന്നൈയെ മത്സരത്തിലേക്ക് മടക്കികൊണ്ട് വരുകയായിരുന്നു. നാല് വിക്കറ്റുകളാണ് ചൗധരി നേടിയത്.
ഒരുവശത്ത് നിലയുറപ്പിച്ച നിക്കോളാസ് പുരാനും (33 പന്തില്‍ 64*) സണ്‍റൈസേഴ്‌സിനെ രക്ഷിക്കാനായില്ല. പത്ത് പോയിന്‍റുമായി സണ്‍റൈസേഴ്‌സ് നാലാം സ്ഥാനത്ത് തുടരുകയാണ്. ജയത്തോടെ ചെന്നൈക്ക് ആറ് പോയിന്‍റായി. ജയത്തോടെ പ്ലേ-ഓഫ് പ്രതീക്ഷ നിലനിര്‍ത്തിയിരിക്കുകയാണ് സൂപ്പര്‍ കിംഗ്‌സ്.