മുംബൈ: ഐപിഎല്ലിലെ പല മത്സരങ്ങളിലും മികച്ച തുടക്കമാണ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്‌ജു സാംസണ് ലഭിക്കാറുള്ളത്. എന്നാല്‍ ഇവ ഫലപ്രദമായ ഇന്നിങ്സാക്കി മാറ്റാന്‍ താരത്തിന് കഴിയാറില്ല. പലപ്പോഴും മോശം ഷോട്ട് സെലക്ഷനാണ് സഞ്‌ജുവിന് വിനയാവാറുള്ളത്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ താരം കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുയാണ് മുന്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ഡാനിയല്‍ വെട്ടോറി.
കളി എളുപ്പമാണെന്നും അതിനാല്‍ വ്യത്യസ്തമായ ചിലതിന് ശ്രമിക്കാമെന്ന ചിന്തയാണ് സഞ്‌ജുവിന് വിനയാവുന്നതെന്നാണ് വെട്ടോറി പറയുന്നത്. "കളി അവന് വളരെ എളുപ്പമാണെന്ന് തോന്നുന്നു, അതിനാൽ വ്യത്യസ്തമായ എന്തെങ്കിലും പരീക്ഷിക്കാനും, പുസ്തകത്തിലെ എല്ലാ ഷോട്ടുകളും കളിക്കാൻ തനിക്ക് കഴിയുമെന്ന് ഉറപ്പാക്കാനുമാണ് അവന്‍ ശ്രമിക്കുന്നതെന്ന് തോന്നുന്നു." വെട്ടോറി പറഞ്ഞു.
"അവൻ നന്നായി കളിക്കുന്നത് കാണാൻ സന്തോഷമുണ്ട്. പക്ഷേ എല്ലാം അവന് അൽപ്പം എളുപ്പമാണെന്ന് തോന്നുന്നു, ചിലപ്പോൾ അവൻ ഈ നിമിഷത്തിലല്ലെന്നും തോന്നാറുണ്ട്." വെട്ടോറി വ്യക്തമാക്കി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയും ഡൽഹി ക്യാപിറ്റൽസിനെതിരെയും യഥാക്രമം 55 റൺസും പുറത്താകാതെ 48 റൺസും നേടിയതിന് പുറമെ, സീസണില്‍ മറ്റ് മികച്ച പ്രകടനം നടത്താന്‍ സഞ്‌ജുവിന് കഴിഞ്ഞിട്ടില്ല.
also read:IPL 2022 | കിട്ടിയ തല്ലിന് പരാഗിനോട് കോര്‍ത്ത് ഹര്‍ഷല്‍; കൈ കൊടുക്കാതെ മടക്കം, ബാംഗ്ലൂര്‍ പേസര്‍ക്ക് വിമര്‍ശനം
അതേസമയം ഐപിഎല്ലില്‍ മികച്ച ഇന്നിങ്സ് കളിക്കാതെ സഞ്ജു സാംസൺ മികച്ച ഫോമും, ഇന്ത്യൻ ടി20 ടീമിലേക്ക് തിരിച്ചുവിളിക്കാനുള്ള അവസരവും പാഴാക്കുകയാണെന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ഇയാൻ ബിഷപ്പ് അഭിപ്രായപ്പെട്ടിരുന്നു. താനൊരു സഞ്ജു ആരാധകനാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഷോട്ട് സെലക്ഷനിലൂടെ താരം നല്ല ഫോം പാഴാക്കുന്നുവെന്നും പറഞ്ഞു.