മുംബൈ: ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 188 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബ് നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്‌ടത്തിലാണ് 187 റണ്‍സെടുത്തത്. അര്‍ധ സെഞ്ചുറി നേടി പുറത്താവാതെ നിന്ന ശിഖര്‍ ധവാനാണ് പഞ്ചാബ് ടോട്ടലിന്‍റെ നെടുന്തൂണ്‍.
59 പന്തില്‍ 88 റണ്‍സാണ് താരം അടിച്ച് കൂട്ടിയത്. ഭാനുക രാജപക്‌സെ 32 പന്തില്‍ 42 റണ്‍സെടുത്തും തിളങ്ങി. ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ പഞ്ചാബ് കരുതലോടെയാണ് തുടങ്ങിയത്. എന്നാല്‍ പവര്‍പ്ലേയില്‍ സ്‌കോര്‍ 37ല്‍ നില്‍ക്കെ ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍ പുറത്തായി.
21 പന്തില്‍ 18 റണ്‍സെടുത്ത താരത്തെ തീക്ഷണ ദുബെയുടെ കയ്യിലെത്തിച്ചു. തുടര്‍ന്ന് ഒന്നിച്ച ധവാനും രാജപക്സെയും 110 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്. രാജപക്സെ പുറത്തായതോടെയെത്തിയ ലിവിംഗ്സ്റ്റൺ അടിച്ച് തകര്‍ത്തു. ഏഴ് പന്തില്‍ 19 റണ്‍സടിച്ചാണ് താരം മടങ്ങിയത്. ആറാമന്‍ ജോണി ബെയർസ്റ്റോ മൂന്ന് പന്തില്‍ ആറ് റണ്‍സെടുത്ത് ഇന്നിങ്സിന്‍റെ അവസാന പന്തില്‍ റണ്ണൗട്ടായും തിരിച്ച് കയറി.
ചെന്നൈക്കായി നാല് ഓവറില്‍ 42 റണ്‍സ് വഴങ്ങിയ ഡ്വെയ്ൻ ബ്രാവോ രണ്ട് വിക്കറ്റെടുത്തു. നാല് ഓവറില്‍ 32 റണ്‍സ് വിട്ടുകൊടുത്ത മഹേഷ് തീക്ഷണ ഒരു വിക്കറ്റും സ്വന്തമാക്കി. ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ രവീന്ദ്ര ജഡേജ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് മായങ്ക് അഗര്‍വാള്‍ നയിക്കുന്ന പഞ്ചാബിറങ്ങിയത്.
ഷാരൂഖ് ഖാൻ, നഥാൻ എല്ലിസ്, വൈഭവ് അറോറ എന്നിവര്‍ പുറത്തായപ്പോള്‍ ഭാനുക രാജപക്സെ, ഋഷി ധവാൻ, സന്ദീപ് ശർമ എന്നിവരാണ് ടീമില്‍ ഇടം നേടിയത്. മറുവശത്ത് ചെന്നൈ നിരയില്‍ മാറ്റങ്ങളുണ്ടായിരുന്നില്ല.