മുംബൈ: ഐപിഎല്ലില്‍ ഏറ്റവും മോശം സീസണിനെയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മുന്‍ നായന്‍ വിരാട് കോലി അഭിമുഖീകരിക്കുന്നത്. സീസണില്‍ മൂന്ന് തവണയാണ് കോലി ഗോള്‍ഡന്‍ ഡക്കായി തിരിച്ച് കയറിയത്. ഇടയ്‌ക്കുള്ള ചില മിന്നലാട്ടങ്ങള്‍ക്കപ്പുറം ബാറ്റിങില്‍ സ്ഥിരത പുലര്‍ത്താന്‍ താരത്തിന് കഴിഞ്ഞിട്ടില്ല.
ഇപ്പോഴിതാ താരത്തിന് പിന്തുണ നല്‍കി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്‌പിന്നര്‍ അമിത് മിശ്ര. വിരാട് കോലിക്ക് ബാറ്റിങ് ഉപദേശം നല്‍കുന്നത് സൂര്യന് നേരെ ടോര്‍ച്ചടിക്കുന്നതിന് തുല്യമാണെന്നാണ് മിശ്ര പറയുന്നത്. ഞായറാഴ്‌ച സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ താരം ഡക്കായി തിരിച്ച് കയറിയിരുന്നു.
ഇതിന് പിന്നാലെയാണ് കോലിക്ക് പിന്തുണയുമായി അമിത് മിശ്ര രംഗത്തെത്തിയത്. കോലിക്ക് എന്ത് ഉപദേശമാണ് നല്‍കുകയെന്ന ഒരു ട്വിറ്റര്‍ ഉപയോക്താവിന്‍റെ ചോദ്യത്തോടായിരുന്നു മിശ്രയുടെ പ്രതികരണം. '' വിരാട് കോലിക്ക് ബാറ്റിങ് ഉപദേശം നല്‍കുന്നത് സൂര്യന് നേരെ ടോര്‍ച്ചടിക്കുന്നതിന് തുല്യമാണ്'' മിശ്ര കുറിച്ചു.
also read: ഞാനായിരുന്നു ക്യാപ്‌റ്റനാകേണ്ടിയിരുന്നത്, എന്നാൽ എവിടെ നിന്നോ വന്ന് ധോണി നായകനായി; യുവ്‌രാജ് സിങ്
താരത്തിന് ശക്തമായി തിരിച്ച് വരാന്‍ കുറച്ച് മത്സരങ്ങള്‍ മാത്രമേ ആവശ്യമുള്ളുവെന്നും മിശ്ര പറഞ്ഞു. 2014ല്‍ സമാന സാഹചര്യത്തിലൂടെ കോലി കടന്നു പോയിട്ടുണ്ടെന്നും, എന്നാല്‍ ഇംഗ്ലണ്ട് പര്യടനത്തിന് പിന്നാലെ താരം ശക്തമായി തിരിച്ചെത്തിയതും അമിത് മിശ്ര ചൂണ്ടിക്കാട്ടി.