ദുബായ്: 29 വയസായി. ആകെ കളിച്ചത് ഒരു ഫസ്റ്റ് ക്ലാസ് മത്സരം മാത്രം. ടി- 20യില്‍ ഇതുവരെ കളിച്ചത് 12 മത്സരങ്ങൾ. പേര് വരുൺ ചക്രവർത്തി. തമിഴ്‌നാടിന്‍റെ താരമായ വരുൺ ഇതാ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെത്തിയിരിക്കുന്നു. ഒട്ടും വൈകിയിട്ടില്ലെന്ന് വരുൺ തന്നെ പറഞ്ഞു കഴിഞ്ഞു. കഴിവും പ്രതിഭയുടെ ധാരാളിത്തവും നിറയുന്ന ഒരു പിടി താരങ്ങൾ പടിക്കു പുറത്തു നില്‍ക്കുമ്പോഴാണ് 29-ാം വയസില്‍ വരുണിന് ഇന്ത്യൻ ടീമിലേക്ക് വിളിയെത്തുന്നത്. ഇന്നിപ്പോൾ യുഎഇയില്‍ ബാറ്റ്‌സ്‌മാൻമാരെ വട്ടം കറക്കുന്ന വരുണിന് ക്രിക്കറ്റ് ഒരു കാലത്തും പ്രധാന കരിയറായിരുന്നില്ല. സ്കൂൾ ക്രിക്കറ്റില്‍ മികവ് തെളിയിച്ചിട്ടും അണ്ടർ 19 വരെ വിവിധ പ്രായ ഗ്രൂപ്പുകളിലേക്ക് തെരഞ്ഞെടുക്കപ്പെടാതെ വന്നതോടെ വരുൺ പഠനത്തില്‍ ശ്രദ്ധിച്ചു. ചിത്രകലയില്‍ അഭിരുചിയുള്ളതിനാല്‍ ആർകിടെക്‌ചർ പഠിച്ചു. ജോലി കിട്ടിയപ്പോൾ ജീവിത ചെലവുകൾക്ക് അത് തികയാതെ വന്നു. അതിനിടെ 25-ാം വയസില്‍ വീണ്ടും വരുൺ ക്രിക്കറ്റിലേക്ക് തിരിഞ്ഞു.
ടെന്നിസ് ബോളിലെ പ്രാദേശിക ക്രിക്കറ്റ് വരുൺ നന്നായി ആസ്വദിക്കുകയായിരുന്നു. പേസ് ബൗളറായി തുടങ്ങിയെങ്കിലും പിന്നീട് സ്‌പിന്നിലേക്ക് കളം മാറ്റി. അതൊരു മാറ്റമായിരുന്നു പ്രാദേശിക ടൂർണമെന്‍റുകളില്‍ വരുൺ തിളങ്ങി. 2027ല്‍ തമിഴ്‌നാട് പ്രീമിയർ ലീഗില്‍ എത്തിയെങ്കിലും കളിക്കാനായില്ല. 2018ല്‍ മധുരൈ പാന്തേഴ്‌സ് താരമായതോടെയാണ് വരുണിന്‍റെ തലവര മാറിയത്. മധുര ടീം ചാമ്പ്യൻമാരായി. അതിനു പിന്നാലെ വിജയ് ഹസാരെ ട്രോഫിക്കുള്ള തമിഴ്‌നാട് ടീമില്‍. തമിഴ്‌നാടിന് വേണ്ടി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയതോടെ ദേശീയ തലത്തില്‍ വരുൺ ശ്രദ്ധിക്കപ്പെട്ടു.