അബുദാബി: ഹൈദരബാദിന് 132 റണ്‍സ് വിജയ ലക്ഷ്യം. നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 131 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ. ടോസ് നേടി ബോളിങ്ങ് തിരഞ്ഞെടുത്ത വാർണറിന്‍റെ തീരുമാനം ശരിവെക്കുന്ന പ്രകടനമായിരുന്നു ഹൈദരാബാദ് ബോളേഴ്‌സ് പുറത്തെടുത്തത്. നാല് ഓവറിൽ 25 റണ്‍സ് മാത്രം വഴങ്ങി ഒപ്പണർമാരുടെ ഉൾപ്പടെ മൂന്ന് വിക്കറ്റ് നേടിയ ജയ്‌സണ്‍ ഹോൾഡറിന്‍റെ പ്രകടനം നിർണായകമായി.
മൂന്ന് പേർ മാത്രമാണ് ബാംഗ്ലൂർ നിരയിൽ രണ്ടക്കം കടന്നത്. 56 റണ്‍സ് എടുത്ത ഡിവില്ലിയേഴ്‌സിന്‍റെ പ്രകടനമാണ് ബാംഗ്ലൂരിന് പൊരുതാനുള്ള സ്കോർ സമ്മാനിച്ചത്. 32 റണ്‍സ് എടുത്ത ആരോണ്‍ ഫിഞ്ചും ഒമ്പതാമനായി ഇറങ്ങി 10 റണ്‍ നേടിയ മൊഹമ്മദ് സിറാജും ആണ് പത്തക്കം കടന്ന മറ്റു രണ്ട് പേർ.
വീണ്ടും നിരാശപ്പെടുത്തിയ വിരാട് കോലിയെ ആണ് ഹൈദരാബാദ് ആദ്യം കുടുക്കിയത്. ജയ്‌സണ്‍ ഹോൾഡർ രണ്ടാം ഓവറിൽ കോലിയെ(7 പന്തിൽ 6 റണ്‍സ്) പ്രിയം ഗാർഗിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു. നാലാം ഓവറിൽ ദേവദത്ത് പടിക്കലിനെയും (1)ഹോൾഡർ മടക്കി. പതിയെ ബാറ്റിങ്ങിന് താളം കണ്ടെത്തിയ ആരോണ്‍ ഫിഞ്ചിനെയും(32) പൂജ്യത്തിന് മൊയീൻ അലിയെയും 11മത്തെ ഓവറിൽ ഷഹബാസ് നദീമും മടക്കി. പതിനഞ്ചാം ഓവറിൽ മൂന്നാം തവണ പന്തെടുത്ത ഹോൾഡർ ഇത്തവണ ശിവം ദുബയുടെ വിക്കറ്റുമായാണ് മടങ്ങിയത്.
പതിനെട്ടാം ഓവറിൽ അഞ്ച് റണ്‍സ് എടുത്ത വാഷിങ്ടണ്‍ സുന്ദറിനെയും അർധ സെഞ്ച്വറി തികച്ച് ടീമിലെ തോളിലേറ്റിയ ഡിവില്ലിയേഴ്‌സിനെയും പവലിയനിലേക്ക് അയച്ച് നടരാജൻ ബാംഗ്ലൂരിന്‍റെ എല്ലാ പ്രതീഷയും തകർക്കുകയായിരുന്നു.