ദുബായ്: പോയിന്‍റ് പട്ടികയില്‍ ആറും ഏഴും സ്ഥാനത്തുള്ള രണ്ട് ടീമുകൾ. ആദ്യ ഐപിഎല്‍ കിരീടം നേടിയ രാജസ്ഥാൻ റോയല്‍സും 2016ലെ കിരീട ജേതാക്കളായ സൺറൈസേഴ്‌സ് ഹൈദരാബാദും ഇന്ന് കളത്തിലിറങ്ങുമ്പോൾ വിജയത്തില്‍ കുറഞ്ഞൊന്നും സ്വപ്‌നം കാണുന്നില്ല. പ്ലേ ഓഫിലെത്താൻ എട്ട് ടീമുകൾക്കും സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഓരോ പരാജയവും ടൂർണമെന്‍റിന് പുറത്തേക്കുള്ള വഴി തുറക്കും. ഈ ടൂർണമെന്‍റില്‍ ഇരു ടീമുകളും ആദ്യം ഏറ്റുമുട്ടിയപ്പോൾ ജയം രാജസ്ഥാൻ റോയല്‍സിനൊപ്പമായിരുന്നു. 10 മത്സരങ്ങൾ പൂർത്തിയാക്കിയ രാജസ്ഥാൻ റോയല്‍സിന് നാല് ജയവും ആറ് തോല്‍വിയുമായി എട്ട് പോയിന്‍റാണുള്ളത്. എന്നാല്‍ ഒൻപത് മത്സരങ്ങൾ കളിച്ച സൺറൈസേഴ്‌സ് മൂന്ന് ജയവും ആറ് തോല്‍വിയും അടക്കം ആറ് പോയിന്‍റുമായി രാജസ്ഥാന് തൊട്ടു പിന്നില്‍ ഏഴാം സ്ഥാനത്താണ്.
മുൻ ചാമ്പ്യൻമാർക്ക് ജയിക്കാതെ രക്ഷയില്ല: തോല്‍വികൾ മറക്കാൻ ഹൈദരാബാദും രാജസ്ഥാനും
10 മത്സരങ്ങൾ പൂർത്തിയാക്കിയ രാജസ്ഥാൻ റോയല്‍സിന് നാല് ജയവും ആറ് തോല്‍വിയുമായി എട്ട് പോയിന്‍റാണുള്ളത്. എന്നാല്‍ ഒൻപത് മത്സരങ്ങൾ കളിച്ച സൺറൈസേഴ്‌സ് മൂന്ന് ജയവും ആറ് തോല്‍വിയും അടക്കം ആറ് പോയിന്‍റുമായി രാജസ്ഥാന് തൊട്ടു പിന്നില്‍ ഏഴാം സ്ഥാനത്താണ്.
സൺറൈസേഴ്‌സ് നിരയില്‍ പരിക്കേറ്റ കെയ്‌ൻ വില്യംസൺ ഇന്ന് കളിച്ചേക്കില്ല. പകരം മുഹമ്മദ് നബി, ഫാബിൻ അലൻ, ജേസൺ ഹോൾഡർ എന്നിവരില്‍ ഒരാൾക്ക് നറുക്ക് വീഴും. മലയാളി താരം ബേസില്‍ തമ്പിക്ക് പകരം ഖലീല്‍ അഹമ്മദിനെ ഉൾപ്പെടുത്തുന്ന കാര്യവും സൺറൈസേഴ്‌സ് ടീം ആലോചിക്കുന്നുണ്ട്. ഡേവിഡ് വാർണർ നയിക്കുന്ന ടീമില്‍ മധ്യനിരയില്‍ മനീഷ് പാണ്ഡെ, പ്രിയം ഗാർഗ്, വിജയ് ശങ്കർ അടക്കമുള്ള താരങ്ങൾ ഇനിയും ഫോം കണ്ടെത്തിയിട്ടില്ല. ജോണി ബെയർ സ്റ്റോ, ഡേവിഡ് വാർണർ എന്നിവർ മാത്രമാണ് ഫോമിലുള്ളത്. തകർപ്പൻ അടിക്ക് കഴിവുള്ള കശ്‌മീർതാരം അബ്‌ദുൾ സമദ് നിലയുറപ്പിച്ച് കളിക്കുന്ന കാര്യത്തില്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
ബൗളർമാരില്‍ ആദ്യ കളികളില്‍ മികച്ചു നിന്ന ടി നടരാജൻ കഴിഞ്ഞ കളികളില്‍ റൺസ് വിട്ടുകൊടുത്തത് ഹൈദരാബിന്‍റെ തോല്‍വിയില്‍ നിർണായകമായിരുന്നു. സന്ദീപ് ശർമ, റാഷിദ് ഖാൻ എന്നിവർ കൂടുതല്‍ വിക്കറ്റ് നേടുന്നതില്‍ ശ്രദ്ധിച്ചാല്‍ ഹൈദരാബാദിന് വിജയത്തിലേക്ക് മടങ്ങിയെത്താം. അതേസമയം, രാജസ്ഥാൻ ആരെയും തോല്‍പ്പിക്കാനും ആരോടും തോല്‍ക്കാനും കഴിയുന്ന ടീമായി മാറി. ബെൻ സ്റ്റോക്‌സ് ഫോമിലെത്താത്തതാണ് രാജസ്ഥാൻ നേരിടുന്ന പ്രശ്നം. ബാറ്റിങില്‍ നായകൻ സ്റ്റീവ് സ്മിത്ത്, ജോസ് ബട്‌ലർ എന്നിവർ ഫോമിലാണ്. എന്നാല്‍ സ്ഥിരതയില്ലായ്‌മ ഒപ്പം കൊണ്ടു നടക്കുന്ന സഞ്ജു സാംസൺ രാജസ്ഥാൻ ടീമിന് ഇപ്പോൾ തലവേദനയാണ്.