ഷാർജ: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കിങ്‌സ് ഇലവന്‍ പഞ്ചാബിന് 172 റണ്‍സ് വിജയലക്ഷ്യം. ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. പഞ്ചാബിന്‍റെ ബൗളര്‍മാരുടെ മികച്ച പ്രകടനമാണ് ബാംഗ്ലൂരിനെ 171 എന്ന സ്‌കോറില്‍ ഒതുക്കിയത്. പഞ്ചാബിന് വേണ്ടി ഷമിയും എം.അശ്വിനും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ അര്‍ഷ്ദീപ്, ക്രിസ് ജോര്‍ഡന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 39 പന്തുകളില്‍ നിന്നും 48 റണ്‍സെടുത്ത ക്യാപ്റ്റന്‍ കോലിയും അവസാന ഓവറുകളില്‍ അടിച്ചു തകര്‍ച്ച മോറിസുമാണ് ബാംഗ്ലൂരിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
ബാംഗ്ലൂരിനെതിരെ പഞ്ചാബിന് 172 റണ്‍സ് വിജയലക്ഷ്യം
39 പന്തുകളില്‍ നിന്നും 48 റണ്‍സെടുത്ത ക്യാപ്റ്റന്‍ കോലിയും അവസാന ഓവറുകളില്‍ അടിച്ചു തകര്‍ച്ച മോറിസുമാണ് ബാംഗ്ലൂരിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ചും ദേവ്ദത്ത് പടിക്കലും ചേര്‍ന്ന് മികച്ച തുടക്കമാണ് ബാംഗ്ലൂരിന് നല്‍കിയത്. ഇരുവരും ചേര്‍ന്ന് 38 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. സ്‌കോര്‍ ബോര്‍ഡ് 38-ല്‍ നില്‍ക്കെ 12 പന്തുകളില്‍ നിന്നും 18 റണ്‍സെടുത്ത ദേവ്ദത്തിനെ മടക്കി അര്‍ഷ്ദീപ് പഞ്ചാബിനെ മത്സരത്തിലേക്ക് കൊണ്ടുവന്നു. പിന്നാലെ ഫിഞ്ചിനെ ക്ലീന്‍ ബൗള്‍ഡ് ചെയ്ത് എം.അശ്വിന്‍ ബാംഗ്ലൂരിന് ഇരട്ട പ്രഹരമേകി. പതിയെ പഞ്ചാബ് ബൗളര്‍മാര്‍ കളിയിലേക്ക് തിരിച്ചെത്തി.
ദേവ്ദത്തിന് ശേഷം ക്രീസിലെത്തിയ കോലി മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞതോടെ സ്‌കോര്‍ബോര്‍ഡ് 50 കടന്നു. വാഷിങ്ടണ്‍ സുന്ദറാണ് നാലാമനായി ഇറങ്ങിയത്. എന്നാല്‍ അദ്ദേഹം പെട്ടന്ന് മടങ്ങി. അശ്വിന്‍ തന്നെയാണ് സുന്ദറിനെയും പുറത്താക്കിയത്. പിന്നാലെയെത്തിയത് ഓള്‍റൗണ്ടര്‍ ശിവം ദുബെയാണ്. ഡിവില്ലിയേഴ്‌സിനെ ആറാമനാക്കിയാണ് ഇത്തവണ ആര്‍.സി.ബി ഇറക്കിയത്. ഒരു വശത്ത് കോലി റണെടുക്കാൻ തുടങ്ങിയതോടെ 14-ാം ഓവറില്‍ സ്‌കോര്‍ 100 കടന്നു. പിന്നാലെ ദുബെയും തകര്‍പ്പന്‍ അടികളുമായി കളം നിറഞ്ഞു. എന്നാൽ ദുബെയെ മടക്കി ജോര്‍ദന്‍ കളി പഞ്ചാബിന് അനുകൂലമാക്കി.