കേരളം

kerala

ETV Bharat / sports

പ്ലേ ഓഫ് ഉറപ്പാക്കി മുംബൈ; ബാംഗ്ലൂരിനെതിരെ അഞ്ച് വിക്കറ്റ് ജയം

43 പന്തില്‍ നിന്ന് 10 ഫോറും 3 സിക്‌സും ഉൾപടെ 79 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവാണ് കളിയിലെ കേമൻ.

mumbai won by 5 wickets  അബുദാബി  ipl2020  ipl uae 2020  ഐ.പി.എൽ വാർത്തകൾ  മുംബൈ ഇന്ത്യന്‍സ്  റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ
പ്ലേ ഓഫ് ഉറപ്പാക്കി മുംബൈ; ബാംഗ്ലൂരിനെതിരെ അഞ്ച് വിക്കറ്റ് ജയം

By

Published : Oct 29, 2020, 12:18 AM IST

അബുദാബി: ഐ.പി.എല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫ് ഉറപ്പാക്കി. സൂര്യകുമാര്‍ യാദവിന്‍റെ തകര്‍പ്പന്‍ ഇന്നിംഗ്സിന്‍റെ കരുത്തിൽ അഞ്ച് വിക്കറ്റിനാണ് മുംബൈ ബാംഗ്ലൂരിനെ തകര്‍ത്ത് പോയിന്‍റ് പട്ടികയിൽ ഒന്നാമത് എത്തിയത്. യാദവ് 43 പന്തില്‍ നിന്ന് 10 ഫോറും 3 സിക്‌സും ഉൾപടെ 79 റണ്‍സ് നേടി. സൂര്യകുമാര്‍ യാദവാണ് കളിയിലെ കേമൻ.

165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ മുംബൈക്കായി ക്വിന്റണ്‍ ഡിക്കോക്കും ഇഷാന്‍ കിഷനും ശ്രദ്ധയോടെയാണ് തുടങ്ങിയത്. സ്‌കോര്‍ 37-ല്‍ നില്‍ക്കെ ഡിക്കോക്കിനെ പുറത്താക്കി മുഹമ്മദ് സിറാജ് മുംബൈയെ ഞെട്ടിച്ചു. 19 പന്തില്‍ 18 റണ്‍സായിരുന്നു ഡിക്കോക്കിന്‍റെ സമ്പാദ്യം. തന്‍റെ ആദ്യ ഓവറില്‍ തന്നെ ഇഷാന്‍ കിഷനെ മടക്കിയ യൂസ്‌വേന്ദ്ര ചാഹല്‍ മുംബൈയെ പ്രതിരോധത്തിലാക്കി. 19 പന്തില്‍ നിന്ന് ഒരു സിക്‌സും മൂന്നു ഫോറുമടക്കം 25 റണ്‍സെടുത്താണ് കിഷന്‍ പുറത്തായത്. കാര്യമായ സംഭാവനകളില്ലാതെ സൗരഭ് തിവാരിയും (5) പുറത്തായി. ക്രുണാല്‍ പാണ്ഡ്യ 10 റണ്‍സെടുത്ത് പുറത്തായി. ഹാര്‍ദിക് പാണ്ഡ്യ 15 പന്തില്‍ നിന്നും 17 റണ്‍സെടുത്ത് പുറത്തായി. പൊള്ളാര്‍ഡ് നാലു റണ്‍സുമായി പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു. അര്‍ദ്ധസെഞ്ച്വറിയോടെ 74 റണ്‍സെടുത്ത ഓപ്പണര്‍ ദേവ്‌ദത്ത് പടിക്കലിന്‍റെ മികവിലാണ് ബാംഗ്ലൂര്‍ ശക്തമായ സ്‌കോര്‍ സ്വന്തമാക്കിയത്. 45 പന്തില്‍ ഒരു സിക്‌സും 12 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ദേവ്ദത്തിന്‍റെ ഇന്നിങ്സ്. മറ്റൊരു ഓപ്പണറായ ജോഷ്വ ഫിലിപ്പെ 24 പന്തില്‍ 33 റണ്‍സ് എടുത്ത് പുറത്തായി. ദേവ്‌ദത്ത് പടിക്കലും ഫിലിപ്പെയും ചേര്‍ന്ന് 71 റണ്‍സിന്‍റെ ഓപ്പണിങ് കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. വണ്‍ഡൗണായി ഇറങ്ങിയ നായകന്‍ വിരാട് കോലിയും എബി ഡിവില്ലിയേഴ്‌സും ഉള്‍പ്പെടെയുള്ള താരങ്ങള്‍ പ്രതീക്ഷക്ക് ഒത്ത് ഉയരാത്തത് ബാംഗ്ലൂരിന് തിരിച്ചടിയായി. കോലി ഒമ്പത് റണ്‍സെടുത്തും എബിഡി 10 റണ്‍സെടുത്തും പുറത്തായപ്പോള്‍ മധ്യനിരയും വാലറ്റവും നിരാശപ്പെടുത്തി.

മുംബൈക്ക് വേണ്ടി സ്റ്റാര്‍ പോസര്‍ ജസ്പ്രീത് ബുമ്ര മൂന്ന് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ ദീപക് ചാഹര്‍, ട്രെന്‍ഡ് ബോള്‍ട്ട്, നായകന്‍ കീറോണ്‍ പൊള്ളാര്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി. മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ബുമ്ര ഐപിഎല്ലില്‍ 100 വിക്കറ്റുകളെന്ന നേട്ടവും സ്വന്തമാക്കി.

ABOUT THE AUTHOR

...view details