കേരളം

kerala

ETV Bharat / sports

പഞ്ചാബിനെ എറിഞ്ഞൊതുക്കി മുംബൈ - പഞ്ചാബ്

ഇതോടെ നാല് പോയിന്‍റുമായി പട്ടികയിൽ മുംബൈ ഒന്നാമതെത്തി

IPL 2020  പഞ്ചാബിനെ എറിഞ്ഞൊതുക്കി മുംബൈ  mumbai-throws-out-punjab-  kingsxl punjab
പഞ്ചാബിനെ എറിഞ്ഞൊതുക്കി മുംബൈ

By

Published : Oct 2, 2020, 12:05 AM IST

അബുദാബി: ബാറ്റ്‌സ്മാന്‍മാര്‍ക്കു പിന്നാലെ ബൗളര്‍മാരും തിളങ്ങിയപ്പോൾ വിജയം മുംബൈയ്ക്കൊപ്പം നിന്നു. പഞ്ചാബിനെ 48 റണ്‍സിന് തകര്‍ത്ത് മുംബൈ ഐ പി എല്ലിലെ രണ്ടാം വിജയം നേടി. 192 റണ്‍സ് വിജയം ലക്ഷ്യം മുന്നോട്ട് വെച്ച മുംബൈയ്ക്കെതിരെ കിംഗ്‌സ് ഇലവന് 20 ഓവറില്‍ നിന്ന് 8 വിക്കറ്റ് നഷ്ടത്തിൽ 143 റണ്‍സ് നേടാനായുള്ളു. ഇതോടെ നാല് പോയിന്‍റുമായി പട്ടികയിൽ മുംബൈ ഒന്നാമതെത്തി. കളിച്ച നാലു മത്സരങ്ങളിൽ മൂന്നും തോറ്റ പഞ്ചാബ് ആറാം സ്ഥാനത്താണ്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യൻസിന്‍റെ തുടക്കം തകർച്ചയോടെയായിരുന്നു. സ്കോര്‍ ബോർഡിൽ ആദ്യ റൺ വരുംമുൻപേ മുംബൈയ്ക്ക് ഒന്നാം വിക്കറ്റ് നഷ്ടപ്പെട്ടു. അഞ്ചു പന്തുകൾ നേരിട്ട ഡി കോക്ക് ഷെൽഡൻ കോട്രലിന്‍റെ പന്തിൽ ബൗള്‍ഡായി. പിന്നീട് സൂക്ഷിച്ച് കളിച്ച മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ (45 പന്തിൽ 70)യുടെയും അവസാന പന്തുകളിൽ ആഞ്ഞടിച്ച പാണ്ഡ്യയും (11 പന്തിൽ 30) പൊള്ളാർഡ‍ിന്‍റെയും (20 പന്തിൽ 47) മികവിൽ സ്കോർ 190 കടത്തി.

മറുപടി ബാറ്റിങ്ങിൽ ഭേദപ്പെട്ട തുടക്കമാണു പഞ്ചാബിന് ലഭിച്ചത്. മായങ്ക് അഗർവാളും കെ.എൽ. രാഹുലും ഒന്നാം വിക്കറ്റിൽ 38 റൺസിന്‍റെ കൂട്ടുകെട്ടുണ്ടാക്കി. 25 റണ്‍സെടുത്ത അഗര്‍വാളിനെ ബൗള്‍ഡാക്കി ബുമ്രയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. രാഹുൽ നിലയുറപ്പിക്കാൻ ശ്രമിച്ചതോടെ പഞ്ചാബ് സ്കോർ 50 പിന്നിട്ടു. അധികം വൈകാതെ രാഹുലിനെയും മുംബൈ വീഴ്ത്തി. 19 പന്തിൽ 17 റൺസെടുത്ത രാഹുലിനെ രാഹുല്‍ ചാഹറാണു ബൗൾഡാക്കിയത്. രണ്ട് സിക്സും മൂന്ന് ഫോറും നേടി നിക്കോളാസ് പുരാൻ 27 പന്തിൽ 44 റൺസ് അടിച്ചെടുത്തു. തുടർന്ന് ക്രീസിലുണ്ടായിരുന്ന മാക്സ്‍വെല്ലിനു കാര്യമായ പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. മാക്സ്‍വെല്ലിനെ പുറത്താക്കി രാഹുൽ ചാഹർ വിക്കറ്റ് നേട്ടം രണ്ടാക്കി. തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെട്ടത് പഞ്ചാബിനെ സമ്മർദത്തിലാക്കി. മുംബൈ ഇന്ത്യൻസിനായി ജെയിംസ് പാറ്റിൻസൻ, ജസ്പ്രീത് ബുമ്ര, രാഹുൽ ചാഹർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ട്രെന്‍റ് ബോൾട്ടും ക്രുനാല്‍ പാണ്ഡ്യയും ഓരോ വിക്കറ്റും സ്വന്തമാക്കി.

ABOUT THE AUTHOR

...view details