അബുദാബി: ഐ.പി.എല്ലില്‍ വെള്ളിയാഴ്‌ച നടക്കുന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ മുംബൈ ഇന്ത്യന്‍സിന് 149 റണ്‍സ് വിജയലക്ഷ്യം. പുതിയ ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍റെ നേതൃത്വത്തില്‍ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുത്തു. ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തിയ ബാറ്റിങ് പ്രകടനമായിരുന്നു കൊല്‍ക്കത്തയുടേത്. മികച്ച രീതിയിൽ പന്തെറിഞ്ഞ മുംബൈ ബൗളർമാരാണ് കൊല്‍ക്കത്തയെ ചെറിയ റൺസിന് ഒതുക്കിയത്. മുംബൈക്കായി രാഹുല്‍ ചാഹര്‍ നാല് ഓവറില്‍ വെറും 18 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി.
മുംബൈക്ക് ജയിക്കാന്‍ 149 റണ്‍സ് - കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
ആറാം വിക്കറ്റില്‍ ഒന്നിച്ച ഓയിന്‍ മോര്‍ഗന്‍ - പാറ്റ് കമ്മിന്‍സ് കൂട്ടുകെട്ടാണ് 148-ല്‍ എത്തിച്ചത്
10.4 ഓവറില്‍ അഞ്ചു വിക്കറ്റിന് 61 റണ്‍സെന്ന നിലയിലായിരുന്ന കൊല്‍ക്കത്തയെ ആറാം വിക്കറ്റില്‍ ഒന്നിച്ച ഓയിന്‍ മോര്‍ഗന്‍ - പാറ്റ് കമ്മിന്‍സ് കൂട്ടുകെട്ടാണ് 148-ല്‍ എത്തിച്ചത്.ആറാം വിക്കറ്റില്‍ ഇരുവരും 57 പന്തുകളില്‍ നിന്ന് 87 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 36 പന്തില്‍ നിന്ന് രണ്ടു സിക്‌സും അഞ്ചു ഫോറുമടക്കം 53 റണ്‍സെടുത്ത പാറ്റ് കമ്മിന്‍സാണ് കൊല്‍ക്കത്ത നിരയിലെ ടോപ് സ്‌കോറര്‍. 29 പന്തുകള്‍ നേരിട്ട മോര്‍ഗന്‍ 39 റണ്‍സോടെ പുറത്താകാതെ നിന്നു.
മൂന്നാം ഓവറില്‍ തന്നെ കൊല്‍ക്കത്തയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഏഴു റണ്‍സെടുത്ത ഓപ്പണര്‍ രാഹുല്‍ ത്രിപാഠി ബോൾട്ടിന്‍റെ പന്തിൽ സൂര്യകുമാര്‍ യാദവിന് ക്യാച്ച് നൽകി മടങ്ങി. പിന്നാലെ നിതീഷ് റാണയും (5) മടങ്ങി. രാഹുല്‍ ചാഹര്‍ എറിഞ്ഞ എട്ടാം ഓവറില്‍ വമ്പന്‍ ഷോട്ടിന് ശ്രമിച്ച ശുഭ്‌മാന്‍ ഗില്ല് രാഹുലിന്‍റെ പന്തിൽ പൊള്ളാര്‍ഡ് ക്യാച്ചെടുത്ത് പുറത്താക്കി. 23 പന്തില്‍ നിന്ന് 21 റണ്‍സ് മാത്രമായിരുന്നു ഗില്ലിന് നേടാനായത്. തൊട്ടടുത്ത പന്തില്‍ മോശം ഷോട്ടിന് ശ്രമിച്ച ദിനേഷ് കാര്‍ത്തിക്കിനെ(4) വിക്കറ്റിന്‍റെ മുന്നിൽ കുടുക്കി രാഹുൽ മാജിക്ക്. അവസാന പ്രതീക്ഷയായിരുന്ന ആന്ദ്രേ റസ്സല്‍ ഒമ്പത് പന്തില്‍ 12 റണ്‍സുമായി ബുമ്രയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയതോടെ കൊല്‍ക്കത്ത ഒരു ഘട്ടത്തില്‍ 100 കടക്കില്ലെന്ന് തോന്നിച്ചതാണ്. തുടര്‍ന്നായിരുന്നു മോര്‍ഗന്‍ - കമ്മിന്‍സ് കൂട്ടുകെട്ട്. രണ്ടു മാറ്റങ്ങളുമായാണ് കൊല്‍ക്കത്ത ഇന്ന് കളത്തിലിറങ്ങിയത്. കമലേഷ് നാഗര്‍കോട്ടിക്ക് പകരം ശിവം മാവിയും ടോം ബാന്‍റണ് പകരം ക്രിസ് ഗ്രീനും ടീമിലെത്തി. മുംബൈ ടീമില്‍ ജെയിംസ് പാറ്റിന്‍സണ് പകരം നഥാന്‍ കോള്‍ട്ടര്‍ നെയ്ല്‍ കളിക്കുന്നു.