ദുബായ്: ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെ 57 റണ്‍സിന്‍റെ വമ്പന്‍ ജയവുമായി നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ ഫൈനലില്‍. 201 റണ്‍സിന്‍റെ വിജയ ലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഡല്‍ഹിക്ക് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 143 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ. നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തിയ ജസ്‌പ്രീത് ബുമ്രയും രണ്ട് ഓവറില്‍ ഒമ്പത് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്‌ത്തിയ ടെന്‍ഡ് ബോള്‍ട്ടും ചേര്‍ന്നാണ് ഡല്‍ഹിയെ എറിഞ്ഞിട്ടത്. ഹര്‍ദിക് പാണ്ഡ്യ കീറോണ്‍ പൊള്ളാര്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
ഓപ്പണര്‍മാരായ പൃഥ്വിഷായും ശിഖര്‍ ധവാനും അജിങ്ക്യാ രഹാനെയും റണ്ണൊന്നും എടുക്കാതെ പുറത്തായപ്പോള്‍ തന്നെ ഡല്‍ഹി അപകടം മണത്തിരുന്നു. നാലാമനായി ഇറങ്ങിയ നായകന്‍ ശ്രേയസ് അയ്യര്‍ കരുതി കളിച്ചെങ്കിലും 12 റണ്‍ എടുത്ത് പുറത്തായി. മൂന്ന് റണ്‍സെടുത്ത് പുറത്തായ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ റിഷഭ് പന്തും റണ്ണൊന്നും എടുക്കാതെ പുറത്തായ ഡാനയേല്‍ സാമും നിരാശപ്പെടുത്തി. അര്‍ദ്ധസെഞ്ച്വറിയോടെ 65 റണ്‍സെടുത്ത മാര്‍ക്കസ് സ്റ്റോണിയസും 42 റണ്‍സെടുത്ത അക്‌സര്‍ പട്ടേലും മാത്രമാണ് മുംബൈക്ക് എതിരെ അല്‍പ്പമെങ്കിലും പിടിച്ച് നിന്നത്. വാലറ്റത്ത് കാസിഗോ റബാദ 15 റണ്‍സെടുത്തും ആന്‍റട്രിച് നോട്രിജെ റണ്ണൊന്നും എടുക്കാതെയും പുറത്താകാതെ നിന്നു. ഒന്നാം ക്വാളിഫയറില്‍ പരാജയപ്പെട്ടതോടെ ഡല്‍ഹിക്ക് ഞായറാഴ്ച നടക്കുന്ന അടുത്ത ക്വാളിഫയറില്‍ ജയിച്ചാലെ ഫൈനല്‍ പ്രവേശനം സാധ്യമാകൂ. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മില്‍ വെള്ളിയാഴ്‌ച അദുബാബിയില്‍ നടക്കുന്ന എലിമിനേറ്ററിലെ വിജയികളെയാണ് ഡല്‍ഹി ഞായറാഴ്‌ച നേരിടുക.