അബുദാബി: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 163 റണ്‍സ് വിജയലക്ഷ്യം. ഡല്‍ഹി നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 162 റണ്‍സെടുത്തു. ഡല്‍ഹിയ്ക്ക് വേണ്ടി അർധസെഞ്ച്വറി നേടിയ ശിഖർ ധവാനും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മികച്ച രീതിയില്‍ പന്തെറിഞ്ഞ മുംബൈ ബൗളർമരാണ് കൂറ്റന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്നും ഡല്‍ഹിയെ തടഞ്ഞത്. ക്രുനാല്‍ പാണ്ഡ്യ രണ്ടു വിക്കറ്റെടുത്തപ്പോള്‍ ബോള്‍ട്ട് ഒരു വിക്കറ്റ് വീഴത്തി.
ഡല്‍ഹിക്കെതിരെ മുംബൈയ്ക്ക് 163 റണ്‍സ് വിജയലക്ഷ്യം
ഡല്‍ഹിയ്ക്ക് വേണ്ടി ശിഖർ ധവാൻ അർധസെഞ്ച്വറി നേടി
ടോസ് നേടി ബാറ്റിംങ് ആരംഭിച്ച ഡല്‍ഹിക്ക് ആദ്യ ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. നാല് റണ്‍സെടുത്ത പൃഥ്വി ഷായെ ബോള്‍ട്ട് മടക്കി. ഈ സീസണില്‍ ഇതാദ്യമായി അവസരം ലഭിച്ച രഹാന 15 റണ്‍സിന് പാണ്ഡ്യയുടെ ബൗളിൽ വിക്കറ്റിന് മുന്നില്‍ കീഴടങ്ങി. പിന്നീട് ഒത്തുചേര്‍ന്ന ധവാനും ശ്രേയസും ചേര്‍ന്ന് മികച്ച ഇന്നിങ്‌സ് കെട്ടിപ്പൊക്കി. ഇരുവരും മൂന്നാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ ഈ കൂട്ടുകെട്ട് പൊളിച്ച് ക്രുനാല്‍ പാണ്ഡ്യ വീണ്ടും കളി മുംബൈയ്ക്ക് അനുകൂലമാക്കി. ഇരുവരും ചേര്‍ന്ന് 85 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. 33 പന്തുകളില്‍ നിന്നും 42 റണ്‍സെടുത്ത് ശ്രേയസ് പുറത്തായപ്പോള്‍ ഡല്‍ഹി പരുങ്ങലിലായി. എന്നാല്‍ ശ്രേയസ്സിന് ശേഷം ക്രീസിലെത്തിയ സ്‌റ്റോയിനിസ് അടിച്ചുതകര്‍ത്തതോടെ സ്‌കോര്‍ വീണ്ടും കുതിച്ചു. ഇതിനിടയില്‍ ധവാന്‍ അര്‍ധ സെഞ്ചുറി നേടി. എന്നാല്‍ അനാവശ്യ റണ്‍സിന് ശ്രമിച്ച് സ്‌റ്റോയിനിസ് റണ്‍ ഔട്ട് ആയി. 13 റണ്‍സാണ് സ്‌റ്റോയിനിസ് നേടിയത്. അവസാന ഓവറുകളില്‍ കാര്യമായ റൺസെടുക്കാൻ ഡല്‍ഹിക്കായില്ല. ധവാന്‍റെ ഒറ്റയാള്‍ പോരാട്ടമാണ് സ്‌കോര്‍ 160 കടത്തിയത്. അദ്ദേഹം പുറത്താവാതെ 52 പന്തില്‍ നിന്നും 69 റണ്‍സെടുത്തു.