ഇന്ന് സൂപ്പർ പോരാട്ടം: ബാംഗ്ലൂരിനെ നേരിടാൻ കൊല്‍ക്കത്ത - ദുബായ്
ഇന്ത്യൻ സമയം രാത്രി 7.30 നാണ് കളി
ദുബായ്: ഐ.പി.എല്ലിൽ ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. ഷാർജ ക്രിക്കറ്റ് സ്‌റ്റേഡിയതിൽ രാത്രി 7.30 നാണ് മത്സരം. വിജയത്തുടർച്ച ലക്ഷ്യമിട്ടാണ് ഇരു ടീമുകളും ഇന്നിറങ്ങുന്നത്. നായകൻ കോലി ഫോമിലേക്ക് ഉയർന്നതും ഓപ്പണർ ദേവദത്ത് പടിക്കൽ സ്ഥിരത പുലർത്തുന്നതും റോയൽ ചലഞ്ചേഴ്‌സിന് പ്രതീക്ഷ നൽക്കുന്നു. ആരോൺ ഫിഞ്ചും ഡിവില്ലിയേഴ്‌സും പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നാൽ ബാംഗ്ലൂരിന് വിജയം തുടരാനാകും. ക്രിസ് മോറിസും യുസ്‌വേന്ദ്ര ചഹാലും വാഷിംഗ്‌ടൺ സുന്ദറും നേതൃത്വം നൽകുന്ന ബൗളിംഗ് നിര മികച്ച ഫോമിലാണ്. അതേസമയം, തുടർച്ചയായ രണ്ടുമത്സരങ്ങളിലും വിജയിച്ചാണ് കൊൽക്കത്തയുടെ വരവ്. ദിനേശ് കാർത്തിക്കും മോർഗനും ആൻഡ്രു റസലും ശുഭ്‌മാൻ ഗില്ലും നേതൃത്വം നൽകുന്ന ബാറ്റിംഗ് നിര ഏത് ബൗളിംഗിനും വെല്ലുവിളി ഉയർത്തുന്നതാണ്. ബൗളിങ് ആക്ഷൻ വിവാദത്തിൽ ഉൾപ്പെട്ട സുനിൽ നരെയ്‌ൻ കരുതലോടെയാകും ഇന്നിറങ്ങുക. കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ റസലിന് വിശ്രമം നല്‍കിയാല്‍ ഇംഗ്ലീഷ് താരം ടോം ബാന്‍റൺ കൊല്‍ക്കത്ത നിരയില്‍ കളിച്ചേക്കും. ആറുമത്സരങ്ങളിൽ നാലു വിജയവുമായി പോയിന്‍റ് ടേബിളിൽ മൂന്നും, നാലും സ്ഥാനത്താണ് കൊൽക്കത്തയും ബാംഗ്ലൂരും.