ചെന്നൈ സൂപ്പര്‍ കിങ്സ് ആരാധകര്‍ ഐപിഎല്‍ കിരീടം മറ്റ് ഏത് സീസണെക്കാളും കൂടുതല്‍ ആഗ്രഹിക്കുന്നത് ഇത്തവണയാണ്. നായകന്‍ മഹേന്ദ്രസിങ് ധോണിക്കായാണ് അവര്‍ ആ കിരീടം വീണ്ടും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നത്. ധോണി സൂപ്പർ കിംഗ്സ് ആരാധകരുടെ "തലയാണ്". തങ്ങളുടെ ടീമിനെ മൂന്ന് തവണ കിരീടം ഉയര്‍ത്താന്‍ സഹായിച്ച ധോണിക്ക് അവരുടെ ഹൃദയത്തിലാണ് സ്ഥാനം. അന്താരാഷ്‌ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞ ശേഷമുള്ള ധോണിയുടെ ആദ്യത്തെ ഐപിഎല്ലില്‍ കിരീടത്തിലൂടെ സമ്മാനം നല്‍കാന്‍ അവര്‍ ആഗ്രഹിച്ചാല്‍ ആര്‍ക്കും കുറ്റം പറയാനാകില്ല. പങ്കെടുത്ത എല്ലാ സീസണിലും പ്ലേ ഓഫ് കളിച്ച ഏക ടീം കൂടിയാണ് ധോണിയുടെത്. ഇത്തവണയും സിഎസ്‌കെ പ്ലേ ഓഫില്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ഐപിഎല്ലില്‍ മികച്ച ട്രാക്ക് റെക്കോഡുള്ള രണ്ടാമത്തെ ടീമായ സിഎസ്‌കെ തുടര്‍ച്ചയായി രണ്ട് തവണ കപ്പടിച്ചിട്ടുണ്ട്. ഈ റെക്കോഡ് സിഎസ്‌കെക്ക് മാത്രമാണ്. 2010ലും 2011ലുമാണ് ചെന്നൈ തുടര്‍ച്ചയായി കിരീടം സ്വന്തമാക്കിയത്. എന്നാല്‍ പിന്നിട് രണ്ട് വര്‍ഷം സസ്‌പെന്‍ഷന്‍ കാരണം വിട്ട് നില്‍ക്കേണ്ടിവന്നത് തിരിച്ചടിയായി. കഴിഞ്ഞ തവണ ചെന്നൈയുമായി ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയാണ് മുംബൈ ഇന്ത്യന്‍സിന് കിരീടം സ്വന്തമാക്കാനായത്. ഏറ്റവും കൂടുതല്‍ തവണ ഐപിഎല്ലിന്‍റെ ഫൈനലില്‍ കളിച്ച ടീം കൂടിയാണ് ചെന്നൈ. എട്ട് തവണയാണ് അവര്‍ കലാശപോരില്‍ മാറ്റുരച്ചത്.
ജയിച്ച് ശീലിച്ച ടീം
ഐപിഎല്ലില്‍ ഏറ്റവും മികച്ച വിജയ ശതമാനമുള്ള ടീം കൂടിയാണ് ചെന്നൈ. 61.28 ആണ് ചെന്നൈയുടെ വിജയ ശതമാനം. ഇതേവരെ കളിച്ച 165 മത്സരങ്ങളില്‍ 100 മത്സരങ്ങളിലും ചെന്നൈ വിജയം സ്വന്തമാക്കി. 63 മത്സരങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ ഒരു തവണ സമനിലയില്‍ പിരിഞ്ഞു. സിഎസ്‌കെ ഏറ്റവും കൂടുതല്‍ തവണ വിജയിച്ചത് സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന് എതിരെയാണ്. ഇരു ടീമുകളും 12 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഒമ്പത് തവണയും സിഎസ്‌കെക്കായിരുന്നു ജയം. അതേസമയം ഏറ്റവും കൂടുതല്‍ തവണ പരാജയം വഴങ്ങേണ്ടി വന്നത് മുംബൈ ഇന്ത്യന്‍സിന് എതിരെയാണ്. 28 തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ 17 തവണയും ചെന്നൈ പരാജയപ്പെട്ടു.
യുഎഇയില്‍ തോറ്റത് പഞ്ചാബിനോട് മാത്രം
നേരത്തെ യുഎഇയില്‍ ഐപിഎല്‍ നടന്നപ്പോള്‍ അഞ്ച് മത്സരങ്ങളില്‍ നാലും ചെന്നൈ സ്വന്തമാക്കിയിരുന്നു. കിങ്സ് ഇലവന്‍ പഞ്ചാബിന് എതിരായ മത്സരത്തില്‍ മാത്രമാണ് ചെന്നൈക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്. അന്ന് ആറ് വിക്കറ്റിനാണ് ചെന്നൈ പരാജയപ്പെട്ടത്.
റെയ്‌നയും ഹര്‍ഭജനും ഇല്ലെങ്കിലും കിരീടം നേടാന്‍ കരുത്തര്‍
സുരേഷ് റെയ്‌നയും ഹര്‍ഭജന്‍ സിങും ഇല്ലെങ്കിലും ചെന്നൈയ്‌ക്ക് കപ്പടിക്കാനുള്ള കരുത്ത് ഇപ്പോഴും ബാക്കിയുണ്ട്. വ്യക്തിപരമായ കാരണങ്ങളാലാണ് ഇരുവരും വിട്ടുനില്‍ക്കുന്നത്. സിഎസ്‌കെയുടെ ഏറ്റവും മികച്ച ബാറ്റ്സ്‌മാനാണ് റെയ്‌ന. ഐപിഎല്ലില്‍ 160 മത്സരങ്ങളില്‍ നിന്നായി 4527 റണ്‍സാണ് റെയ്‌ന സ്വന്തമാക്കിയത്. 32 അര്‍ദ്ധസെഞ്ച്വറിയും ഒരു സെഞ്ച്വറിയും റെയ്‌നയുടെ പേരിലുണ്ട്. റെയ്‌നയുടെ അഭാവത്തില്‍ മൂന്നാം നമ്പറില്‍ ദക്ഷിണാഫ്രിക്കയുടെ ഫാഫ് ഡുപ്ലെസിസ് ഇറങ്ങാനാണ് സാധ്യത. സ്‌പിന്‍ ബൗളേഴ്‌സിന് എതിരെ മികച്ച ട്രാക്ക് റെക്കോഡാണ് ദക്ഷിണാഫ്രിക്കന്‍ താരത്തിന് ഉള്ളത്. ഇതേവരെ 17 മത്സരങ്ങളില്‍ നിന്നായി 1853 റണ്‍സാണ് ഡുപ്ലെസിസ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ 96 റണ്‍സ് എടുത്തതാണ് ഏറ്റവും ഉയര്‍ന്ന സ്കോര്‍.