കേരളം

kerala

ETV Bharat / sports

രക്ഷകനാകാതെ തെവാട്ടിയ; രാജസ്ഥാനെ തോല്‍പ്പിച്ച് ഡല്‍ഹി

ഡല്‍ഹി ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍റെ പോരാട്ടം 20 ഓവറില്‍ ഏഴ്‌ വിക്കറ്റ് നഷ്‌ട്ടത്തില്‍ 148 റണ്‍സില്‍ അവസാനിച്ചു.

ipl result news  dc vs RR news  ipl today latest news  ഐപിഎല്‍ റിസല്‍ട്ട് വാര്‍ത്തകള്‍  ഡല്‍ഹി രാജസ്ഥാൻ  രാജസ്ഥാനെ തോല്‍പ്പിച്ച് ഡല്‍ഹി  ഐപിഎല്‍ വാര്‍ത്തകള്‍
രക്ഷകനാകാതെ തെവാട്ടിയ; രാജസ്ഥാനെ തോല്‍പ്പിച്ച് ഡല്‍ഹി

By

Published : Oct 15, 2020, 12:41 AM IST

ദുബായ്: എമര്‍ജിങ് സൂപ്പര്‍ ഫിനിഷര്‍ തെവാട്ടിയ നിറംമങ്ങിയ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ രാജസ്ഥാൻ റോയല്‍സിന് 13 റണ്‍സ് തോല്‍വി. ശിഖര്‍ ധവാന്‍റെയും ശ്രേയസ് അയ്യരുടെയും മികവില്‍ ഡല്‍ഹി ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍റെ പോരാട്ടം 20 ഓവറില്‍ ഏഴ്‌ വിക്കറ്റ് നഷ്‌ട്ടത്തില്‍ 148 റണ്‍സില്‍ അവസാനിച്ചു. ജയത്തോടെ മുംബൈയെ മറികടന്ന് ഡല്‍ഹി പോയന്‍റ് പട്ടികയില്‍ ഒന്നാമതെത്തി. എട്ട് കളികളില്‍ നിന്ന് ആറ് ജയമടക്കം 12 പോയന്‍റാണ് ഡല്‍ഹിയുടെ സമ്പാദ്യം. എട്ട് കളികള്‍ക്കിടെ അഞ്ചാം തോല്‍വി വഴങ്ങിയ രാജസ്ഥാൻ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ തുടക്കം പാളി. ആദ്യ പന്തില്‍ തന്നെ പൃഥ്വി ഷായുടെ വിക്കറ്റ് നഷ്‌ടമായി. പിന്നാലെ വണ്‍ ഡൗണായി ഇറങ്ങിയ രഹാനെ രണ്ട് റണ്‍സെടുത്ത് കൂടാരം കയറിയപ്പോള്‍ ഡല്‍ഹി തകര്‍ച്ച മണത്തു. എന്നാല്‍ നാലാം വിക്കറ്റില്‍ ഒത്തുച്ചേര്‍ത്ത ശിഖര്‍ ധവാൻ - ശ്രേയസ് അയ്യര്‍ സഖ്യം ടീമിനെ മുന്നോട്ട് നയിച്ചു. ധവാൻ 33 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും അടക്കം 57 റൺസും ശ്രേയസ് അയ്യർ 43 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും അടക്കം 53 റണ്‍സുമെടുത്തു. എന്നാല്‍ മറ്റാര്‍ക്കും മികച്ച സ്‌കോര്‍ കണ്ടെത്താനായില്ല. സ്റ്റോയിണിസ്, അലക്‌സ് കാറെ എന്നിവർ നിറംമങ്ങി. രാജസ്ഥാന് വേണ്ടി ജോഫ്ര ആർച്ചർ 19 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ജയദേവ് ഉനദ്‌ഘട്ട് രണ്ടും കാർത്തിക് ത്യാഗി, ശ്രേയസ് ഗോപാല്‍ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും വീഴ്‌ത്തി.

മറുപടി ബാറ്റിങിനിറങ്ങിയ രാജസ്ഥാന് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണർമാരായ ബെൻ സ്റ്റോക്‌സും ജോസ് ബട്‌ലറും നല്‍കിയത്. എന്നാല്‍ മികച്ച കൂട്ടുകെട്ടുണ്ടാക്കാൻ കഴിഞ്ഞില്ല. ആക്രമിച്ച് കളിച്ച ബെൻ സ്‌റ്റോക്സിന് പതിഞ്ഞ താളത്തില്‍ ബാറ്റ് ചെയ്‌ത സഞ്ജു സാംസണ്‍ മികച്ച പിന്തുണ നല്‍കി. 35 പന്തില്‍ ആറ് ഫോര്‍ ഉള്‍പ്പടെ 41 റണ്‍സ് നേടി സ്‌റ്റോക്‌സ് പുറത്തായി. സഞ്ജുവിനും കാര്യമായ സ്‌കോര്‍ നേടാനായില്ല. 18 പന്തില്‍ രണ്ട് സിക്‌സുള്‍പ്പടെ 25 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്.

പതിമൂന്നാം ഓവറില്‍ നൂറ് കടന്ന രാജസ്ഥാൻ ജയപ്രതീക്ഷയിലായിരുന്നു. റോബിൻ ഉത്തപ്പ തെവാട്ടിയ സഖ്യം 18ആം ഓവറില്‍ പിരിഞ്ഞതാണ് രാജസ്ഥാന് തിരിച്ചടിയായത്. ബാക്കിയുള്ള 12 പന്തില്‍ നിന്ന് വിജയലക്ഷ്യമായ 25 റണ്‍സ് നേടാൻ രാജസ്ഥാനായില്ല. 18 പന്തില്‍ 14 റണ്‍സ് മാത്രമാണ് സൂപ്പര്‍ ഫിനിഷര്‍ തെവാട്ടിയയ്‌ക്ക് സ്വന്തമാക്കാനായത്. ഡൽഹിക്ക് വേണ്ടി ആന്‍റിച് നോർജെ, തുഷാർ ദേശ്‌പാണ്ഡെ എന്നിവർ രണ്ട് വിക്കറ്റ് വീതവും, ആർ.അശ്വിൻ, അക്‌സർ പട്ടേൽ, കഗിസോ റബാദ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. ശനിയാഴ്‌ച ബാംഗ്ലൂരിനെതിരെയാണ് രാജസ്ഥാന്‍റെ അടുത്ത മത്സരം. അതേ ദിവസം ഡല്‍ഹി ചെന്നൈയെയും നേരിടും.

ABOUT THE AUTHOR

...view details