ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഞായറാഴ്‌ച രണ്ട് മത്സരങ്ങള്‍. അബുദാബിയിലും ദുബായിലുമായി രണ്ട് സൂപ്പര്‍ പോരാട്ടങ്ങളാണ് ആരാധകരെ കാത്തിരിക്കുന്നത്. അബുദായില്‍ നടക്കുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് എതിരെ കിങ്സ് ഇലവന്‍ പഞ്ചാബിന് ജയം അനിവാര്യമാണ്. ചെന്നൈക്ക് എതിരെ വലിയ മാര്‍ജിനില്‍ ജയിച്ചാലെ പഞ്ചാബിന് പ്ലേ ഓഫ് യോഗ്യത ഉറപ്പിക്കാനാകൂ. കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് എതിരെ പരാജയം ഏറ്റുവാങ്ങിയതിന്‍റെ ക്ഷീണത്തിലാണ് പഞ്ചാബ്. രാജസ്ഥാന് എതിരെ ഭേദപ്പെട്ട സ്‌കോര്‍ സ്വന്തമാക്കിയിട്ടും പഞ്ചാബിന് പൊരുതി നില്‍ക്കാന്‍ പോലും സാധിച്ചില്ല. ബൗളിങ് ഡിപ്പാര്‍ട്ട്മെന്‍റിലെ അപര്യാപ്‌തതകളാണ് പഞ്ചാബിനെ വലക്കുന്നത്. പേസര്‍ മുഹമ്മദ് ഷമി ഉള്‍പ്പെടെയുള്ള ബൗളേഴ്‌സ് അവസരത്തിന് ഒത്ത് ഉയരാത്തതാണ് നായകന്‍ ലോകേഷ് രാഹുലിനെ വലക്കുന്നത്.
അതേസമയം രാഹുലും ക്രിസ് ഗെയിലും ഉള്‍പ്പെടുന്ന ബാറ്റിങ് നിര ഇതിനകം മികച്ച ഫോമിലാണ്. കഴിഞ്ഞ മത്സരത്തില്‍ 99 റണ്‍സെടുത്ത് പുറത്തായ ക്രിസ് ഗെയില്‍ ടി20 മത്സരത്തില്‍ 1000 സിക്സുകള്‍ സ്വന്തമാക്കുന്ന ആദ്യ ബാറ്റ്സ്‌മാനെന്ന റെക്കോഡും സ്വന്തമാക്കി. മറുവശത്ത് ചെന്നൈയുടെ പ്ലേ ഓഫ് പ്രതീക്ഷകളെല്ലാം ഇതിനകം അവസാനിച്ച് കഴിഞ്ഞു. സീസണിലെ അവസാന മത്സരം ജയിക്കുകയെന്ന ഉദ്ദേശത്തോടെയാകും മഹേന്ദ്രസിങ് ധോണിയുെട നേതൃത്വത്തിലുള്ള ചെന്നൈ ഇറങ്ങുക. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് എതിരായ മത്സരത്തില്‍ ആറ് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കിയതിന്‍റെ ആത്മവിശ്വാസവും ചെന്നൈക്ക് കൈമുതലായുണ്ട്.
ഇരു ടീമുകളും ഇതിന് മുമ്പ് ഏറ്റുമുട്ടിയപ്പോള്‍ ജയം ചെന്നൈക്ക് ഒപ്പമായിരുന്നു. ദുബായില്‍ അന്ന് പഞ്ചാബ് ഉയര്‍ത്തിയ 179 റണ്‍സെന്ന വിജയ ലക്ഷ്യം ധോണിയും കൂട്ടരും 14 പന്ത് ശേഷിക്കെ മറികടന്നിരുന്നു. സമാന പ്രകടനം ഇന്നും പുറത്തെടുക്കാമെന്ന പ്രതീക്ഷയിലാണ് ചെന്നൈ. അതേസമയം സീസണില്‍ ഇതേവരെ പുറത്തെടുത്ത പോരാട്ട വീര്യത്തിലൂടെ ചെന്നൈയെ തളക്കാമെന്ന പ്രതീക്ഷയിലാണ് ലോകേഷ് രാഹുലും കൂട്ടരും.