ദുബായ്: ഒരു പിടി യുവതാരങ്ങളുമായി ആദ്യ ഐപിഎല്‍ കിരീടം ലക്ഷ്യമിട്ടാണ് ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സ് യുഎഇയിലേക്ക് വണ്ടി കയറിയത്. ബാറ്റിങിലും ബൗളിങിലും യുവരക്തം നിറയുന്ന ടീമിനെ പരിശീലിപ്പിക്കുന്നത് ഓസ്ട്രേലിയൻ ടീമിന്‍റെ മുൻ നായകനായ റിക്കി പോണ്ടിങാണ്. മുൻ ഐപിഎല്ലുകളില്‍ നിന്ന് വ്യത്യസ്തമായി ആദ്യ ഘട്ടത്തില്‍ സ്ഥിരതയാർന്ന പ്രകടനമാണ് ഡല്‍ഹി നടത്തിയത്.
പക്ഷേ ബാറ്റിങിലെ സ്ഥിരതയില്ലായ്‌മയും റിഷഭ് പന്തിന് പരിക്കേറ്റതും ചില മത്സരങ്ങളിലെ തോല്‍വിക്ക് കാരണമായി. ഓപ്പണർ പൃഥ്വി ഷാ, അജിങ്ക്യ റഹാനെ, വെസ്റ്റിന്ത്യൻ താരം ഷിമ്രോൺ ഹെറ്റ്‌മെയർ എന്നിവർ ഇനിയും ഫോമിലായിട്ടില്ല. നായകൻ ശ്രേയസ് അയ്യരും ഫോമിലേക്ക് തിരിച്ചെത്തണം. ബൗളിങ് നിരയില്‍ ഇശാന്ത് ശർമയ്ക്ക് പരിക്കേറ്റ് പുറത്തായതോടെ പകരം ടീമിലെത്തിയ ഹർഷല്‍ പട്ടേല്‍, തുഷാർ ദേശ്‌പാണ്ഡെ എന്നിവർ ടീമിന് തലവേദനയാണ്. ഇതുവരെ കളിച്ച 11 മത്സരങ്ങളില്‍ ഏഴ് ജയവും നാല് തോല്‍വിയുമായി 14 പോയിന്‍റ് നേടിയ ഡല്‍ഹി പോയിന്‍റ് പട്ടികയില്‍ മുംബൈയ്ക്ക് പിന്നില്‍ രണ്ടാമതാണ്. ഇന്ന് ജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പിക്കുന്നതിനൊപ്പം പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനവും ഡല്‍ഹിക്ക് സ്വന്തമാക്കാം.