ദുബായി:ഐപിഎല്‍ 13ാം പതിപ്പില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെ സൂപ്പര്‍ ഓവറില്‍ പരാജയപ്പെടുത്തി ഡല്‍ഹി ക്യാപിറ്റല്‍സ്. അര്‍ദ്ധസെഞ്ച്വറിയോടെ 89 റണ്‍സെടുത്ത ഓപ്പണര്‍ മായങ്ക് അഗര്‍വാളിന്‍റെ നേതൃത്വത്തില്‍ അവസാന പന്ത് വരെ കിങ്സ് ഇലവന്‍ പൊരുതിയെങ്കിലും സമനിലയില്‍ പിരിയുകയായിരുന്നു. ദുബായില്‍ നടന്ന മത്സരത്തിലെ സൂപ്പര്‍ ഓവറില്‍ രണ്ട് റണ്‍സ് മാത്രം എടുക്കാനെ കിങ്സ് ഇലവന് സാധിച്ചുള്ളു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹി അനായാസം ലക്ഷ്യം കണ്ടു. ഡല്‍ഹിക്കായി കാസിഗോ റബാദയും കിങ്സ് ഇലവനായി മുഹമ്മദ് ഷമിയും പന്തെറിഞ്ഞു.
ഐപിഎല്‍ കരിയറിലെ മികച്ച പ്രകടനമാണ് കിങ്സ് ഇലവനായി മായങ്ക് പുറത്തെടുത്തത്. 60 പന്തില്‍ നാല് സിക്സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിങ്സ്. നേരത്തെ ഡല്‍ഹി ഉയര്‍ത്തിയ 158 റണ്‍സിന്‍റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന് മറുപടി ബാറ്റിങ്ങ് ആരംഭിച്ച കിങ്സ് ഇലവന് ഒരു ഘട്ടത്തില്‍ അഞ്ച് വിക്കറ്റിന് 55 റണ്‍സ് എന്ന നിലിയില്‍ പരുങ്ങലിലായിരുന്നു. അവിടെ നിന്നും അഗര്‍വാളിന്‍റെ ഒറ്റയാള്‍ പോരാട്ടമാണ് കിങ്സ് ഇലവനെ മുന്നോട്ട് നയിച്ചത്. ഗൗതവുമായി ചേര്‍ന്ന് ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ 46 റണ്‍സും ക്രിസ് ജോര്‍ദാനുമായി ചേര്‍ന്ന് ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ 56 റണ്‍സും മായങ്ക് സ്‌കോര്‍ ബോഡില്‍ കൂട്ടിച്ചേര്‍ത്തു. മായങ്കിനെ കൂടാതെ 21 റണ്‍സെടുത്ത ഓപ്പണര്‍ കെഎല്‍ രാഹുലും 12 റണ്‍സെടുത്ത സര്‍ഫാറസ് ഖാനും 20 റണ്‍സെടുത്ത കെ ഗൗതവുമാണ് കിങ്സ് ഇലവന് വേണ്ടി രണ്ടക്കം കടന്ന മറ്റ് ബാറ്റ്സ്‌മാന്‍മാര്‍.