ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ ആദ്യ ജയത്തിനായി സൺറൈസേഴ്സ് ഹൈദരാബാദും രാജസ്ഥാൻ റോയല്‍സും ഇന്ന് ഏറ്റുമുട്ടും. ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ രാത്രി എട്ട് മണിക്കാണ് മത്സരം.
ആദ്യ മത്സരത്തില്‍ രാജസ്ഥാൻ റോയല്‍സ് കിംഗ്സ് ഇലവൻ പഞ്ചാബിനോടും സൺറൈസേഴ്സ് ഹൈദരാബാദ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോടുമാണ് പരാജയപ്പെട്ടത്. കൊല്‍ക്കത്തക്കെതിരെ ഭേദപ്പെട്ട സ്കോർ ഉയർത്തിട്ടും തോല്‍ക്കാനായിരുന്നു ഹൈദരാബാദിന്‍റെ വിധി. മറുവശത്ത് മധ്യനിര പ്രതീക്ഷയ്ക്കൊത്ത്ഉയരാത്തതാണ് രാജസ്ഥാന്‍റെ തോല്‍വിയുടെകാരണം.
മുൻ നായകൻ കെയ്ൻ വില്ല്യംസൺ ടീമിലേക്ക് തിരിച്ചെത്തിയത് സൺറൈസേഴ്സിന്‍റെആത്മവിശ്വാസം വർധിപ്പിക്കും. വില്ല്യംസണിന് വേണ്ടി ജോണി ബെയർസ്റ്റോയോ ഷക്കീബ് അല്‍ ഹസനോ പുറത്തിരിക്കേണ്ടി വരും. ആദ്യ മത്സരത്തില്‍ തിരിച്ചുവരവ് ആഘോഷമാക്കിയ ഡേവിഡ് വാർണർ ഹോംഗ്രൗണ്ടില്‍ വെടിക്കെട്ട് പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് പ്രതീക്ഷ. വില്ല്യംസൺ തിരിച്ചെത്തുന്നതോടെ നായകസ്ഥാനത്ത് നിന്ന് ഭുവനേശ്വർ കുമാറിനെ മാറ്റും. വിക്കറ്റ് കീപ്പറായി വൃദ്ധിമാൻ സാഹയെത്തുന്നതോടെ ബെയർസ്റ്റോയെ ടീമില്‍ നിന്ന് ഒഴിവാക്കിയേക്കും. ആദ്യ മത്സരത്തില്‍ തിളങ്ങിയ വിജയ് ശങ്കർ ടീമില്‍ സ്ഥാനം നിലനിർത്തും. മധ്യനിരയില്‍ യൂസഫ് പഠാൻ, മനീഷ് പാണ്ഡെ എന്നിവർ കളിക്കും. ഭുവനേശ്വർ കുമാർ നയിക്കുന്ന ബൗളിംഗ് നിരയില്‍ സന്ദീപ് ശർമ്മ, സിദ്ധാർഥ് കൗൾ, റാഷീദ് ഖാൻ എന്നിവരാകും മറ്റ് ബൗളർമാർ.
അജിങ്ക്യ രഹാനെ നയിക്കുന്ന രാജസ്ഥാൻ റോയല്‍സിന്‍റെ കരുത്ത് ഓപ്പണർ ജോസ് ബട്ലറിന്‍റെ വെടിക്കെട്ട് ബാറ്റിംഗ് തന്നെയാണ്. പഞ്ചാബിനെതിരെ 69 റൺസ് നേടിയ ബട്ലറെ അശ്വിൻ മങ്കാദിംഗ് വഴി പുറത്താക്കിയില്ലിയാരുന്നുവെങ്കില്‍ മത്സരത്തിന്‍റെ വിധി തന്നെ മാറിമറിയുമായിരുന്നു. രഹാനെ, സ്മിത്ത്, സഞ്ജു സാംസൺ എന്നിവർ കൂടി തിളങ്ങിയാല്‍ മാത്രമെ രാജസ്ഥാന് വിജയം പ്രതീക്ഷിക്കാനാകു. ഓൾറൗണ്ടർമാരായ ബെൻ സ്റ്റോക്ക്സ്, രാഹുല്‍ ത്രിപതി, കൃഷ്ണപ്പ ഗൗതം എന്നിവരുടെ ഓൾറൗണ്ട് പ്രകടനവും രാജസ്ഥാന്‍റെ വിജയത്തില്‍ നിർണ്ണായകമാകും. ബോളിംഗില്‍ ജോഫ്ര ആർച്ചർ, ഉനദ്ഘട്ട്, ധവാല്‍ കുല്‍ക്കർണി, ശ്രേയസ് ഗോപാല്‍ എന്നിവർ ടീമില്‍ സ്ഥാനം നിലനിർത്തിയേക്കും.
പന്ത് ചുരണ്ടല്‍ വിവാദ നായകന്മാരായ സ്മിത്തും വാർണറും ഇന്ന് നേർക്കുന്നേർ വരുന്നതാണ് ഇന്നത്തെ മത്സരത്തിന്‍റെ പ്രത്യേകത. ഇരുടീമുകളും ഒമ്പത് തവണ ഏറ്റുമുട്ടിയപ്പോൾ സൺറൈസേഴ്സ് ഹൈദരാബാദ് അഞ്ച് തവണയും രാജസ്ഥാൻ റോയല്‍സ് നാല് തവണയും ജയിച്ചിരുന്നു.