കേരളം

kerala

ETV Bharat / sports

ആദ്യ ജയം തേടി കോലിയും സംഘവും ഇന്ന് ഹൈദരാബാദില്‍ - കെയ്ൻ വില്ല്യംസൺ

മത്സരം രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ വൈകിട്ട് നാല് മണിക്ക്. നാണക്കേട് ഒഴിവാക്കാൻ ബാംഗ്ലൂരിന് ഇന്നത്തെ ജയം അനിവാര്യം.

വിരാട് കോലിയും കെയ്ൻ വില്ല്യംസണും

By

Published : Mar 31, 2019, 1:05 PM IST

ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ രണ്ടാം സതേൺ ഡർബിയില്‍ ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ വൈകിട്ട് നാല് മണിക്കാണ് മത്സരം.

സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ബാംഗ്ലൂരിന് നാണക്കേട് ഒഴിവാക്കാൻ ഇന്ന് ജയം അനിവാര്യമാണ്. ഇന്ത്യൻ ടീമിനെ തുടർജയങ്ങളിലേക്ക് നയിക്കുന്ന വിരാട് കോലിക്ക് ബാംഗ്ലരിനെ വിജയത്തിലേക്ക് എത്തിക്കാൻ കഴിയുന്നില്ല. കഴിഞ്ഞ പല സീസണുകളിലെ പോലെ ഇത്തവണയും ഡിവില്ലിയേഴ്സും കോലിയും തന്നെയാണ് ബാംഗ്ലൂരിന്‍റെ ബാറ്റിംഗിനെ താങ്ങിനിർത്തുന്നത്. മധ്യനിരയില്‍ ബാറ്റ്സ്മാൻമാർ പരാജയപ്പെടുന്നതാണ് ബാംഗ്ലൂരിന്‍റെ പ്രധാന തലവേദന. വൻതുകയ്ക്ക് റോയല്‍ ചലഞ്ചേഴ്സ് സ്വന്തമാക്കിയ ഷിമ്രോൻ ഹെറ്റ്മയറും കോളിൻ ഡി ഗ്രാൻഡോമും കളിച്ച രണ്ട് മത്സരത്തിലും മോശം പ്രകടനമായിരുന്നു. എന്നിരുന്നാലും ഹെറ്റ്മയർക്ക് ഒരവസരം കൂടി നല്‍കിയേക്കും. ബൗളിംഗില്‍ ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, യൂസ്വേന്ദ്ര ചാഹല്‍ എന്നിവർ മികച്ച പ്രകടനമാണ് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കാഴ്ചവച്ചത്.

മറുവശത്ത് രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു ജയവും ഒരു തോല്‍വിയുമായാണ് സൺറൈസേഴ്സ് ഹൈദരാബാദ് ഇന്നിറങ്ങുന്നത്. രാജസ്ഥാൻ റോയല്‍സിനെതിരെ കഴിഞ്ഞ മത്സരത്തില്‍ 198 റൺസിന്‍റെ കൂറ്റൻ വിജയലക്ഷ്യം മറികടന്നതിന്‍റെ ആത്മവിശ്വാസം ഹൈദരാബാദിനുണ്ടാകും. ആദ്യ രണ്ട് മത്സരത്തിലും അർധ സെഞ്ച്വറി നേടിയ ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണർ തകർപ്പൻ ഫോമിലാണ്. വിക്കറ്റ് കീപ്പർ ബെയർസ്റ്റോയുടെയും വാർണറുടെയും മികച്ച ഓപ്പണിംഗ് കൂട്ടുകെട്ട് തന്നെയാണ് ഹൈദരാബാദിന്‍റെ കരുത്ത്. മധ്യനിരയില്‍ നായകൻ കെയ്ൻ വില്ല്യംസൺ, വിജയ് ശങ്കർ, മനീഷ് പാണ്ഡെ, യൂസഫ് പഠാൻ എന്നിവർ തന്നെ ഇറങ്ങും. ഡെത്ത് ഓവറുകളില്‍ ഭുവനേശ്വർ കുമാർ പരാജയപ്പെടുന്നത്ഹൈദരാബാദിന് തലവേദനയാണ്. റാഷീദ് ഖാൻ, സിദ്ധാർഥ് കൗൾ, സന്ദീപ് ശർമ്മ, ഷഹബാസ് നദീം എന്നിവരാണ് സൺറൈസേഴ്സിന്‍റെ മറ്റ് ബൗളർമാർ.

എത്രവലിയ സ്കോറും പിന്തുടരാവുന്ന തരത്തിലുള്ളതാണ് ഹൈദരാബാദിലെ പിച്ച്. രാജസ്ഥാനെതിരായ കഴിഞ്ഞ മത്സരം അതിനുള്ള തെളിവാണ്. ഇരുടീമുകളും പതിമൂന്ന് തവണ ഏറ്റുമുട്ടിയപ്പോൾ സൺറൈസേഴ്സ് ഹൈദരാബാദ് ഏഴിലും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ അഞ്ച് മത്സരങ്ങളിലും വിജയിച്ചു. ഒരു മത്സരം ഫലമില്ലാതെ അവസാനിക്കുകയായിരുന്നു.

ABOUT THE AUTHOR

...view details