ഐപിഎല്ലില്‍ ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദും ഡല്‍ഹി ക്യാപിറ്റല്‍സും ഏറ്റുമുട്ടും. ഡല്‍ഹി ഫിറോസ് ഷാ കോട്ലയില്‍ രാത്രി എട്ട് മണിക്കാണ് മത്സരം. തുടർച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടാണ് സൺറൈസേഴ്സ് ഡല്‍ഹിയെ നേരിടുന്നത്. അതേസമയം ഡല്‍ഹി ക്യാപിറ്റല്‍സിന് കിംഗ്സ് ഇലവൻ പഞ്ചാബിനോടേറ്റ അപ്രതീക്ഷിത തോല്‍വിയില്‍ നിന്ന് കരകയറാൻ ഇന്ന് ജയിക്കണം.
ഈ സീസണില്‍ കളിച്ച മൂന്ന് മത്സരത്തില്‍ നിന്ന് രണ്ട് ജയവും ഒരു തോല്‍വിയുമടക്കം നാല് പോയിന്‍റുള്ള ഹൈദരാബാദ് മൂന്നാം സ്ഥാനത്തും നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് വീതം തോല്‍വിയുംന ജയവുമുള്ള ഡല്‍ഹി ക്യാപിറ്റല്‍സ് അഞ്ചാം സ്ഥാനത്തുമാണ്. കഴിഞ്ഞ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 118 റൺസിന് കീഴടക്കിയ ആത്മവിശ്വാസത്തോടെയാണ് സൺറൈസേഴ്സ് ഇന്നിറങ്ങുന്നത്. മുൻനിര ബാറ്റ്സ്മാൻമാരുടെ മികച്ച ഫോമിനൊപ്പം മികച്ച ബൗളിംഗ് നിര കൂടി ചേരുന്നതോടെ ഹൈദരാബാദിന്‍റെ കരുത്ത് വർധിക്കുന്നു. അതേസമയം ഡല്‍ഹി ക്യാപിറ്റല്‍സ് പ്രതീക്ഷയോടെയാണ് സീസൺ തുടങ്ങിയതെങ്കിലും താരങ്ങളുടെ സ്ഥിരതയില്ലായ്മ ടീമിന് തിരിച്ചടിയാണ്.
ബാറ്റിംഗ് കരുത്തുമായി സൺറൈസേഴ്സ്
ബെംഗളൂരുവിനെതിരെ സെഞ്ച്വറി നേടിയ ഓപ്പണർമാരായ ജോണി ബെയർസ്റ്റോയുടെയും ഡേവിഡ് വാർണറിന്‍റെയും ബാറ്റിംഗ് പ്രകടനത്തിലാണ് ഹൈദരാബാദിന്‍റെ പ്രതീക്ഷ. കളിച്ച മൂന്ന് മത്സരത്തില്‍ രണ്ട് അർധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയുമടക്കം 254 റൺസ് നേടിയ വാർണറാണ് നിലവിലെ ടോപ് സ്കോറർ. പവർപ്ലേ ഓവറുകൾക്കുള്ളില്‍ വാർണറെ പുറത്താക്കിയില്ലെങ്കില്‍ എതിർ ബൗളർമാർക്ക് പിന്നീട് വലിയ തലവേദനയാകുമെന്ന കാര്യം ഉറപ്പാണ്. വിക്കറ്റ്കീപ്പർ ബാറ്റ്സ്മാനായ ബെയർസ്റ്റോ 198 റൺസുമായി രണ്ടാം സ്ഥാനത്താണ്. മധ്യനിരയില്‍ വിജയ് ശങ്കർ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. യൂസഫ് പഠാൻ ബാറ്റിംഗില്‍ പരാജയപ്പെടുന്നത് സൺറൈസേഴ്സിന് തിരിച്ചടിയാണ്. അഫ്ഗാനിസ്ഥാൻ താരങ്ങളായ മുഹമ്മദ് നബിയുടെയും റാഷീദ് ഖാന്‍റെയും ഓൾറൗണ്ട് മികവും സൺറൈസേഴ്സിന് ഗുണം ചെയ്യും. ബൗളിംഗില്‍ സിദ്ധാർഥ് കൗൾ, സന്ദീപ് ശർമ്മ എന്നിവർ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. എന്നാല്‍ നായകൻ ഭുവനേശ്വർ കുമാറിന് തിളങ്ങാനാകാത്തത് ടീമിന് വെല്ലുവിളിയാണ്.