ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇന്നത്തെ കളിയിൽ ജയിച്ച് പ്ലേഓഫ് ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരുടീമും ഇറങ്ങുന്നത്.
സൺറൈസേഴ്സിനെതിരെ മുംബൈ ആദ്യം ബാറ്റ് ചെയ്യും - സൺറൈസേഴ്സ് ഹൈദരാബാദ്
സൺറൈസേഴ്സ് പ്രധാന രണ്ട് മാറ്റങ്ങളുമായി ഇറങ്ങുമ്പോൾ ടീമിൽ മാറ്റമില്ലാതെയാണ് മുംബൈ ഇറങ്ങുന്നത്.
പ്രധാന താരങ്ങളായ ഡേവിഡ് വാർണറിന്‍റെയും ജോണി ബെയർസ്റ്റോയുടെയും അഭാവത്തിൽ സൺറൈസേഴ്സ് രണ്ട് മാറ്റങ്ങളുമായാണ് മുംബൈക്കെതിരെ ഇറങ്ങുന്നത്. ലോകകപ്പ് തയ്യാറെടുപ്പുകൾക്ക് നാട്ടിലേക്ക് മടങ്ങിയ വാർണറിനു പകരം ന്യൂസിലൻഡ് താരം മാർട്ടിൻ ഗുപ്ടിൽ ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. ബൗളിംഗിൽ സന്ദീപ് ശർമ്മക്ക് പകരം മലയാളീ താരം ബേസിൽ തമ്പിയും ടീമിൽ ഇടംപിടിച്ചു. സീസണിലെ ആദ്യ മത്സരത്തിനാണ് ബേസിൽ ഇന്നിറങ്ങുന്നത്.
പ്ലേഓഫ് ഉറപ്പിക്കാൻ ഒരു ജയം കൂടി മതിയാകും മുംബൈ ഇന്ത്യൻസിന്. കഴിഞ്ഞ മത്സരത്തിൽ കൊൽക്കത്തയോട് തോറ്റ അതേ ടീമിനെ നിലനിർത്തിയാണ് മുംബൈ സൺറൈസേഴ്സിനെതിരെ ഇറങ്ങുന്നത്. കഴിഞ്ഞ കളിയിൽ തോറ്റെങ്കിലും ടീമിൽ വിശ്വാസം അർപ്പിച്ച് വാർണറും ബെയർസ്റ്റോയുമില്ലാത്ത ഹൈദരാബാദിനെ തോൽപ്പിക്കാമെന്ന വിശ്വാസത്തിലാണ് മുംബൈ ഇറങ്ങുന്നത്.