ഈ സീസണിലെ ആദ്യ ജയം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ. കിംഗ്സ് ഇലവൻ പഞ്ചാബിനെ എട്ട് വിക്കറ്റിനാണ് ബാംഗ്ലൂർ തോല്‍പ്പിച്ചത്. തുടർച്ചയായ ആറ് തോല്‍വികൾക്ക് ശേഷമാണ് ബാംഗ്ലൂർ വിജയിക്കുന്നത്. നായകൻ വിരാട് കോലിയുടെയും ഡിവില്ലിയേഴ്സിന്‍യും അർധ സെഞ്ച്വറികളുടെ മികവിലാണ് ബാംഗ്ലൂർ ഈ സീസണിലെ ആദ്യ പോയിന്‍റ് സ്വന്തമാക്കിയത്.
കോലിപ്പടയ്ക്ക് സീസണിലെ ആദ്യ ജയം
പഞ്ചാബിനെ ബാംഗ്ലൂർ തോല്‍പ്പിച്ചത് എട്ട് വിക്കറ്റിന്. അർധ സെഞ്ച്വറി നേടി വിരാട് കോലിയും ഡിവില്ലിയേഴ്സും.
മൊഹാലിയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നാല് വിക്കറ്റ് നഷ്ടത്തില്‍ 173 റൺസെടുത്തു. 64 പന്തില്‍ നിന്ന് 99 റൺസ് നേടി പുറത്താകാതെ നിന്ന ക്രിസ് ഗെയ്ലാണ് പഞ്ചാബിനെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂർ നാല് പന്ത് ശേഷിക്കെ വിജയലക്ഷ്യം മറികടന്നു. രണ്ടാം വിക്കറ്റില്‍ 85 റൺസ് കൂട്ടിചേർത്ത കോലി - ഡിവില്ലിയേഴ്സ് സഖ്യമാണ് ബാംഗ്ലൂരിന്‍റെ വിജയത്തിന് കരുത്ത് നല്‍കിയത്. വിരാട് കോലി 53 പന്തില്‍ നിന്ന് 67 റൺസ് നേടിയാണ് പുറത്തായത്. പിന്നീട് വന്ന മാർക്കസ് സ്റ്റോയിനിസ് ഡിവില്ലിയേഴ്സിന്‍റെ ഒപ്പം കൂടി ബാംഗ്ലൂരിനെ വിജയത്തിലെത്തിച്ചു. ഡിവില്ലിയേഴ്സ് 38 പന്തില്‍ നിന്ന് 59 റൺസ് നേടി പുറത്താകാതെ നിന്നപ്പോൾ 16 പന്തില്‍ 28 റൺസുമായി സ്റ്റോയിനിസും മികച്ച പ്രകടനം പുറത്തെടുത്തു. പഞ്ചാബിന് വേണ്ടി മുഹമ്മദ് ഷമിയും അശ്വിനും ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.
ഏഴ് മത്സരങ്ങളില്‍ നിന്ന് രണ്ട് പോയിന്‍റ് സ്വന്തമാക്കിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ പോയിന്‍റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. എട്ട് മത്സരങ്ങളില്‍ നിന്ന് നാല് വീതം ജയവും തോല്‍വിയുമുള്ള കിംഗ്സ് ഇലവൻ പഞ്ചാബ് എട്ട് പോയിന്‍റുമായി അഞ്ചാം സ്ഥാനത്താണ്. പ്ലേഓഫില്‍ കടക്കാൻ ശേഷിക്കുന്ന എല്ലാ മത്സരങ്ങളിലും ബാംഗ്ലൂരിന് ജയിക്കണം.