കേരളം

kerala

ETV Bharat / sports

ഐപിഎല്ലിൽ കിങ്സ് ഇലവൻ ഇന്ന് ആർസിബിയെ നേരിടും

സീസണിൽ കളിച്ച ആറ് മത്സരങ്ങളിലും തോറ്റ ആർസിബി ആദ്യ ജയത്തിനായി ഇറങ്ങുമ്പോൾ കഴിഞ്ഞ മത്സരത്തിലെ തോൽവി മറികടക്കാനാകും കിങ്സ് ഇലവൻ ഇറങ്ങുക.

By

Published : Apr 13, 2019, 5:34 PM IST

ഐപിഎൽ

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ കിങ്സ് ഇലവൻ പഞ്ചാബ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. ഈ സീസണിൽ കളിച്ച ആറ് മത്സരത്തിലും തോറ്റ ബാംഗ്ലൂർ ആദ്യജയമാണ് ഇന്ന് ലക്ഷ്യമിടുന്നത്. എന്നാൽ കഴിഞ്ഞ കളിയിൽ മുംബൈ ഇന്ത്യൻസിനോട് പരാജയപ്പെട്ട പഞ്ചാബ് വിജയവഴിയിൽ തിരിച്ചെത്താനാകും ശ്രമിക്കുക.

സീസണിൽ മികച്ച ഫോമിലുള്ള കിങ്സ് ഇലവൻ സ്വന്തം തട്ടകത്തിൽ കളിക്കുന്നതിന്‍റെ ആത്മവിശ്വാസവുമായാണ് വിരാട് കോലിയുടെ ടീമിനെതിരെ ഇറങ്ങുക. ബാറ്റിംഗ് നിരയുടെ ഫോം പഞ്ചാബിന്‍റെ പ്രതീക്ഷകൾ ഉയർത്തുന്നു. ഓപ്പണിംഗിൽ ക്രിസ് ഗെയിലും കെഎൽ രാഹുലും നല്ല തുടക്കം നൽകുന്നുണ്ട്. ഏഴ് മത്സരത്തില്‍ നിന്ന് രാഹുൽ 317 റൺസും ആറ് മത്സരങ്ങളില്‍ നിന്ന് ഗെയിൽ 223 റൺസും നേടിയിട്ടുണ്ട്. മധ്യനിരയിൽ മായങ്ക് അഗർവാൾ, സർഫറാസ് ഖാൻ, ഡേവിഡ് മില്ലർ എന്നിവരും ഫോമിലാണ്. ബൗളിംഗ് വിഭാഗത്തിൽ ഒമ്പത് വിക്കറ്റുമായി മുഹമ്മദ് ഷമി പഞ്ചാബിന്‍റെ പേസ് നിരയെ നയിക്കുമ്പോള്‍ അങ്കിത് രജ്പുതും സാം കറാനും നായകൻ ആർ അശ്വിനും മികച്ച പിന്തുണ നല്‍കുന്നു.

മറുഭാഗത്ത് തുടര്‍തോല്‍വിയിൽ സമ്മര്‍ദ്ദത്തിലായ കോലിക്കും സംഘത്തിനും ഇന്ന് പഞ്ചാബിനെ തോൽപ്പിക്കേണ്ടത് നിലനില്‍പ്പിന്‍റെ പ്രശ്‌നമാണ്. എന്നാൽ നിലവിലെ കിങ്സ് ഇലവന്‍റെ ഫോമിൽ അവരുടെ തട്ടകത്തിൽ തോൽപ്പിക്കുക എന്നത് ആർസിബിക്ക് പ്രയാസകരമായിരിക്കും. പിഴവുകളെല്ലാം നികത്തി ആർസിബി ഫോമില്‍ തിരിച്ചെത്തുമെന്ന് എബി ഡിവില്ലിയേഴ്‌സ് മത്സരത്തിന് മുമ്പ് ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. ബൗളിംഗ് നിരയുടെ മോശം പ്രകടനവും ഫീൽഡിംഗ് പിഴവുകളുമാണ് ആർസിബിയുടെ തോൽവികൾക്ക് കാരണം. ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, നവദീപ് സൈനി, ടിം സൗത്തി എന്നിവരെല്ലാം കണക്കിന് തല്ലുമേടിച്ചു കൂട്ടുന്നു. ഓപ്പണിംഗില്‍ പാര്‍ഥിവ് പട്ടേലും, വിരാട് കോലിയും തരക്കേടില്ലാത്ത പ്രകടനം പുറത്തെടുക്കുന്നുണ്ടെങ്കിലും മധ്യനിരയിൽ റൺസ് കണ്ടെത്താൻ സാധിക്കാത്ത ബാറ്റ്സ്മാൻ ഇല്ലാത്തതും ബാംഗ്ലൂരിന് തിരിച്ചടിയാണ്.

ഐപിഎല്ലിൽ 22 തവണ ഇരുടീമും ഏറ്റുമുട്ടിയപ്പോള്‍ 12 തവണ ആർസിബിയും 10 തവണ കിങ്സ് ഇലവനും ജയിച്ചു. എന്നാല്‍ നിലവിലെ ഫോമില്‍ വിജയ സാധ്യത കൂടുതല്‍ പഞ്ചാബിനാണ്.

ABOUT THE AUTHOR

...view details