കേരളം

kerala

By

Published : Mar 26, 2019, 6:41 PM IST

ETV Bharat / sports

ഐപിഎല്ലിൽ ഇന്ന് ഡൽഹി-ചെന്നൈ പോരാട്ടം

ആദ്യ മത്സരത്തിൽ ജയിച്ച ഇരു ടീമും രണ്ടാം വിജയം തേടിയാണ് ഇന്ന് ഇറങ്ങുന്നത്. ഡല്‍ഹിയുടെ ഹോം ഗ്രൗണ്ടായ ഫിറോസ് ഷാ കോട്‌ലയിൽ രാത്രി എട്ട് മണിക്കാണ് മത്സരം.

ഡല്‍ഹി- ചെന്നൈ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് ഡല്‍ഹി കാപിറ്റല്‍സ് - ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. ആദ്യ മത്സരത്തിൽ ജയിച്ച ഇരുടീമും രണ്ടാം മത്സരത്തിലും ജയിച്ച് ഫോം നിലനിർത്താമെന്ന പ്രതീക്ഷയിലാണ്. ഡല്‍ഹിയുടെ ഹോം ഗ്രൗണ്ടായ ഫിറോസ് ഷാ കോട്‌ലയിൽ രാത്രി എട്ട് മണിക്കാണ് മത്സരം.

കരുത്തരായ മുംബൈ ഇന്ത്യൻസിനെ അവരുടെ തട്ടകത്തിൽ തകർത്ത ആത്മവിശ്വാസവുമായാണ് ഡൽഹി ചെന്നൈക്കെതിരെ ഇറങ്ങുന്നത്. യുവതാരങ്ങളാണ് ഡൽഹിയുടെ കരുത്ത്. കഴിഞ്ഞ മത്സരത്തിൽ മുംബൈ ബൗളർമാരെ കണക്കിന് പ്രഹരിച്ച റിഷഭ് പന്ത് തന്നെയാകും ഇന്നത്തെ ശ്രദ്ധാകേന്ദ്രം. 27 പന്തില്‍ പുറത്താവാതെ 78 റണ്‍സെടുത്ത പന്തിനെ ധോണി എങ്ങനെ നേരിടുമെന്നതും ഇന്നത്തെ മത്സരത്തില്‍ ഏവരും ഉറ്റുനോക്കുന്നതാണ്. നായകൻ ശ്രേയസ് അയ്യര്‍, പൃഥ്വി ഷാ, ശിഖര്‍ ധവാന്‍ എന്നിവരുൾപ്പെടുന്ന ഡൽഹി, മുംബൈക്കെതിരെ വാംഖഡേയില്‍ നേടിയത് 213 എന്ന കൂറ്റൻ സ്കോറാണ്. മുംബൈക്കെതിരെ എല്ലാ മേഖലയിലും മികച്ച പ്രകടനം കാഴ്ച്ചവച്ചടീം ഇന്നും മികവ് തുടരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

യുവനിരയുടെ ശക്തിയുമായാണ് ഡൽഹി ക്യാപിറ്റൽസ് ഇറങ്ങുന്നതെങ്കിൽ പരിചയസമ്പത്താണ് ചെന്നൈയുടെ കരുത്ത്. വിരാട് കോഹ്‌ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ വീഴ്ത്തിയ ചെന്നൈ സ്പിൻ തന്ത്രം തന്നെയാകും ഇന്ന് ഡല്‍ഹിക്കെതിരെയും പ്രയോഗിക്കുന്നത്. ഹര്‍ഭജന്‍ സിംഗ്, ഇമ്രാന്‍ താഹിര്‍, രവീന്ദ്ര ജഡേജ എന്നിവരാണ് ബൗളിംഗ് ശക്തി. ഷെയ്ന്‍ വാട്‌സണ്‍, സുരേഷ് റെയ്‌ന, അമ്പാട്ടി റായ്ഡു, ധോണി, ഡ്വെയ്ന്‍ ബ്രാവോ എന്നിവരുള്‍പ്പെട്ട ബാറ്റിംഗ് നിരയും ശക്തമാണ്.

ആദ്യ മത്സരത്തിൽ ജയിച്ച ഇരുടീമും ഇന്നത്തെ മത്സരത്തിൽ കാര്യമായ മാറ്റങ്ങളില്ലാതെയാകും ഇറങ്ങുക. ഫിറോസ് ഷാ കോട്‌ലയിലെ വേഗം കുറഞ്ഞ പിച്ചില്‍ ബൗളര്‍മാരുടെ മികവാകും ഇന്ന് നിര്‍ണായകമാവുക.

ABOUT THE AUTHOR

...view details