ന്യൂഡല്‍ഹി: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിനുള്ളിലെ സാഹചര്യങ്ങൾ ആരോഗ്യകരമല്ലെന്ന് പറഞ്ഞ ആന്ദ്രേ റസലിനെ വിമര്‍ശിച്ച് മുൻ നായകൻ ഗൗതം ഗംഭീർ. ടീമിനെതിരെ താരങ്ങൾ രംഗത്ത് വരുന്നത് വേദനിപ്പിക്കുന്നുവെന്നും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ഇങ്ങനെയൊരു അവസ്ഥ വന്നത് നിരാശാജനകമാണെന്നും ഗംഭീർ.
റസലിനെതിരെ ആഞ്ഞടിച്ച് ഗൗതം ഗംഭീർ - കൊല്‍ക്കത്ത
ടീമിനെതിരെ താരങ്ങൾ രംഗത്ത് വരുന്നത് വേദനിപ്പിക്കുന്നുവെന്ന് ഗംഭീർ
ഐപിഎല്ലില്‍ തുടർച്ചയായ പരാജയങ്ങൾ നേരിട്ടതിന് പിന്നാലെയാണ് നായകൻ ദിനേശ് കാർത്തിക്കിനെതിരെ ആന്ദ്രേ റസല്‍ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. ടീമിലെ അന്തരീക്ഷം സുഖകരമല്ലെന്നും ടീമിന്‍റെ തോല്‍വികളുടെ കാരണം തെറ്റായ ബൗളിംഗ് തീരുമാനങ്ങളാണെന്നുമാണ് റസല്‍ ആരോപിച്ചത്.
ടീമിനുള്ളില്‍ ആരോഗ്യകരമായ അവസ്ഥയല്ലെന്ന് താരങ്ങൾ തന്നെ പറയുന്നത് നല്ല കാര്യമല്ലെന്ന് ഗംഭീര്‍ പറഞ്ഞു. ഐപിഎല്ലിന്‍റെ ആദ്യ മൂന്ന് സീസണുകൾക്ക് ശേഷം ടീമിന് മികച്ച ഒരു പാരമ്പര്യം സൃഷ്ടിക്കുന്നതിനും നല്ലൊരു സംസ്കാരം കെട്ടിപ്പടുക്കുന്നതിനും ഞങ്ങൾ ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഏഴ് വർഷങ്ങളായി ഞങ്ങളുടെ ചോരയും ഹൃദയവും ആത്മാവും അതിന് വേണ്ടി നല്‍കി. ഇപ്പോൾ താരങ്ങൾ പരസ്യമായി ടീമിന്‍റെ സംസ്കാരത്തിനെതിരെ സംസാരിച്ച് രംഗത്തെത്തിയിരിക്കുന്നു. ഇത് ഏറെ നിരാശപ്പെടുത്തുന്നുവെന്നും ഗംഭീര്‍ പറഞ്ഞു.