ഇന്ത്യൻ പ്രീമിയർ ലീഗ് 2019 സീസണില്‍നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സിന് വിജയത്തുടക്കം. ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ തകർത്തത് ഏഴ് വിക്കറ്റിന്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ആരംഭിച്ച ബാംഗ്ലൂർ വെറും 70 റൺസിന് പുറത്തായി. മറുപടി ബാറ്റിങിനിറങ്ങിയ ചെന്നൈ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു.
സ്പിന്നർമാർ തകർത്തെറിഞ്ഞ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സിന്‍റെ ബാറ്റ്സ്മാൻമാർ തകർന്നടിയുന്ന കാഴ്ചയാണ് ഇന്ന് ചെന്നൈയില്‍ കാണാൻ കഴിഞ്ഞത്. ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ചെന്നൈക്ക് ഷെയ്ൻ വാട്സൺ, അമ്പാട്ടി റായുഡു, സുരേഷ് റെയ്ന എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. പത്ത് പന്തുകൾ നേരിട്ടെങ്കിലും വാട്സൺ റൺസൊന്നുമെടുക്കാതെ മടങ്ങി. റായുഡു 28 റൺസും റെയ്ന 19 റൺസുമെടുത്താണ് പുറത്തായത്. ഐപിഎല്ലില്‍ 5000 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്റ്സ്മാൻ എന്ന റെക്കോഡ് റെയ്ന സ്വന്തമാക്കി. ബാംഗ്ലൂരിന് വേണ്ടി ചാഹല്‍, മോയിൻ അലി, സിറാജ് എന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്തആർസിബിക്ക് നാലാം ഓവറില്‍ തന്നെ നായകൻ വിരാട് കോഹ്ലിയെ(6) നഷ്ടമായി. പിന്നീട് വന്ന ബാറ്റ്സ്മാൻമാർക്ക് വേണ്ടത്ര പ്രകടനം കാഴ്ചവെച്ചില്ല.29 റൺസെടുത്ത പാർഥീവ് പട്ടേല്‍ മാത്രമാണ് ബാംഗ്ലൂർ നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. കോഹ്ലി, മോയിൻ അലി, ഡിവില്ലിയേഴ്സ് എന്നിവരെ ഹർഭജൻ സിംഗ് പുറത്താക്കുമ്പോൾ ബാംഗ്ലൂർ 7.2 ഓവറില്‍ 38 റൺസ് എന്ന നിലയിലായിരുന്നു. മധ്യനിരയില്‍ ആർസിബി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഷിമ്രോൻ ഹെറ്റ്മയറെ(0) ധോണിയും റെയ്നയുംചേർന്ന് റണ്ണൗട്ടാക്കി. പിന്നീടിറങ്ങിയ ബാറ്റ്സ്മാൻമാർക്കൊന്നും രണ്ടക്കം കടക്കാനും കഴിഞ്ഞില്ല. ചെന്നൈക്ക് വേണ്ടി ഹർഭജൻ സിംഗ്, ഇമ്രാൻ താഹിർ എന്നിവർ മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. ബാംഗ്ലൂരിന്‍റെ നിർണായക വിക്കറ്റുകൾ വീഴ്ത്തി നടുവൊടിച്ച ഇന്ത്യൻ മുൻ താരം ഹർഭജൻ സിംഗാണ് കളിയിലെ താരം.
മാൻ ഓഫ് ദി മാച്ച് പുരസ്കാരവുമായി ഹർഭജൻ സിംഗ്
ജയത്തോടെ രണ്ട് പോയിന്‍റുമായി സിഎസ്കെ പോയിന്‍റ് പട്ടിക തുറന്നു. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മാർച്ച് 26നാണ് ധോണിപ്പടയുടെ അടുത്ത മത്സരം. അതേസമയം ആദ്യ മത്സരത്തിലെ പോരായ്മകൾ മറികടക്കാൻആർസിബി മാർച്ച് 28ന് മുംബൈ ഇന്ത്യൻസുമായി ഏറ്റുമുട്ടും.