ധാക്ക: അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് രാജകീയമാക്കി മുന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം നായകന്‍ ഷാക്കിബ് അല്‍ഹസന്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിനത്തില്‍ 7.2 ഓവറില്‍ എട്ട് റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തിയാണ് ഷാക്കിബിന്‍റെ തിരിച്ചുവരവ്. മത്സരത്തില്‍ ആതിഥേയരായ ബംഗ്ലാദേശ് 97 പന്ത് ശേഷിക്കെ ആറ് വിക്കറ്റിന് ജയിച്ചു. രണ്ട് മെയ്‌ഡിന്‍ ഓവര്‍ ഉള്‍പ്പെടെ 1.09 ഇക്കണോമിയിലാണ് ഷാക്കിബ് നാല് വിക്കറ്റ് വീഴ്ത്തിയത്.
നേരത്തെ ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശ് സന്ദര്‍ശകരെ 122 റണ്‍സിന് ചുരുട്ടികെട്ടി. 40 റണ്‍സെടുത്ത കെയില്‍ മെയറാണ് വിന്‍ഡീസിന്‍റെ ടോപ്പ് സ്‌കോറര്‍. ആന്ദ്രേ മക്കാര്‍ത്തി (17), നായകന്‍ ജാസണ്‍ മുഹമ്മദ് (17), റോമാന്‍ പവല്‍ (28) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ബാറ്റ്‌സ്‌മാന്‍മാര്‍. 32 ഓവര്‍ മാത്രമാണ് സന്ദര്‍ശകര്‍ക്ക് ബാറ്റ് ചെയ്യാന്‍ സാധിച്ചത്.
ഷാക്കിബിനെ കൂടാതെ റുബല്‍ ഹുസൈന്‍, മെന്‍ഡി ഹസന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ മുസ്‌തഫിസുര്‍ റഹ്‌മാന്‍ ഒരു വിക്കറ്റും സ്വന്തമാക്കി. മറുപടി ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശ് 44 റണ്‍സെടുത്ത് പുറത്തായ നായകന്‍ തമീം ഇഖ്‌ബാലിന്‍റെ നേതൃത്വത്തിലാണ് വിജയിച്ചത്. ഇഖ്‌ബാലിനെ കൂടാതെ ഓപ്പണര്‍ ലിറ്റണ്‍ ദാസ് (14), ഷാക്കിബ് അല്‍ ഹസന്‍ (19), മുഷ്‌ഫിക്കുര്‍ റഹീം (19) എന്നിവര്‍ രണ്ടക്കം കടന്നു. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ അടുത്ത മത്സരം ഈ മാസം 22 ഇതേ വേദിയില്‍ നടക്കും.
വാതുവെപ്പുകാര്‍ സമീപിച്ചത് ഐസിസിയെ അറിയിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുന്‍ ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന് വിലക്ക് നേരിടേണ്ടി വന്നത്. വിലക്കിനെ തുടര്‍ന്ന് ഒന്നര വര്‍ഷത്തോളമായി ഷാക്കിബ് ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ലോക ഒന്നാം നമ്പര്‍ ഓള്‍ റൗണ്ടറെന്ന നിലയില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു ഷാക്കിബിന് വിലക്ക് നേരിടേണ്ടി വന്നത്. വേതന വര്‍ദ്ധനവ് അടക്കം ആവശ്യപെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനെതിരെ ദേശീയ താരങ്ങളുടെ സമരത്തിന് നേതൃത്വം നല്‍കിയതും ഷാക്കിബായിരുന്നു.