ബ്രിസ്റ്റൽ:ഇന്ത്യ -ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്‌ക്ക് ബാറ്റിങ്ങ് തകർച്ച. ഇംഗ്ലണ്ട് ഉയർത്തിയ 396 റൺസ് എന്ന കൂറ്റൻ സ്കോർ പിന്തുടരുന്ന ഇന്ത്യൻ വനിതകൾ രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 187 റണ്‍സ് എന്ന നിലയിലാണ്.
ഇന്നിങ്സ് ഓപ്പണ്‍ ചെയ്‌ത സ്മൃതി മന്ദനയും ഷഫാലി വർമയും ചേർന്ന് ഇന്ത്യയ്‌ക്ക് മികച്ച തുടക്കമാണ് നൽകിയത്. 167 റണ്‍സ് എന്ന ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ടാണ് ഇരുവരും ചേർത്ത് കെട്ടിപ്പടുത്തത്. 1984ൽ ഗാർഗി ബാനെർജിയും സന്ത്യ അഗർവാളും ചേർന്ന് ഓസ്ട്രേലിയക്കെതിരെ മുംബൈയിൽ നേടിയ 153 റണ്‍സിന്‍റെ റെക്കോർഡ് ആണ് ഇരുവരും മറികടന്നത്.
Also Read:''സിറാജില്ല പകരം ഇഷാന്ത്'': ഇന്ത്യയുടെ അന്തിമ ഇലവനെ പ്രഖ്യാപിച്ചു
152 പന്തുകൾ നേരിട്ട് 96 റൺസ് നേടിയ ഷഫാലിയാണ് ആദ്യം പുറത്തായത്. ഒരു ഇന്ത്യൻ വനിതാ താരത്തിന്‍റെ അരങ്ങേറ്റ ടെസ്റ്റിലെ ഏറ്റവും ഉയർന്ന സ്കോറാണ് ഷഫാലി നേടിയത്. 155 പന്തുകൾ നേരിട്ട സ്മൃതി മന്ദന 78 റണ്‍സ് നേടി.
ഷഫാലി വർമയ്‌ക്ക് പിന്നാലെ ഇന്ത്യൻ നിര തകർന്നടിയുകയായിരുന്നു. ആദ്യ വിക്കറ്റ് കൂട്ടുകെട്ടിന് ശേഷം 16 റണ്‍സ് കൂട്ടിച്ചേർക്കുന്നതിനിടെ നാലു വിക്കറ്റുകളാണ് ഇന്ത്യ നഷ്ടപ്പെടുത്തിയത്. നായിക മിതാലി രാജിന് രണ്ട് റണ്‍സ് നേടാനെ സാധിച്ചുള്ളു.
രണ്ടാം ദിനം അവസാനിക്കുമ്പോൾ നാലു റണ്‍സുമായി ഹർമൻ പ്രീത് കൗറും റണ്‍സൊന്നും നേടാതെ ദീപ്തി ശർമയുമാണ് ഇന്ത്യയ്‌ക്ക് വേണ്ടി ക്രീസിൽ. ഇംഗ്ലണ്ടിന് വേണ്ടി ക്യാപ്റ്റൻ ഹെതർ നൈറ്റ് രണ്ട് വിക്കറ്റും സോഫിയ എക്ലസ്റ്റണ്‍, കെയ്‌റ്റ് ക്രോസ്, നാറ്റ് ഷിവർ എന്നിവർ ഓരോ വിക്കറ്റും നേടി.
Also Read: 'വിമര്‍ശനങ്ങളാണ് ഇവിടെയെത്തിച്ചത്; സ്വതസിദ്ധമായ ശൈലിയില്‍ കളിക്കും': രഹാനെ
നേരത്തെ അറു വിക്കറ്റിന് 269 റണ്‍സ് എന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് വേണ്ടി സോഫിയ ഡൻക്ലി പുറത്താകാതെ 74(127 ബോളിൽ) റണ്‍സ് നേടി. സോഫിയക്കൊപ്പം പത്താമതിറങ്ങി വെടിക്കെട്ട് ബാറ്റിങ്ങ് നടത്തിയ അനിയ ഷുബോസ്ലെയാണ്(33 ബോളിൽ 47) ഇംഗ്ലണ്ട് സ്കോർ 396ൽ എത്തിച്ചത്. അനിയ പുറത്തായതിന് പിന്നാലെ ടീം ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ഇന്ത്യയ്ക്കായി സ്നേഹ റാണ നാല് വിക്കറ്റും ദീപ്തി ശര്‍മ്മ മൂന്ന് വിക്കറ്റും വീഴ്ത്തി. ജുലന്‍ ഗോസ്വാമി പൂജ വസ്‌ത്രകർ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.