മുംബൈ: ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ഏക ടെസ്റ്റില്‍ ഇന്ത്യ ഡ്രൈവിങ് സീറ്റില്‍ (India Women vs Australia Women Test). മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന്‍റെ മൂന്നാം ദിനത്തില്‍ സ്‌റ്റംപെടുക്കുമ്പോള്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റ് ചെയ്യുന്ന ഓസ്‌ട്രേലിയ അഞ്ചിന് 233 റണ്‍സ് എന്ന നിലയിലാണ്. ആദ്യം ബാറ്റ് ചെയ്‌ത ഓസീസിന്‍റെ 219 റണ്‍സിന് മറുപടിക്ക് ഇറങ്ങിയ ഇന്ത്യ 406 റണ്‍സടിച്ചിരുന്നു.
ഇനി അഞ്ച് വിക്കറ്റ് മാത്രം ശേഷിക്കെ രണ്ടാം ഇന്നിങ്‌സില്‍ 46 റണ്‍സിന്‍റെ ലീഡ് മാത്രമാണ് സന്ദര്‍ശകര്‍ക്കുള്ളത്. അന്നാബെല്‍ സതര്‍ലന്‍ഡും (67 പന്തില്‍ 12), ആഷ്‌ലി ഗാര്‍ഡ്‌നറുമാണ് (23 പന്തില്‍ 7) പുറത്താവാതെ നില്‍ക്കുന്നത്. തഹ്‌ലിയ മക്ഗ്രാത്ത് (177 പന്തില്‍ 73), എലിസ് പെറി (91 പന്തില്‍ 45), അലീസ ഹീലി (101 പന്തില്‍ 32), ബെത്ത് മൂണി (37 പന്തില്‍ 33), ഫോബ് ലിച്ച്ഫീൽഡ് (44 പന്തില്‍ 18) എന്നിങ്ങനെയാണ് പുറത്തായ താരങ്ങള്‍ നേടിയത്. ഇന്ത്യയ്‌ക്കായി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (Harmanpreet Kaur), സ്‌നേഹ് റാണ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്‌ത്തി.
ഓപ്പണര്‍മാരായ ബെത്ത് മൂണിയും ഫോബ് ലിച്ച്ഫീൽഡും ആദ്യ വിക്കറ്റില്‍ 49 റണ്‍സാണ് ചേര്‍ത്തത്. മൂണിയെ റണ്ണൗട്ടാക്കിയ റിച്ച ഘോഷാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ ഫോബ് ലിച്ച്ഫീൽഡിനെ സ്‌നേഹ് റാണ ബൗള്‍ഡാക്കി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ എല്ലിസ് പെറിയും തഹ്‌ലിയ മക്ഗ്രാത്തും ചേര്‍ന്ന് 84 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി. പെറിയെ വീഴ്‌ത്തിയ സ്‌നേഹ് റാണ ഇന്ത്യയ്‌ക്ക് ബ്രേക്ക് ത്രൂ നല്‍കി.