ഹാമില്‍ട്ടണ്‍ : വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെ തകർത്ത് ഇന്ത്യ. 318 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിനെ 40.3 ഓവറില്‍ 162 റണ്‍സില്‍ എറിഞ്ഞിട്ടാണ് 155 റണ്‍സിന്‍റെ വമ്പന്‍ ജയം സ്വന്തമാക്കിയത്.
സ്‌കോര്‍: ഇന്ത്യ-317/8 (50), വിന്‍ഡീസ്-162/10 (40.3 Over).
ബാറ്റിംഗില്‍ സെഞ്ച്വറികളുമായി സ്‌മൃതി മന്ഥാനയും ഹര്‍മന്‍പ്രീത് കൗറും തിളങ്ങിയപ്പോള്‍ ബൗളിംഗില്‍ സ്‌നേഹ റാണ മൂന്നും മേഘ്‌ന സിംഗ് രണ്ടും വിക്കറ്റുകൾ വീഴ്‌ത്തി.
മറുപടി ബാറ്റിംഗില്‍ ശക്തമായ തുടക്കമാണ് വിന്‍ഡീസിന് ലഭിച്ചത്. ഓപ്പണർമാരായ ഡീന്‍ഡ്രാ ഡോട്ടിന്‍ - ഹെയ്‌ലി മാത്യൂസ് സഖ്യം 12.2 ഓവറില്‍ 100 റണ്‍സാണ് സ്‌കോർബോർഡിൽ ചേര്‍ത്തത്. 46 പന്തില്‍ 62 റണ്‍സുമായി മികച്ച ഫോമിലായിരുന്ന ഡോട്ടിനെയും 36 പന്തില്‍ 43 റണ്‍സെടുത്ത ഹെയ്‌ലിയേയും സ്‌നേഹ റാണ മടക്കിയത് ഇന്ത്യക്ക് നിര്‍ണായകമായി. 100-1 എന്ന നിലയില്‍ നിന്നാണ് 134-6 എന്ന നിലയിലേക്ക് വിന്‍ഡീസ് നിര തകർന്നടിഞ്ഞത്.
മികച്ച തുടക്കം നൽകിയ ഓപ്പണർമാർക്ക് പിന്തുണയേകാൻ പിന്നീട് വന്ന ആർക്കും തന്നെ കഴിയാതിരുന്നത് വിന്‍ഡീസിന്‍റെ തോൽവിഭാരം കനത്തതാക്കി. ഓപ്പണർമാർക്ക് പുറമെ 11 റൺസ് നേടിയ വിക്കറ്റ് കീപ്പര്‍ ഷെമാനീ കാംപെല്ലെയും 19 റൺസോടെ ചെഡീന്‍ നേഷനും മാത്രമാണ് വിന്‍ഡീസ് നിരയിൽ രണ്ടക്കം കടന്നത്.
ALSO RAED:'പുതിയ നിറം, പുതിയ രൂപം': ഐപിഎല്ലില്‍ പുതിയ ജേഴ്‌സിയുമായി ഡൽഹി ക്യാപ്പിറ്റൽസ്
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണർമാരായ സ്‌മൃതി മന്ഥാനയും യാസ്‌തിക ഭാട്യയും ചേർന്ന് ആദ്യ ആറോവറിൽ 49 റണ്‍സ് അടിച്ചെടുത്തു. പിന്നാലെ ഭാട്യയുടെ(31) വിക്കറ്റ് ഇന്ത്യക്ക് നഷ്‌ടമായി. തുടർന്ന് ക്രീസിലെത്തിയ ക്യാപ്‌റ്റൻ മിതാലി രാജ് അഞ്ച് റണ്‍സുമായി വളരെ വേഗം കൂടാരം കയറി.
പിന്നാലെയെത്തിയ ദീപ്‌തി ശർമയും (15) മടങ്ങിയതോടെ ഇന്ത്യ 78-3 മൂന്ന് എന്ന നിലയിലേക്ക് വീണു. എന്നാൽ പിന്നീടൊന്നിച്ച മന്ദാന- ഹർമൻപ്രീത് സഖ്യം ഇന്ത്യക്ക് 184 റണ്‍സിന്‍റെ പടുകൂറ്റൻ കൂട്ടുകെട്ട് സമ്മാനിച്ചു. 42-ാം ഓവറിലാണ് മന്ഥാന പുറത്തായത്. പിന്നാലെ ഹർമൻപ്രീത് സെഞ്ച്വറി തികച്ചു.