ലണ്ടന്‍:ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് നാളെയാണ് (ജൂണ്‍ 7) ഓവല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ തുടക്കമാകുന്നത്. ടൂര്‍ണമെന്‍റില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം ഫൈനലാണിത്. യുകെയില്‍ ഇംഗ്ലണ്ടിനെതിരെ ഉള്‍പ്പടെ മികച്ച പ്രകടനം നടത്തിയാണ് രോഹിതും സംഘവും കലാശപ്പോരിനൊരുങ്ങുന്നത്.
ഇപ്രാവശ്യം പോയിന്‍റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായിട്ടാണ് ഫൈനലിന് യോഗ്യത നേടിയത്. കഴിഞ്ഞ തവണ കയ്യെത്തും ദൂരത്ത് നഷ്‌ടപ്പെട്ട ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഇക്കുറി സ്വന്തമാക്കാനാകുമെന്നാണ് ഇന്ത്യന്‍ ടീമിന്‍റെ പ്രതീക്ഷ. താരങ്ങളുടെ ഫോമും ടീമിലെ നിലവിലെ സാഹചര്യങ്ങളും കലാശപ്പോരാട്ടത്തിന് മുന്‍പ് മത്സരം നടക്കുന്ന ഓവലിലെ ചില റെക്കോഡുകള്‍ ഇന്ത്യന്‍ ടീമിനും ആരാധകര്‍ക്കും ആശങ്കയാണ് സമ്മാനിക്കുന്നത്.
ഓവലില്‍ ക്ലച്ചുപിടിക്കാത്ത ഇന്ത്യന്‍ മധ്യനിര:ചേതേശ്വര്‍ പുജാര, വിരാട് കോലി, അജിങ്ക്യ രഹാനെ ഇവര്‍ മുവരുമാണ് ഇന്ത്യന്‍ ടീമിന്‍റെ മധ്യനിരയിലെ പ്രധാനികള്‍. ഇന്ത്യക്കായി പല മത്സരങ്ങളിലും നിര്‍ണായക പ്രകടനങ്ങള്‍ നടത്താന്‍ ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍, ഇംഗ്ലണ്ടിലെ ഓവല്‍ ക്രിക്കറ്റ് സ്റ്റേഡിയം ഇവര്‍ മൂവര്‍ക്കും സമ്മാനിക്കുന്ന ഓര്‍മകള്‍ അത്ര മധുരമുള്ളതല്ല.
ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി മൂന്ന് മത്സരങ്ങളിലാണ് നേരത്തെ ഓവല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ കളിക്കാന്‍ ഇറങ്ങിയത്. ഈ കളികളില്‍ നിന്നും 28.16 ശരാശരിയില്‍ 169 റണ്‍സ് മാത്രമാണ് വിരാട് നേടിയിട്ടുള്ളത്. ഒരു അര്‍ധസെഞ്ച്വറി നേടിയത് മാറ്റിനിര്‍ത്തിയാല്‍ മറ്റ് മികച്ച പ്രകടനങ്ങളൊന്നും ഓവല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ കാഴ്‌ചവെക്കാന്‍ വിരാട് കോലിക്കായിട്ടില്ല.
പലപ്പോഴും ഇന്ത്യയുടെ രക്ഷകനായെത്തുന്ന ചേതേശ്വര്‍ പുജാരയുടെ കാര്യവും ഏറെക്കുറെ സമാനമാണ്. മൂന്ന് മത്സരങ്ങളില്‍ നിന്നും 19.50 ശരാശരിയില്‍ 119 റണ്‍സാണ് ഓവലില്‍ നിന്നും പുജാരയ്‌ക്ക് നേടാനായിട്ടുള്ളത്. ആറ് ഇന്നിങ്‌സില്‍ നിന്നും ഒരു അര്‍ധസെഞ്ച്വറി മാത്രമാണ് താരത്തിന്‍റെ അക്കൗണ്ടിലുള്ളത്.
ഐപിഎല്ലിലേയും ആഭ്യന്തര ക്രിക്കറ്റിലേയും തകര്‍പ്പന്‍ പ്രകടനത്തോടെ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയ അജിങ്ക്യ രഹാനെയുടെ ഓവലിലെ പ്രകടനം പരിതാപകരമാണ്. ഇവിടെ ഇതിന് മുന്‍പ് കളിച്ച മൂന്ന് ടെസ്റ്റ് മത്സരങ്ങളിലെ ആറ് ഇന്നിങ്‌സില്‍ നിന്നും 55 റണ്‍സാണ് താരത്തിന് നേടാനായത്. 9.17 മാത്രമാണ് താരത്തിന്‍റെ ബാറ്റിങ് ആവറേജ്.
സ്റ്റീവ് സ്‌മിത്തും ഓവല്‍ ക്രിക്കറ്റ് സ്റ്റേഡിയവും:ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് വെല്ലുവിളിയാകാന്‍ സാധ്യതയുള്ള ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ബാറ്റര്‍ സ്റ്റീവ് സ്‌മിത്തിന് തകര്‍പ്പന്‍ റെക്കോഡാണ് ലണ്ടനിലെ ഓവല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലുള്ളത്. ആകെ മൂന്ന് ടെസ്റ്റ് മത്സരങ്ങളില്‍ മാത്രമാണ് സ്‌മിത്തും ഇവിടെ കളിച്ചിട്ടുള്ളത്. ഈ കളികളില്‍ നിന്നും 97.75 ശരാശരിയില്‍ 391 റണ്‍സാണ് സ്‌മിത്ത് അടിച്ചെടുത്തിട്ടുള്ളത്. രണ്ട് സെഞ്ച്വറികളും ഒരു അര്‍ധസെഞ്ച്വറിയും നേടാനും സ്‌മിത്തിനായിട്ടുണ്ട്.
ടെസ്റ്റില്‍ ഇന്ത്യക്കെതിരെയും സ്‌മിത്തിന് മികച്ച റെക്കോഡാണുള്ളത്. ഇന്ത്യക്കെതിരെ 28 ഇന്നിങ്‌സില്‍ നിന്നും 72.58 ബാറ്റിങ് ശരാശരിയില്‍ 1742 റണ്‍സാണ് സ്‌മിത്ത് നേടിയിട്ടുള്ളത്. എട്ട് സെഞ്ച്വറികളും താരം സ്വന്തമാക്കിയിട്ടുണ്ട്.
Also Read:WTC Final | കോലിയും രോഹിതും പുജാരയുമല്ല, വെല്ലുവിളി ഷമിയും സിറാജും; സ്റ്റീവ് സ്‌മിത്തിന്‍റെ തുറന്നുപറച്ചില്‍