ഹൈദരാബാദ്:ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലും ഒന്നാം നമ്പര്‍ ടീമായാണ് ഇന്ത്യ (Indian Cricket team) 2023 വര്‍ഷം പൂര്‍ത്തിയാക്കിയത്. ഉഭയകക്ഷി പരമ്പരകളില്‍ ആധിപത്യം പുലർത്തിയ ടീം 2023-ലെ ഏഷ്യ കപ്പ് നേടുകയും ചെയ്തിരുന്നു. എന്നാല്‍ വീണ്ടുമൊരു ഐസിസി കിരീടത്തിനായുള്ള കാത്തിരിപ്പ് നീണ്ടു.
സ്വന്തം മണ്ണില്‍ അരങ്ങേറിയ ഏകദിന ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയെങ്കിലും കലാശപ്പോരില്‍ ടീമിന് കാലിടറുകയായിരുന്നു. വെറ്ററന്‍ താരങ്ങളായ വിരാട് കോലിയും (Virat Kohli) ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (Rohit Sharm) ഏറെ തിളങ്ങിയ വര്‍ഷമായിരുന്നു കടന്ന് പോയത്. 36-കാരനായ രോഹിത്തിനും 35-കാരനായ കോലിയ്‌ക്കും ഏറെ നിര്‍ണായകമായ വര്‍ഷമാണിത്. ഇരുവര്‍ക്കുമൊപ്പം ഇന്ത്യന്‍ ടീമിനെ ഈ വര്‍ഷത്തില്‍ കാത്തിരിക്കുന്ന പ്രധാന മത്സരങ്ങള്‍ അറിയാം....
ഇംഗ്ലണ്ടിനെതിരെ വമ്പന്‍ പരമ്പര:ജനുവരി അവസാനത്തിലാണ് ഇംഗ്ലണ്ട് ഇന്ത്യയിലേക്ക് എത്തുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇരു ടീമുകളും കളിക്കുന്നത്. ഫയര്‍ബ്രാന്‍ഡായ ബാസ്‌ബോള്‍ ശൈലിയിലേക്ക് മാറിയ ശേഷം ഇതാദ്യമായാണ് ഇംഗ്ലീഷ് ടീം രോഹിത് ശര്‍മയുടെ സംഘത്തിന് എതിരെ ഇറങ്ങുന്നത്.
ഇന്ത്യന്‍ സ്‌പിന്നര്‍മാര്‍ക്ക് എതിരെ ബാസ്‌ബോള്‍ കളിക്കുന്നത് ഇംഗ്ലണ്ടിന് തിരിച്ചടിയാവുമെന്നാണ് പൊതുവെ വിലയിരുത്തലുള്ളത്. ഇതോടെ ഇന്ത്യന്‍ മണ്ണില്‍ ബെന്‍സ്റ്റോക്‌സിന്‍റെ ടീം തങ്ങളുടെ ശൈലിയില്‍ മാറ്റം വരുത്താന്‍ തയ്യാറാവുമോയെന്ന് കാത്തിരുന്ന് തന്നെ കാണേണ്ടിവരും. കഴിഞ്ഞ ഒന്നര വർഷത്തിനിടെ ഭൂരിഭാഗം ടെസ്റ്റ് മത്സരങ്ങളിലും ആധിപത്യം പുലർത്തിയ ഇംഗ്ലണ്ടിനെ സംബന്ധിച്ചും പരമ്പര നിര്‍ണായകമാണ്.