ഡബ്ലിൻ: അവസാന പന്ത് വരെ ജയപരാജയം മാറിമറിഞ്ഞ മത്സരത്തിൽ അയർലൻഡിനെതിരെ ഇന്ത്യയ്‌ക്ക് നാല് റൺസ് വിജയം. ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യത്തിന് മുന്നിൽ ചെറിയ സ്‌കോറിന് പുറത്താകുമെന്ന് കണക്ക് കൂട്ടിയവരെ ഞെട്ടിച്ച് കൊണ്ടാണ് അയർലൻഡ് കീഴടങ്ങിയത്. ഇന്ത്യയുടെ 226 റൺസ് പിന്തുടർന്ന ഐറിഷ് പടയുടെ പോരാട്ടം നിശ്ചിത ഓവറിൽ അഞ്ചുവിക്കറ്റ് നഷ്‌ടത്തിൽ 221റൺസിൽ അവസാനിക്കുകയായിരുന്നു. ഈ വിജയത്തോടെ ഇന്ത്യ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കി.
37 പന്തുകളിൽ നിന്ന് 60 റൺസെടുത്ത നായകൻ ആൻഡ്രൂ ബാൽബിർനിയും 18 പന്തുകളിൽ നിന്ന് 40 റൺസെടുത്ത ഓപ്പണർ സ്റ്റിർലിങ്ങും അയർലൻഡിനുവേണ്ടി തിളങ്ങി. ഹാരി ടെക്‌ടർ (39), പുറത്താകാതെ 34 റൺസ് നേടിയ ജോർജ് ഡോക്‌റൽ , 23 റൺസുമായി മാർക്ക് അഡൈർ എന്നിവരും തിളങ്ങി.
വമ്പൻ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അയർലൻഡിന് മിന്നുന്ന തുടക്കമാണ് ലഭിച്ചത്. പോൾ സ്റ്റിർലിങ്ങും ആൻഡ്രു ബാൽബിറിനിയും ആഞ്ഞടിച്ചപ്പോൾ ഇന്ത്യൻ ബൗളർമാർ കണക്കിന് തല്ലുവാങ്ങി. ആദ്യ അഞ്ച് ഓവറിൽ വിക്കറ്റ് നഷ്‌ടമില്ലാതെ 72 റൺസെടുത്തു. നാലോവർ പന്തെറിഞ്ഞ എല്ലാ ബൗളർമാരും 40 റൺസിന് മുകളിൽ റൺസ് വഴങ്ങി. 40 സ്റ്റിർലിങിന് ബിഷ്‌ണോയ്‌ക്ക് മുന്നിൽ പിഴച്ചതോടെയാണ് ഇന്ത്യ ആശ്വസിച്ചത്. പിന്നീടെത്തിയ ഹാരി ഹെക്‌ടറുമായി ചേർന്ന് ബാൽബിർനി റൺസ് കൂട്ടിച്ചേർത്തു. 60 റൺസെടുത്ത ബാൽബിർനിയെ ഹർഷലാണ് മടക്കിയത്.