ഡബ്ലിൻ: അയർലൻഡിനെതിരായ ഒന്നാം ട്വന്‍റി 20 മത്സരത്തിൽ ഇന്ത്യയ്‌ക്ക് തകർപ്പൻ വിജയം. മഴമൂലം 12 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിനാണ് ആതിഥേയരായ അയർലൻഡിനെ കീഴടക്കിയത്. ടോസ് നഷ്‌ടമായി ആദ്യം ബാറ്റ് ചെയ്‌ത അയർലൻഡിന്‍റെ 109 റൺസ് വിജയലക്ഷ്യം ഇന്ത്യ 9.2 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ ഇന്ത്യ മറികടന്നു.
സ്കോർ: അയർലൻഡ്– 12 ഓവറിൽ 4-108. ഇന്ത്യ 9.2 ഓവറിൽ 3-111. 47 റൺസെടുത്ത് പുറത്താവാതെ നിന്ന ദീപക് ഹൂഡയുടെ ബാറ്റിങ് മികവിലാണ് ഇന്ത്യ സ്‌കോർ പിന്തുടർന്ന് ജയിച്ചത്. 12 പന്തിൽ 24 റൺസുമായി ക്യാപ്‌റ്റൻ ഹാർദിക് പാണ്ഡ്യ, 12 പന്തിൽ 24 റൺസ് നേടിയ ഓപ്പണർ ഇഷാൻ കിഷൻ എന്നിവരുടെ പ്രകടനവും വിജയത്തിൽ നിർണായകമായി.
3 ഓവറിൽ 11 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത യുസ്‌വേന്ദ്ര ചെഹലാണ് പ്ലെയർ ഓഫ് ദ് മാച്ച്. വെറ്ററൻ പേസർ ഭുവനേശ്വർ കുമാറും മികച്ച പ്രകടനം പുറത്തെടുത്തു. ടോസ് നഷ്‌ടമായി ബാറ്റിങ്ങിനിറങ്ങിയ അയർലൻഡിന് ഭുവനേശ്വർ കുമാറിന്‍റ ആദ്യ ഓവറിൽ തന്നെ നായകൻ ആൻഡ്ര്യൂ ബാൽബിർണിയെ നഷ്‌ടമായി.
പിന്നാലെ നാല് റൺസെടുത്ത സഹഓപ്പണർ പോൾ സ്റ്റെർലിങ്ങിനെ ഹാർദികും മടക്കി. ടീം സ്കോർ 22 എത്തിയപ്പോൾ എട്ട് റൺസെടുത്ത ഗരത് ഡിലാനിയെ യുവ പേസർ ആവേശ് ഖാൻ വിക്കറ്റ് കീപ്പർ കാർത്തിക്കിന്‍റെ കയ്യിൽ എത്തിച്ചു.
എന്നാൽ ഒരറ്റത്ത് വിക്കറ്റുകൾ വീണപ്പോഴും മറുവശത്ത് കരുതലോടെ ബാറ്റ് വീശിയ ഹാരി ടെക്‌ടറിന്‍റെ ഒറ്റയാൾ പ്രകടനമാണ് ഐറിഷ് പടയ്‌ക്ക് മാന്യമായ സ്‌കോർ സമ്മാനിച്ചത്. 33 പന്തുകളിൽ നിന്ന് ആറ് ഫോറിന്റെയും മൂന്ന് സിക്‌സുകളുടെയും അകമ്പടിയോടെ 64 റൺസെടുത്ത ടെക്‌ടറാണ് ആതിഥേയരെ നൂറു കടത്തിയത്.
109 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് 30 റൺസിനിടെ രണ്ട് വിക്കറ്റ് നഷ്‌ടമായി. എന്നാൽ തകർത്തടിച്ച ഹൂഡയും ഹാർദിക് പാണ്ഡ്യയും ഇഷാൻ കിഷനും ടീമിന് അതിവേഗവിജയം നൽകി. അയർലൻഡിനായി ക്രെയ്‌ഗ് യങ് രണ്ട് വിക്കറ്റെടുത്തു.
പേസ് ബോളർ ഉമ്രാൻ മാലിക്കിന് ഇന്ത്യ അരങ്ങേറ്റ അവസരം നൽകിയപ്പോൾ മലയാളി താരം സഞ്ജു സാംസൺ പ്ലേയിങ് ഇലവനിൽ ഇടം പിടിച്ചില്ല. ഈ വിജയത്തോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിലെത്തി. നായകനായി സ്ഥാനമേറ്റ ആദ്യ മത്സരത്തിൽ തന്നെ ടീമിനെ വിജയത്തിലെത്തിക്കാൻ ഹാർദിക് പാണ്ഡ്യയ്ക്ക് സാധിച്ചു. പരമ്പരയിലെ അടുത്ത മത്സരം ജൂൺ 28 ന് നടക്കും.